Monday December 05, 2016
Latest Updates

വിമാനത്തിനുള്ളില്‍ പുക: ലണ്ടനില്‍ നിന്ന് അമേരിക്കയിലേക്ക് പോകുകയായിരുന്ന വിമാനം ഡബ്ലിനില്‍ ഇറക്കി

വിമാനത്തിനുള്ളില്‍ പുക: ലണ്ടനില്‍ നിന്ന് അമേരിക്കയിലേക്ക് പോകുകയായിരുന്ന വിമാനം ഡബ്ലിനില്‍ ഇറക്കി

ഡബ്ലിന്‍: വിമാനത്തിനുള്ളില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ലണ്ടനില്‍ നിന്ന് അമേരിക്കയിലേക്ക് പോകുകയായിരുന്ന വിമാനം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കി. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് വാഷിംഗ്ടണിലേക്ക് പോകുകയായിരുന്ന യുനൈറ്റഡ് എയര്‍ലൈന്‍സിന്റെ യുഎ 925 വിമാനത്തിലാണ് പുക ഉയര്‍ന്നത്. തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര സന്ദേശം നല്‍കി വിമാനം ഇറക്കുകയായിരുന്നു. യാത്രക്കാരും ജീവനക്കാരുമായി 140 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. 

അതേസമയം എമര്‍ജന്‍സി ലാന്‍ഡിംഗിന് ശേഷം നടത്തിയ പരിശോധനയില്‍ വിമാനത്തിനുള്ളില്‍ തീ പിടിച്ചതായി കണ്ടെത്താനായില്ല. സുരക്ഷിതമായ ലാന്‍ഡിംഗിന് ഏവിയേഷന്‍ ഓയില്‍ പുറന്തള്ളി ശേഷമാണ് വിമാനം ഡബ്ലിനില്‍ ലാന്‍ഡ് ചെയ്തത്. ഇതിനായി പ്രത്യേക അനുമതി തേടിയിരുന്നു. വൈകുന്നേരം ആറ് മണിയോടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഡബ്ലിന്‍ വിമാനത്താവളത്തിലെ സെക്കന്‍ഡറി റണ്‍വെയില്‍ ഇറങ്ങാന്‍ തയ്യാറെടുത്ത വിമാനം കാലാവസ്ഥ അനുകൂലമല്ലാഞ്ഞതിനാല്‍ പ്രധാന റണ്‍വെയില്‍ തന്നെ ഇറങ്ങി. 

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും ഹീത്രുവില്‍ നിന്ന് ലോസ് ഏഞ്ചല്‍സിലേക്ക് പോയ ഒരു വിമാനം പുക കണ്ടതിനെ തുടര്‍ന്ന് അടിയന്തരമായി ഷാനന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കിയിരുന്നു. 182 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനമാണ് ആപായ സൂചനയെ തുടര്‍ന്ന് ഷാനനില്‍ ഇറക്കിയത്.

Scroll To Top