Sunday December 11, 2016
Latest Updates

വീട് വാങ്ങും മുന്‍പ് ആലോചിക്കേണ്ട കാര്യങ്ങള്‍:നമ്പര്‍ ഒന്ന് :ഏജന്റിനെ വിശ്വസിക്കരുത് …!(വീട് വേണോ വീട് …പരമ്പര ഭാഗം 3 )

വീട് വാങ്ങും മുന്‍പ് ആലോചിക്കേണ്ട കാര്യങ്ങള്‍:നമ്പര്‍ ഒന്ന് :ഏജന്റിനെ വിശ്വസിക്കരുത് …!(വീട് വേണോ വീട് …പരമ്പര ഭാഗം 3 )

അയര്‍ലണ്ടില്‍ വീട് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?ഒട്ടേറെ മലയാളികള്‍ക്കുള്ള ഒരു സംശയമാണ്. അയര്‍ലണ്ടില്‍, പ്രത്യേകിച്ച് തലസ്ഥാന നഗരിയായ ഡബ്ലിനില്‍. ഒരു വീട് ഏതു വിധേനയും കണ്ടെത്താനാണ് കൂടുതല്‍ പേരും ശ്രമിക്കുന്നത്.സ്വഭാവികമായും വാങ്ങുന്നയാള്‍ ഒട്ടേറെ വിട്ട്‌വീഴ്ച്ചകള്‍ ചെയ്യേണ്ടി വരും.

അയര്‍ലണ്ടില്‍ വീട് വാങ്ങുന്നവരേക്കാള്‍ കൂടുതലായി വില്ക്കുന്നവരാനുള്ള ത്. അതുകൊണ്ട് തന്നെ ഡബ്ലിന്‍ ഭവന വിപണി വാങ്ങുന്നവര്‍ക്ക് ഒട്ടും അനുകൂലമല്ലെന്ന് പറയാനാകും. പ്രോപ്പര്‍ട്ടി വാങ്ങുമ്പോള്‍ വില പേശാന്‍ ഒട്ടും മടിക്കേണ്ടതില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.എസ്‌റ്റേറ്റ് എജന്റുമാരുമായി ഫലപ്രദമായി വില പേശാന്‍ സാധിക്കാത്തതാണ് പലര്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്ന ആദ്യ ഘടകം. ഇതോടൊപ്പം നിരവധി കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ പിഴവുകളില്ലാതെ പ്രോപ്പര്‍ട്ടി വാങ്ങാന്‍ സാധിക്കൂ.

ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം നിങ്ങളുടെ ബാങ്ക് ഇടപാടുകളും മറ്റും ക്രമത്തിലാക്കുക എന്നതാണ്. ബാങ്ക് അപ്രൂവലും ഫിനാന്‍സും അപ്‌ഡേറ്റ് ചെയ്തു വയ്ക്കുക. അപ്രകാരം ചെയ്താല്‍ കാര്യമായ തടസങ്ങളില്ലാതെ നിങ്ങള്‍ക്ക് നേരിട്ട് പ്രോപ്പര്‍ട്ടി വാങ്ങാന്‍ സാധിക്കും. പ്രോപ്പര്‍ട്ടി വാങ്ങാന്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ ഒരു സോളിസിറ്ററെയും സര്‍വെയറെയും കണ്ടെത്തുക. നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വീടിന്റെ വിശദാംശങ്ങള്‍ ഇരുവരെയും കൊണ്ട് പരിശോധിപ്പിക്കുക. 

വീട് വില്ക്കുന്ന ആളിന്റെ എസ്‌റ്റേറ്റ് എജന്റ് ഒരിക്കലും നിങ്ങളുടെ സുഹൃത്ത് അല്ലെന്ന് മനസിലാക്കുക. എജന്റ് അയാളുടെ ഉപഭോക്താവിന്, അതായത് വീട് വില്ക്കുന്ന ആള്‍ക്ക് പരമാവധി ലാഭം നേടിക്കൊടുക്കാന്‍ ശ്രമിക്കുന്ന ആളായിരിക്കും.

ഒരു പ്രോപ്പര്‍ട്ടി വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് പരമാവധി എത്ര പണം ചെലവഴിക്കാന്‍
ശേഷിയുണ്ടെന്ന് എജന്റുമാരോട് പറയരുത്. കാരണം നിങ്ങള്‍ക്ക് എത്രമാത്രം പണം
ചെലവഴിക്കാന്‍ ശേഷിയുണ്ടെന്ന് അറിഞ്ഞാല്‍ പരമാവധി തുകയ്ക്ക് തന്നെ
പ്രോപ്പര്‍ട്ടി വില്‍ക്കാന്‍ ഏജന്റുമാര്‍ ശ്രമിക്കും എന്നോര്‍ക്കുക. 

ഒരുപ്രോപ്പര്‍ട്ടി വില്‍പ്പനയ്ക്ക് ലഭ്യമാണെന്നറിഞ്ഞാല്‍ അതിനായി വേഗത്തില്‍ ബിഡ് ചെയ്യുക, കുറഞ്ഞ തുകയ്ക്ക് ബിഡ് ചെയ്യുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഉദാഹരണത്തിന് 400,000 യൂറോയുടെ ഒരു പ്രോപ്പര്‍ട്ടിയാണ് നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനായി 390,000 യൂറോയ്ക്ക് ബിഡ് ചെയ്യുക. ഈ തുക എജന്റ് മറ്റ് ബിഡര്‍മാരോട് പറയും. ഉടമ ആവശ്യപ്പെട്ട തുകയേക്കാള്‍ കുറഞ്ഞ തുകയ്ക്കാണ് ആദ്യ ബിഡ് വന്നിരിക്കുന്നതെങ്കില്‍
മറ്റുള്ളവര്‍ ആ പ്രോപ്പര്‍ട്ടിയില്‍ പിന്നെ താല്പ്പര്യം പ്രകടിപ്പിക്കില്ല.

ഏറ്റവും കൂടിയ തുകയ്ക്ക് ബിഡ് ചെയ്തിരിക്കുന്നത് ആരെന്നത് ഉള്‍പ്പെടെ എസ്‌റ്റേറ്റ് എജന്റില്‍ നിന്ന് അറിയേണ്ട കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുക.എപ്പോഴും കൂടിയ തുക ബിഡ് ചെയ്ത ആള്‍ക്ക് മാത്രമേ പ്രോപ്പര്‍ട്ടി വില്‍ക്കൂ എന്നൊന്നുമില്ല. അതുകൊണ്ട് തന്നെ എജന്റില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ നിങ്ങള്‍ക്ക് ലാഭകരമായി പ്രയോജനപ്പെടുത്തുക. ഒരു പ്രോപ്പര്‍ട്ടി വാങ്ങാന്‍ ഇരു കക്ഷികള്‍ക്കുമിടയില്‍ ധാരണയായാല്‍ ഉടന്‍ അത് കരാരാക്കി ഒപ്പ് വയ്‌ക്കേണ്ടതാണ്. കാരണം പറഞ്ഞുറപ്പിച്ച കരാറില്‍ നിന്ന് ഉടമയ്ക്ക് എപ്പോള്‍ വേണമെങ്കിലും പിന്മാറാന്‍ സാധിക്കും.

കുടിയേറ്റക്കാരെ കബളിപ്പിക്കാനും,തെറ്റിദ്ധരിപ്പിച്ചു കൂടുതല്‍ പണം ഈടാക്കാനും ചില എസ്‌റേറ്റ് എജന്റുമാരും ബ്ബീഡര്‍മാരും ശ്രമിക്കാറുണ്ട് എന്നും പറയപ്പെടുന്നു.മലയാളികള്‍ അടക്കമുള്ളവര്‍ ബജറ്റ് തുറന്നു പറയുന്നതാണ്ഇത്തരം കബളിപ്പിക്കലിന് അവരെ പ്രേരിപ്പിക്കുന്നത്.റിയല്‍ എസ്‌റ്റേറ്റുകാര്‍ വിലകുറഞ്ഞതും എന്നാല്‍ ഡിമാന്‍ഡൂള്ളതുമായ പ്രോപ്പര്‍ട്ടി വാങ്ങാനെത്തുന്നവരെ ഒഴിവാക്കി അത് സ്വന്തമാക്കി മറിച്ചു വില്‍ക്കുന്ന കാഴ്ച്ച അയര്‍ലണ്ടിലെങ്ങുമുണ്ട്.

ഗാല്‍വേയില്‍ ഒരു മലയാളി സുഹൃത്തിന് സംഭവിച്ച അനുഭവം കേട്ടാല്‍ അങ്ങനെയാണ് തോന്നുക.ആസ്‌ട്രേലിയയ്ക്കു കുടിയേറിയ ഒരു മലയാളിയുടെ വീട് മോര്‍റ്റ്‌ഗേജ് അടയ്ക്കാത്തതിനാല്‍ ബാങ്കുകാര്‍ ലേലത്തിനിട്ടു.മുന്‍ പരിചയം ഉള്ളതിനാലും,വീട് ഇഷ്ട്ടപ്പെട്ടതിനാലും മലയാളി സുഹൃത്ത് അത് വാങ്ങാന്‍ നിശ്ചയിച്ചു. വില്പ്പനയ്ക്കിട്ടതിന്റെ പിറ്റേന്ന് തന്നെ ബ്ബീഡറുടെ അടുത്തെത്തി.മനസിലെ പ്ലാനൊക്കെ ബിഡറിനു മുന്‍പില്‍ തുറന്നു.145000 യൂറോയ്ക്ക് ബ്ബീഡ്ഡിനിട്ടിരുന്ന വീടിന് ആയിരം യൂറോ കൂടുതല്‍ കയറ്റിവെച്ചു.

പിറ്റേന്ന് ബ്ബീഡറുടെ വിളി വന്നു..മറ്റൊരാള്‍ ആയിരം യൂറോ കൂട്ടിവെച്ചിട്ടുണ്ട്.ഇഷ്ട്ടപ്പെട്ട വീടിന് മലയാളി സുഹൃത്ത് വീണ്ടും വില കയറ്റിവെച്ചു.148000 യൂറോ.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും മറ്റാരോ 1000 യൂറോ കൂടി കൂട്ടിവെച്ചു.മലയാളിയുണ്ടോ വിട്ടു കൊടുക്കാന്‍ പോകുന്നു.വെച്ചു… ആയിരം കൂടി കൂട്ടി.

ആ പോക്ക് പോയി നിന്നത് 157000 ത്തില്‍ ആയിരുന്നു.മലയാളി സുഹൃത്ത് ബ്ബീഡ്ഡറോട് ‘ബജറ്റ് പ്ലാനായി പറഞ്ഞിരുന്ന അതെ തുക.സംഗതി ഇവിടെ വരെയായപ്പോള്‍ സുഹൃത്ത് പിന്‍മാറി.രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പ്രൊപ്പര്‍ട്ടി സൈറ്റില്‍ നിന്നും വീട് അപ്രത്യക്ഷമായി.

ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ അതെ വീട് വീണ്ടും വന്നു സൈറ്റില്‍.വില 144000 മാത്രം.മനസുമടുത്ത നമ്മുടെ ചങ്ങാതി ഇത്തവണ ബിഡഡിന് പോയില്ല.എങ്കിലും ,ബിഡഡറോട് ഇങ്ങനെ സംഭവിക്കാന്‍ ഉണ്ടായതിന് കാരണം ചോദിച്ചു.കൂടിയ ബിഡ് വെച്ചയാള്‍ വീട് വേണ്ടെന്ന് വെച്ചെന്നും അതുകൊണ്ടാണ് വീണ്ടും സൈറ്റില്‍ ഇട്ടതെന്നുമായിരുന്നു മറുപടി.അവസാനം,ഒരാഴ്ചയ്ക്കുള്ളില്‍ ആ വീട് വിറ്റുപോയത് ബിഡ് ചെയ്ത അതേ തുകയായ 144000 യൂറോയ്ക്ക് തന്നെയായിരുന്നു.

റിയല്‍ എസ്‌റ്റേറ്റ് മാഫിയയുടെ സമര്‍ഥമായ കളി വഴി കുറഞ്ഞ വിലയ്ക്ക് വീടുകള്‍ കൈയ്യടക്കി, തത്ക്കാലം വില്‍പ്പനയ്ക്കിടാതെ, മാര്‍ക്കറ്റില്‍ വില കൂട്ടാനും,ഭവന ദൗര്‍ലഭ്യമുണ്ടാക്കാനും തുടര്‍ന്ന് ഇവര്‍ തന്നെ സൃഷ്ട്ടിക്കുന്ന ബൂമിംഗ് സമയത്ത് കൂടിയ വിലയ്ക്ക് നൂറുകണക്കിന് വീടുകള്‍ മാര്‍ക്കറ്റില്‍ വരാനും വഴിയൊരുക്കും.

എപ്പോഴും കുറഞ്ഞ തുകയ്ക്ക് ബിഡ് ചെയ്യുക. ഒരു പ്രോപ്പര്‍ട്ടിക്കായി ബിഡ് ചെയ്തു കഴിഞ്ഞാല്‍ അത്സ്വന്തമാക്കാന്‍ ഒരാഴ്ചയിലധികം കാത്തിരിക്കരുത്. ഒരാഴ്ചയില്‍ കൂടുതല്‍ കാത്തിരിക്കുന്ന ഓരോ ദിവസവും നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം വരുത്തുമെന്ന കാര്യം ഓര്‍ക്കുക.

എസ്‌റ്റേറ്റ് ഏജന്റുമാരുടെ പരീക്ഷണങ്ങള്‍ കഴിഞ്ഞാല്‍ അടുത്തത് ബാങ്കുകാരുടെ ഊഴമാണ്.കുടിയേറ്റക്കാര്‍ക്ക് വായ്പ കൊടുക്കാന്‍ ചില സ്ഥലങ്ങളില്‍ ബാങ്കുകാര്‍ക്ക് പേടിയാണ്.കഴിഞ്ഞ ബൂമിങ്ങിന് മുന്‍പ് കുറഞ്ഞ പലിശയ്ക്കു ലോണ്‍ എടുത്ത്, കുറെനാള്‍ താമസിച്ചു പിന്നെ താക്കോല്‍ ബാങ്കിന് പോസ്റ്റ് ചെയ്ത് ഓസ്‌ട്രേലിയയ്ക്കും,മറ്റ് നാടുകളിലേയ്ക്ക് പോയവരില്‍ മലയാളികളും ഉണ്ട്.ഇപ്പോള്‍ വായ്പ തേടി ചെല്ലുന്ന മലയാളികള്‍ക്ക് അത്തരക്കാര്‍ ചെയ്യുന്ന ‘ഉപകാരത്തി’ന്റെ നേര്‍ക്കാഴ്ച്ചകള്‍ അടുത്ത ദിവസം വായിക്കുക.

റെജി സി ജേക്കബ്

Scroll To Top