Saturday December 10, 2016
Latest Updates

വൃത്തിഹീനമായ മരുന്ന് ട്രോളികള്‍ ,കൈകഴുകാത്ത നേഴ്‌സുമാര്‍ ,പരാതിക്കെട്ടുമായി ഹിക്വ

വൃത്തിഹീനമായ മരുന്ന് ട്രോളികള്‍ ,കൈകഴുകാത്ത നേഴ്‌സുമാര്‍ ,പരാതിക്കെട്ടുമായി ഹിക്വ

ഡബ്ലിന്‍ :അയര്‍ലണ്ടിലെ 13 ആശുപത്രികളിലെ പരിസര ശുചിത്വമില്ലായ്മ രോഗികളെ കൂടുതല്‍ അപകടാവസ്ഥയിലേക്കെത്തിച്ചിരക്കുന്നുവെന്ന മുന്നറിയിപ്പുമായി ഹിക്വ രംഗത്തെത്തി.

അറിയിക്കാതെയും അറിയിച്ചുകൊണ്ടും ഹിക്വ ഇന്‍സ്‌പെക്ടര്‍മാര്‍ കഴിഞ്ഞ 14 മാസക്കാലത്തോളം 49 ആശുപത്രികളില്‍ നടത്തിയ സന്ദര്‍ശനവും പരിശോധനയുമാണ് 13 ആശുപത്രികളിലെ വൃത്തിഹീനമായ അവസ്ഥ പുറത്തു വരാന്‍ കാരണമായത്.

പരിസരം വൃത്തിയായി സൂക്ഷിക്കുന്നതും കൈകള്‍ കഴുകുന്നതും രോഗികള്‍ക്ക് ഇന്‍ഫെക്ഷനിലൂടെ വരുന്ന രോഗങ്ങള്‍ തടയുന്നതുമായി വൃത്തിയുമായി ബന്ധപ്പെട്ട പല മേഖലകളും അന്വേഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കുകയും ചെയ്തിരുന്നു.

മികച്ച രീതിയിലുള്ള ശുചിത്വമല്ല മരുന്നു കൊണ്ടുപോകുന്ന ട്രോളികളില്‍ പോലും പാലിക്കപ്പെടുന്നതെന്നും രോഗികളെ ശരിയായ രീതിയിലല്ല പാര്‍പ്പിച്ചിരിക്കുന്നതെന്നും പല ആശുപത്രികളിലും നടത്തിയ പരിശോധനയില്‍ ഹിക്വ മനസിലാക്കുകയും ചെയ്തു.

ആശുപത്രിയിലെ മുക്കിലും മൂലയിലും സ്ഥാപിച്ചിരിക്കുന്ന വസ്തുക്കളുടെ ശുചിത്വം മുതല്‍ രോഗികളെ ചികിത്സിക്കുന്ന സ്റ്റാഫുകളുടെ ശുചിത്വം വരെ ഹിക്വ പരിശോധിച്ചു.

സ്ലൈഗോ ജനറല്‍, സെന്റ് ജെയിംസ്, കെറി ജനറല്‍, വാട്ടര്‍ഫോര്‍ഡ്, ബ്യൂമൗണ്ട്, ലിമറിക് റീജിയണല്‍, സൗത്ത് ടിപ്പററി, വെക്‌സ്‌ഫോര്‍ഡ്, ലിറ്റര്‍കെന്നി, കൊണോലി, കോര്‍ക്ക് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, നാസ്, മൊനാഗന്‍ തുടങ്ങിയ ആശുപത്രികളാണ് രോഗികളെ അപകടാവസ്ഥയിലെത്തിക്കുന്ന തരം മലിനാവസ്ഥയില്‍ ഉള്ളത്.

ബ്യൂമൗണ്ട്, ലിറ്റര്‍കെന്നി, ലിമറിക് റീജിയണല്‍, ക്രംലിന്‍, പോര്‍ട്യുന്‍കുല, സ്ലൈഗോ ജനറല്‍, സൗത്ത് ടിപ്പററി ഹോസ്പിറ്റല്‍ എന്നീ ഏഴോളം ആശുപത്രികളില്‍ ഹിക്വ രണ്ട് തവണയാണ് അന്വേഷണം നടത്തിയത്.

1500റോളം സാഹചര്യങ്ങള്‍ ലഭിച്ചതില്‍ പല സ്റ്റാഫുകളും 1035ഓളം എണ്ണത്തില്‍ മാത്രമാണ് അവരുടെ കൈകള്‍ കഴുകി വൃത്തിയാക്കാന്‍ നിന്നിട്ടുള്ളൂവെന്നും പരിശോധനയില്‍ തെളിഞ്ഞു. അതും 820 സ്റ്റാഫുകള്‍ മാത്രമാണ് മുഴുവനായും വൃത്തിയോടെ ചെയ്തിട്ടുള്ളൂവെന്നും ഹിക്വ മനസിലാക്കി.

അയര്‍ലണ്ടിലെ 50തോളം അക്യൂട്ട് ആശുപത്രികളില്‍ 49 എണ്ണത്തിലായി 54ലോളം പരിശോധനകളാണ് ഹിക്വ 2012 നവംബര്‍ മുതല്‍ 2013 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ നടത്തിയത്.

അതില്‍ 10ത്തോളം പരിശോധനകള്‍ മാത്രമാണ് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ചെയ്തിട്ടുള്ളത്. ബാക്കി 44എണ്ണവും യാതൊരു അറിയിപ്പും നല്‍കാതെയുള്ള പരിശോധനകളായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി ഏഴോളം ആശുപത്രികള്‍ രണ്ട് തവണയാണ് ഹിക്വ സന്ദര്‍ശിച്ചത്. മുന്നറിയിപ്പു നല്‍കി പോയ പത്ത് ആശുപത്രികളില്‍പ്പോലും ശുചിത്വമില്ലായ്മ ശ്രദ്ധയില്‍പ്പെട്ടതായി ഹിക്വ അറിയിക്കുന്നുണ്ട്.

അറിയിച്ചും അറിയിക്കാതെയും പരിശോധന നടത്തിയ മുഴുവന്‍ ആശുപത്രികളിലും പൂര്‍ണ്ണമായ ശുചിത്വമൊന്നും കാണാന്‍ സാധിച്ചിട്ടില്ലെന്ന് ഹിക്വ റഗുലേഷന്‍ ഡയറക്ടര്‍ ഫെലിം ക്വിന്‍ പറഞ്ഞു.

എല്ലാ പൂര്‍ണ്ണതയോടും കൂടിയ ഒറ്റ ആശുപത്രി പോലും വ്യക്തിപരമായ അന്വേഷണത്തിലും കണ്ടെത്താന്‍ സാധിച്ചില്ലെന്നും ഫെലിം കൂട്ടിച്ചേര്‍ത്തു.

രണ്ടാമത് അന്വേഷണം നടത്തിയ പല ആശുപത്രികളിലും കൂടുതല്‍ ശുചിത്വാവസ്ഥ കാണാന്‍ സാധിച്ചിരുന്നതായും ഫെലിം ക്വിന്‍ കൂട്ടിച്ചേര്‍ത്തു.

ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികളും പല ആശുപത്രികളിലും പരിശോധനയുടെ ഭാഗമായി ഉണ്ടായിട്ടുണ്ടെന്നും ഫെലിം ക്വിന്‍ പറയുന്നു.

Scroll To Top