Tuesday December 06, 2016
Latest Updates

വിശ്വാസ സാഗരം സാക്ഷി :ആഗോള സഭയില്‍ രണ്ടു വിശുദ്ധര്‍ കൂടി 

വിശ്വാസ സാഗരം സാക്ഷി :ആഗോള സഭയില്‍ രണ്ടു വിശുദ്ധര്‍ കൂടി 

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയ്ക്ക് ഇനി രണ്ട് വിശുദ്ധര്‍ കൂടി. മുന്‍ മാര്‍പാപ്പമാരായ ജോണ്‍ ഇരുപത്തിമൂന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നിവരെ ഇന്ന് വിശുദ്ധരായി പ്രഖ്യാപിച്ചു . വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഇരുവരെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് പ്രഖ്യാപനം നടത്തിയത്.

ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 1.30 നാണ് പ്രധാന ചടങ്ങുകള്‍ ആരംഭിച്ചത് . ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗാമി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും ചടങ്ങില്‍ പങ്കെടുത്തു. ബസിലിക്കയിലെ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ 25 രാഷ്ട്ര നേതാക്കന്മാര്‍ ഉള്‍പ്പെടെ പത്തുലക്ഷത്തിലേറെ പേര്‍ എത്തിയിരുന്നു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന കുര്‍ബാനയ്ക്കിടെയാണ് ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിച്ചത്. ജോണ്‍ പോള്‍ രണ്ടാമന്റെയും ജോണ്‍ 23 മന്റെയും തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഏറ്റുവാങ്ങി.

മേജര്‍ ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ ഉള്‍പ്പെടെ 150 കര്‍ദിനാള്‍മാരും 850 ഓളം മെത്രാന്മാരും 6000 വൈദികരും തിരുകര്‍മ്മങ്ങളില്‍ സംബന്ധിച്ചു. കേന്ദ്രമന്ത്രിമാരായ കെ.വി. തോമസും ഓസ്‌കാര്‍ ഫെര്‍ണാണ്ടസും അടങ്ങുന്ന സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.

ജോണ്‍ ഇരുപത്തിമൂന്നാമന്‍ 1958 മുതല്‍ 1963 വരെയും ജോണ്‍ പോള്‍ രണ്ടാമന്‍ 1978 മുതല്‍ 2005 വരെയുമാണു മാര്‍പാപ്പമാരായിരുന്നത്. ഇറ്റലിക്കാരനായ ജോണ്‍ ഇരുപത്തിമൂന്നാമന്‍ 1963ലും 450 വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഇറ്റലിക്കു പുറത്തുനിന്നു പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട പോളണ്ട് സ്വദേശി ജോണ്‍ പോള്‍ 2005ലും ആണു കാലംചെയ്തത്.

ലക്ഷക്കണക്കിന് പേര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തിയിരുന്നു.മാര്‍പാപ്പമാരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന്റെ തലേദിവസമായ ശനിയാഴ്ച മുതല്‍ വിശ്വാസികള്‍ക്കു പ്രാര്‍ഥിക്കാനായി റോമിലെ എല്ലാ ദേവാലയങ്ങളും തുറന്നിട്ടിരുന്നു. നാമകരണ ചടങ്ങുകളോടനുബന്ധിച്ച് ഇത്തരത്തിലുള്ള ഒരു നടപടി ആദ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Scroll To Top