Friday December 09, 2016
Latest Updates

വി എം സുധീരന് മദ്യക്കുപ്പി സമ്മാനിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

വി എം സുധീരന് മദ്യക്കുപ്പി സമ്മാനിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂര്‍: കേരളത്തിലെ മദ്യപരുടെ വെള്ളം കുടി മുട്ടിച്ച് കൊണ്ട് ബാറുകള്‍ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് രണ്ടു മാസത്തിലധികമായി. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ കര്‍ശന നിലപാട് മൂലമാണ് ബാറുകള്‍ അടഞ്ഞു കിടക്കുന്നത്. അങ്ങനെയെങ്കില്‍ സുധീരന് തന്നെ ഒരു മദ്യക്കുപ്പി സമ്മാനമായി നല്‍കാമെന്ന് ഒരു മദ്യപാന്‍ വിചാരിച്ചാല്‍ തെറ്റ് പറയാനാകില്ല. ഇന്നലെ കണ്ണൂരില്‍ വച്ചാണ് രസകരമായ ഈ സംഭവം നടന്നത്.

കോണ്‍ഗ്രസ് സമ്മേളനത്തിന്റെ എണ്‍പത്തിയഞ്ചാമത് വാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പയ്യന്നൂര്‍ ഗാന്ധി മൈതാനിയിലെത്തിയ കെ പി സി സി പ്രസിഡന്റ് വി.എം. സുധീരനു മദ്യപിച്ച് ലക്കുകെട്ട യുവാവ് മദ്യക്കുപ്പി സമാനിച്ചു. പെരിങ്ങോം സ്വദേശിയായ പ്രകാശന്‍ എന്ന 34 കാരനാണ് ഉറയ്ക്കാത്ത കാലടികളോടെ വേദിയില്‍ കയറിവന്നു സുധീരന് മദ്യക്കുപ്പി സമ്മാനിച്ചത്. പ്രകാശന്‍ ഹസ്തദാനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മദ്യത്തിന്റെ ഗന്ധം തോന്നിയതിനെ തുടര്‍ന്ന് സുധീരന്‍ പിന്നോട്ട് മാറുകയായിരുന്നു.

ഉടന്‍ തന്നെ പ്രകാശന്‍ മദ്യക്കുപ്പി വേദിയില്‍ കിടന്ന മേശയുടെ പുറത്ത് വച്ചു. ഏതായാലും സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് ഉടന്‍ തന്നെ പ്രകാശനെ അറസ്റ്റ് ചെയ്ത് നീക്കി. ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയില്‍ മദ്യം വാങ്ങി വരുമ്പോഴാണ് സുധീരന്‍ പങ്കെടുക്കുന്ന പരിപാടി കണ്ണൂരില്‍ നടക്കുന്നതായി അറിഞ്ഞത്. ഇതേ തുടര്‍ന്നാണ് ഇയാള്‍ പരിപാടി നടക്കുന്ന വേദിയില്‍ എത്തിയത്. അതേസമയം അഴിഞ്ഞു പോയ മുണ്ട് ഉടുക്കാന്‍ വേണ്ടി മദ്യക്കുപ്പി മേശമേല്‍ വച്ചതാണ് എന്നാണു ഇയാള്‍ പോലീസിനോട് പറഞ്ഞത്.

Scroll To Top