Saturday December 03, 2016
Latest Updates

വീണ്ടും ഡല്‍ഹി ഭരണം പിടിക്കാന്‍ എഎപി; ഇത്തവണ പാര്‍ട്ടി ഇ റിക്ഷ തൊഴിലാളികള്‍ക്കൊപ്പം

വീണ്ടും ഡല്‍ഹി ഭരണം പിടിക്കാന്‍ എഎപി; ഇത്തവണ പാര്‍ട്ടി ഇ റിക്ഷ തൊഴിലാളികള്‍ക്കൊപ്പം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരിക്കല്‍ നഷ്ടപ്പെട്ട ഭരണം തിരിച്ച് പിടിക്കാന്‍ ആം ആദ്മി പാര്‍ട്ടി ശ്രമം ആരംഭിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ പിന്തുണച്ച സാധാരണക്കാരുടെ പിന്തുണ തന്നെയാണ് പാര്‍ട്ടി ഇത്തവണയും പ്രതീക്ഷിക്കുന്നത്. ഇതിനായി ആം ആദ്മി പാര്‍ട്ടി സാധാരണക്കാരുടെയിടയില്‍ പ്രവര്‍ത്തനം തുടങ്ങി. ഡല്‍ഹിയില്‍ ഉടന്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തിയെക്കുമെന്നാണ് റിപ്പോര്‍ട്ട്.

വീണ്ടും തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുന്നതിന്റെ മുന്നോടിയായി ആം ആദ്മി പാര്‍ട്ടി ഇ റിക്ഷ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഓട്ടോ തൊഴിലാളികള്‍ പാര്‍ട്ടിക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ഓട്ടോക്കാര്‍ കൈവിട്ട അവസ്ഥയിലാണ്. ഇത്തവണ ബാറ്ററി റിക്ഷ തൊഴിലാളികളുടെ പ്രശ്‌നങ്ങളാണ് പാര്‍ട്ടി ഏറ്റെടുത്തത്. രണ്ടര ലക്ഷത്തോളം ബാറ്ററി റിക്ഷ തൊഴിലാളികളാണ് ഡല്‍ഹിയില്‍ ഉള്ളത്. എന്നാല്‍ കഴിഞ്ഞയിടെ ഡല്‍ഹിയില്‍ ബാറ്ററി റിക്ഷകള്‍ നിയമ വിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു.

ലെഫ്.ഗവര്‍ണറാണ് ഇ റിക്ഷകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. ഇതിനെതിരെ ആം ആദ്മി പാര്‍ട്ടി ലെഫ്. ഗവര്‍ണറുടെ വസതിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇ റിക്ഷ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നത് വീണ്ടും അധികാരത്തില്‍ വരാന്‍ തങ്ങളെ സഹായിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കണക്കുകൂട്ടുന്നു. ഡല്‍ഹിയിലെ വൈദ്യുതി പ്രശ്‌നം ആം ആദ്മി പാര്‍ട്ടി വീണ്ടും ഏറ്റെടുത്തതും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ്.

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം തിടുക്കത്തില്‍ രാജി വച്ചത് തെറ്റായിപ്പോയെന്ന് ആം ആദ്മി പാര്‍ട്ടിയില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. ഇനി ഭരണം കിട്ടിയാല്‍ ഇത്തരം വൈകാരിക തീരുമാനത്തിലൂടെ ഭരണം കളഞ്ഞുകുളിക്കില്ലെന്ന വാഗ്ദാനമാണ് ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇനി തിടുക്കത്തില്‍ രാജി വയ്ക്കില്ലെന്ന് ഇന്നലെയും കേജ്രിവാള്‍ വാഗ്ദാനം ചെയ്തിരുന്നു.

Scroll To Top