Wednesday December 07, 2016
Latest Updates

വിവാദ വ്യവസായി നിസാം കാറിടിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു 

വിവാദ വ്യവസായി നിസാം കാറിടിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു 

തൃശൂര്‍: ഗേറ്റ് തുറക്കാത്തതിന് വിവാദ വ്യവസായി മുഹമ്മദ് നിസാം ക്രൂരമായി ആക്രമിച്ച ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് മരിച്ചു. നിസാമിന്റെ ആക്രമണത്തില്‍ വാരിയെല്ലൊടിഞ്ഞ് ദേഹമാസകലം പരിക്കേറ്റ് തൃശൂരിലെ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ആയിരുന്നു ചന്ദ്രബോസ് . ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായ ചന്ദ്രബോസിന്റെ സ്ഥിതി അതീവ ഗുരുതരമായിരുന്നു. ചന്ദ്രബോസിന്റെ ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ അറിയിച്ചിരുന്നു. ഇതിനിടെയാണ് മരണം. സംഭവത്തില്‍ നിസാമിനെതിരെ വധശ്രത്തിന് കേസെടുത്തിരുന്നു.

ചന്ദ്രബോസിന്റെ മരണത്തോടെ ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. മൂന്നാഴ്ച മുമ്പായിരുന്നു സംഭവം. കൊക്കെയിന്‍ കേസില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയായ കിംഗ്‌സ് ഗ്രൂപ്പ് ഉടമ മുറ്റിച്ചൂര്‍ അടക്കാപ്പറമ്പില്‍ മുഹമ്മദ് നിസാം ആണ് ചന്ദ്രബോസിനെ ആക്രമിച്ചത്. തന്റെ ആഡംബര വാഹനത്തിന് ഗേറ്റ് തുറന്നു കൊടുക്കാത്തതില്‍ അരിശം പൂണ്ടാണ് മദ്യ ലഹരിയില്‍ ഇയാള്‍ സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ചത്. സെക്യൂരിറ്റി ഓഫീസ് അടിച്ചുതകര്‍ത്ത നിസാം കാബിനില്‍നിന്ന് വലിച്ചിറക്കി ചന്ദ്രബോസിനെ മര്‍ദ്ദിച്ചു. മര്‍ദ്ദനം സഹിക്കാതെ ഇറങ്ങിയോടിയ ചന്ദ്രബോസിനെ നിസാം കാറുകൊണ്ട് പിന്നാലെയത്തി ഇടിച്ചിട്ടു.

പിന്നീട് ഭാര്യയെ മൊബൈല്‍ ഫോണില്‍ വിളിച്ച് മറ്റൊരു കാര്‍ വരുത്തി, ഈ കാറിന്റെ പിന്‍സീറ്റിലേക്ക് ചന്ദ്രബോസിനെ വലിച്ചിട്ട് സ്വന്തം ഫ്‌ലാറ്റിനു മുന്നിലേക്ക് കൊണ്ടുപോയി. വാഹനത്തില്‍നിന്ന് വലിച്ച് നിലത്തിട്ട് വീണ്ടും മര്‍ദ്ദിച്ചു. ചന്ദ്രബോസിനെ മര്‍ദ്ദനത്തില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകന്‍ കിഴക്കുഞ്ചേരി ചീരക്കുഴി കല്ലിങ്കല്‍ അനൂപിനും മര്‍ദ്ദനമേറ്റിരുന്നു. ആഡംബര കാറുകളോട് ഭ്രമമുള്ള നിസാം പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വനിതാപോലീസിനെ കാറിലിട്ട് പൂട്ടിയതടക്കമുള്ള കേസുകള്‍ ഇയാള്‍ക്കതിരെയുണ്ട്. പുകയില ഏജന്‍സിയുള്ളതിനാല്‍ ഇന്ത്യയില്‍ പലഭാഗത്തും ഇയാള്‍ക്ക് ഓഫീസുണ്ട്. ഇയാള്‍ തോക്ക് ഉപയോഗിക്കാറുണ്ട് എന്ന പരാതിയെ തുടര്‍ന്ന് പോലീസ് കഴിഞ്ഞദിവസം ഇയാളുടെ വീടും തറവാടും ഓഫീസും റെയ്ഡ് ചെയ്തിരുന്നു.

Scroll To Top