Friday December 02, 2016
Latest Updates

വി എസ് ഇടഞ്ഞു തന്നെ :പിണറായിയെ പാഠം പഠിപ്പിക്കാന്‍ ഒരുക്കങ്ങള്‍

വി എസ് ഇടഞ്ഞു തന്നെ :പിണറായിയെ പാഠം പഠിപ്പിക്കാന്‍ ഒരുക്കങ്ങള്‍

ആലപ്പുഴ: സി പി ഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും ഇറങ്ങിപ്പോക്ക് നടത്തിയ വി.എസ്.അച്യുതാനന്ദന്‍ നേതൃത്വത്തോട് ഇടഞ്ഞു തന്നെ.തനിക്കെതിരായി സംസ്ഥാന സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയത്തെ കേന്ദ്ര നേതൃത്വം തള്ളിപ്പറയണമെന്ന ആവശ്യത്തില്‍ വി.എസ് ഉറച്ചു നില്‍ക്കുകയാണ്.

വി.എസ്.അച്യുതാനന്ദനെ അനുനയിപ്പിക്കുന്നതിനായി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ് ശര്‍മ്മയും കെ ചന്ദ്രന്‍ പിള്ളയും വീട്ടിലെത്തി കണ്ടുവെങ്കിലും ഫലമുണ്ടായില്ല .

സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ നേരത്തേ നടന്ന അനുനയ ശ്രമവും ഫലം കണ്ടില്ല. 

വൈകിട്ട് നാലു മണിക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താ സമ്മേളനവും റദ്ദാക്കി. പുന്നപ്രയിലെ വീട്ടില്‍ വാര്‍ത്താ സമ്മേളനം വിളിക്കാനാണ് തീരുമാനിച്ചിരുന്നത്. വാര്‍ത്താ സമ്മേളനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി.എസിനു മേല്‍ കേന്ദ്ര നേതാക്കളും സംസ്ഥാന നേതാക്കളും സമ്മര്‍ദ്ദം ചെലുത്തി.

അനുനയന നീക്കവുമായി വിഎസിനെ സീതാറാം യെച്ചൂരി ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ വി.എസ് വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് വാര്‍ത്താ സമ്മേളനം ഉപേക്ഷിക്കണമെന്ന് വി.എസിനോട് യെച്ചൂരി ആവശ്യപ്പെടുകയായിരുന്നു.

വി.എസ് സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയതറിഞ്ഞ് അദ്ദേഹത്തിന്റെ പുന്നപ്രയിലെ വീട്ടില്‍ അപ്പോള്‍ മുതല്‍ തന്നെ മാദ്ധ്യമ സംഘം തന്പടിച്ചിരുന്നു. എന്നാല്‍ മാദ്ധ്യമ പ്രവര്‍ത്തകരെ അകത്തേക്കു കടക്കാനോ അവരുമായി സംസാരിക്കാനോ വി.എസ് തയ്യാറായില്ല.

മാദ്ധ്യമങ്ങള്‍ കടന്നു വരാതിരിക്കാന്‍ ഗേറ്റ് പൂട്ടി. പിന്നീടാണ് നാലു മണിക്ക് വി.എസ് മാദ്ധ്യമങ്ങളെ കാണുമെന്ന് അറിയിപ്പ് വന്നത്. ഇതോടെ, തത്സമയ സംപ്രേഷണത്തിനായി മാദ്ധ്യമങ്ങള്‍ സര്‍വ സന്നാഹവുമായി വേലിക്കകത്തെ വീട്ടിലേക്ക് എത്തി. എന്നാല്‍ വി.എസ് മാദ്ധ്യമങ്ങളെ കാണില്ലെന്ന് തീരുമാനിച്ചതായി ഉച്ചയ്ക്ക് മൂന്നരയോടെ അറിയിപ്പ് വന്നു.

തനിക്കെതിരായ വിമര്‍ശനങ്ങള്‍ പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും വേണം. പ്രമേയം തിരുത്തണം. കേന്ദ്ര കമ്മിറ്റി അംഗമായ തനിക്കെതിരായ പ്രമേയം മാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ട ഔദ്യോഗിക പക്ഷത്തിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഇതിനു നടപടി വേണം, വി.എസ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ട് പ്രതികളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണം, തുടങ്ങിയവയാണ് വിഎസിന്റെ ആവശ്യങ്ങള്‍. ഇതില്‍ മിക്കതും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കാന്‍ പോന്നതാണ്.

നാളത്തെ സമ്മേളനത്തിലും വി.എസ് പങ്കെടുക്കില്ലയെന്നാണ് സൂചനകള്‍.





Scroll To Top