Saturday December 10, 2016
Latest Updates

വി.എസ്സിന് കോടതിയുടെ ശാസന; കയ്യടിനേടാന്‍ വേറേ മാര്‍ഗം നോക്കണമെന്ന് ഹൈക്കോടതി

വി.എസ്സിന് കോടതിയുടെ ശാസന;  കയ്യടിനേടാന്‍ വേറേ മാര്‍ഗം നോക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ഹൈക്കോടതിയുടെ ശാസന. കഴിഞ്ഞദിവസം കോടതിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് കടുത്തഭാഷയില്‍ കോടതി വി.എസ്സിനെ ശാസിച്ചത്. കയ്യടി വാങ്ങാന്‍ കോടതിയെ കരുവാക്കരുതെന്നും വോട്ടു വാങ്ങാന്‍ മറ്റു മാര്‍ഗങ്ങള്‍ നോക്കണമെന്നും ഹൈക്കോടതി. കോടതി പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് അദ്ദേഹം വന്നു കാണട്ടെയെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഹാറുണ്‍ അല്‍ റഷീദ് ആണ് വി.എസ്സിനെതിരെ കോടതിയില്‍ ശകാരം ചൊരിഞ്ഞത്.
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമി തട്ടിപ്പിന് ഇരയായവരെ സന്ദര്‍ശിക്കവെയായിരുന്നു വി.എസ് കോടതിക്കെതിരെ രൂക്ഷമായ പരിഹാസം ചൊരിഞ്ഞത്. സലിംരാജിനു പിന്നിലുള്ള അധികാരകേന്ദ്രങ്ങളെക്കുറിച്ചു പറയുന്ന കോടതി് മുഖ്യമന്ത്രിയുടെ പേരു പറയാന്‍ മടിക്കുന്നതെന്തെന്നു ചോദിച്ച വി.എസ്, വലിയ സര്‍പ്പങ്ങളെ കണ്ട് ഭയന്നു നില്‍ക്കുന്നവരെ പോലെയാണ് കോടതി പെരുമാറുന്നതെന്നു വിമര്‍ശിച്ചിരുന്നു.

കോടതിക്കു പുറത്തുനടക്കുന്ന ചില രാഷ്ട്രീയ പരാമര്‍ശങ്ങളെക്കുറിച്ച്, വാദത്തിനിടെ ഹര്‍ജിക്കാരന്റെ അഭിഭാഷകനായ അഡ്വ. ദിനേശ് ആര്‍. ഷേണായി പരാതി ഉന്നയിച്ചു. കോടതിയുടെ അന്തസ് ഇടിച്ചുതാഴ്ത്തുന്ന തരത്തിലുള്ള രാഷ്ട്രീയ പരാമര്‍ശങ്ങളില്‍ തങ്ങള്‍ക്കു പങ്കില്ലെന്നും കോടതി ഉചിതമായ നടപടിയെടുക്കണമെന്നും പറഞ്ഞു. ആരുടെ പരാമര്‍ശമാണെന്നു കോടതി തിരക്കിയപ്പോള്‍ പ്രതിപക്ഷ നേതാവെന്നു കക്ഷികളുടെ അഭിഭാഷകര്‍ മറുപടി നല്‍കി. കടകംപള്ളിയിലെ വിവാദഭൂമിയില്‍ വിഎസ് സന്ദര്‍ശനം നടത്തിയതും പരാമര്‍ശിക്കപ്പെട്ടു.

”ജനത്തിന്റെ കയ്യടി നേടാന്‍ വേറെ എന്തെല്ലാം മാര്‍ഗങ്ങളുണ്ട്. കോടതിയെ കരുവാക്കി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതു മോശപ്പെട്ട കാര്യമാണ്. അദ്ദേഹം നിയമം പഠിച്ചിട്ടുണ്ടോ? എവിടെവരെ പഠിച്ചു?’ കോടതി ചോദിച്ചു. തൊണ്ണൂറാം പിറന്നാള്‍ വേളയിലെ ലേഖനത്തില്‍ ഏഴാംക്ലാസ് വരെ പഠിച്ചുവെന്നു കണ്ടതായി അഭിഭാഷകന്‍ ശ്രദ്ധയില്‍പ്പെടുത്തി. ‘വിദ്യാഭ്യാസം കുറവാണെങ്കിലും അനുഭവസമ്പത്തുണ്ട്, അഞ്ചുവര്‍ഷം മുഖ്യമന്ത്രിയായിരുന്നു, സംസ്ഥാനം ഭരിച്ചതാണ് എന്നു മറ്റു കക്ഷികളുടെ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ ‘എന്നിട്ടാണോ ഇത്തരം പരാമര്‍ശങ്ങള്‍?’ എന്നു കോടതി പ്രതികരിച്ചു.

”നിയമം പഠിപ്പിക്കാന്‍ നോക്കണ്ട. വയസ്സായെന്നു പറഞ്ഞിട്ടു കാര്യമില്ല; ഇവിടെവരെ വന്നാല്‍ കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിച്ചുകൊടുക്കാം. ഈ ഭൂമിയില്‍ ഒരുവിധ ഭയമോ വിധേയത്വമോ ഇല്ലാതെയാണു കോടതി പ്രവര്‍ത്തിക്കുന്നത്. നാലാളെ കണ്ടാല്‍ കയ്യടി കിട്ടാന്‍ ചെയ്യേണ്ടത് ഇതല്ലെന്നു മനസ്സിലാക്കണം. തൃക്കാക്കര ഭൂമി തട്ടിപ്പിന്റെ പരാതിയില്‍ കാര്യമായ നടപടി ഉണ്ടായില്ലെന്നു പരാതിപ്പെട്ടാണു ഹര്‍ജിഭാഗം വാദം ആരംഭിച്ചത്. ഡിജിപി വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്‌തെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്ന് ആരോപിച്ചു.

പ്രതിപക്ഷ നേതാവിനു പരാതി നല്‍കുംമുന്‍പു പൊലീസിനും ഡിജിപിക്കും മറ്റും പരാതി നല്‍കിയ കാര്യം ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, വിജിലന്‍സ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. ഏതു തരത്തിലുള്ള അന്വേഷണം നടത്താനും സര്‍ക്കാരിന് എതിര്‍പ്പില്ലെന്നു സീനിയര്‍ ഗവ. പ്ലീഡര്‍ മുഹമ്മദ് ഷാ പറഞ്ഞു. ഡിജിപി സമയോചിതമായി തന്നെ നടപടിയെടുത്തു. വിജിലന്‍സ് അന്വേഷണത്തിനു വിടാന്‍ റവന്യു വകുപ്പിന്റെ ആശയവിനിമയം വേണ്ടതിനാലാണു കാലതാമസമെന്നും വിശദീകരിച്ചു.

Scroll To Top