Saturday December 03, 2016
Latest Updates

വിദ്യാരംഭവും മെരിറ്റ് ഈവിനിംഗും; പ്രശസ്തകവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പങ്കെടുക്കുന്നു

വിദ്യാരംഭവും മെരിറ്റ് ഈവിനിംഗും; പ്രശസ്തകവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പങ്കെടുക്കുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടിലെ കലാസാംസ്‌ക്കാരിക സംഘടനയായ ‘മലയാള’ത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ദിനമായ ഒക്ടോബര്‍ 3 ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്റ്റില്ലൊര്‍ഗന്‍ പാര്‍ക്ക് ഹോട്ടലില്‍ വെച്ച് വിദ്യാരംഭം നടത്തുന്നു. 

പ്രശസ്ത കവിയും, സിനിമാ സീരിയല്‍ നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് ഈ വര്‍ഷത്തെ വിദ്യാരംഭത്തിന് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കുന്നത്. ആവേശകരവും, അര്‍ത്ഥസമ്പുഷ്ടവും, തീവ്രത നിഴലിക്കുന്നതുമായ ഒട്ടേറെ കവിതകള്‍ കൊണ്ട് ഒരു കാലത്ത് മലയാളികളെ പ്രത്യേകിച്ച് യുവാക്കളെ ഹരം കൊള്ളിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സാന്നിധ്യം വിദ്യാരംഭ ദിനത്തില്‍ അയര്‍ലണ്ടിലെ മലയാളി കുരുന്നുകള്‍ക്ക് അനുഗ്രഹീതമായിരിക്കും. എഴുപതോളം സിനിമകളിലും, അനേകം സീരിയലുകളിലും അഭിനയിച്ച് സുപരിചിതനായ ബാലചന്ദ്രന്‍ ചുള്ളിക്കാടിനൊപ്പം സംവദിക്കാനും, കവിയരങ്ങില്‍ പങ്കെടുക്കുവാനും ലഭിക്കുന്ന അവസരം അയര്‍ലണ്ടിലെ മലയാളികള്‍ പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ചില അസൌകര്യങ്ങള്‍മൂലം വിദ്യാരംഭവും, മെരിറ്റ് ഈവനിംഗും കഴിഞ്ഞ വര്‍ഷം നടത്താന്‍ കഴിഞ്ഞിരുന്നില്ല. കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി.വാസുദേവന്‍ നായര്‍, പ്രശസ്ത കവി വി.മധുസൂദനന്‍ നായര്‍, ഡോ.രവീന്ദ്രനാഥന്‍ തമ്പി, ഡോ.മായാദേവി കുറുപ്പ് തുടങ്ങിയവരാണ് മുന്‍ വര്‍ഷങ്ങളില്‍, തികച്ചും പരമ്പരാഗത രീതിയില്‍ നടന്നുവരുന്ന വിദ്യാരംഭ ചടങ്ങില്‍ ആദ്യാക്ഷരം പകര്‍ന്ന് നല്‍കിയത്. 

ജൂണിയര്‍ സര്‍ട്ട്, ലിവിങ് സര്‍ട്ട്, ഡിഗ്രി പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന കുട്ടികളെ മലയാളത്തിന്റെ പ്രത്യേകം രൂപകല്‍പ്പന ചെയ്ത മെമന്റോ നല്‍കി വിദ്യാരംഭ ചടങ്ങിനൊപ്പം അനുമോദിക്കുന്നു. ജൂണിയര്‍ സര്‍ട്ടിന് കുറഞ്ഞത് 7 വിഷയങ്ങളില്‍ എ ഗ്രേഡും, ലിവിങ് സര്‍ട്ടിന് 500 ഉം അതിലധികം പോയന്റും, ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ് ഹോണേഴ്‌സും കരസ്ഥമാക്കിയ കുട്ടികളെയാണ് മെമന്റോ നല്‍കി അനുമോദിക്കുന്നത്. ഈ വര്‍ഷത്തെ പരീക്ഷാഫലം പുറത്തുവരുമ്പോള്‍ അര്‍ഹരായ കുട്ടികള്‍ അവരുടെ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി സഹിതം അപേക്ഷിക്കേണ്ടതാണ്. കഴിഞ്ഞ വര്‍ഷം അപേക്ഷിച്ച അര്‍ഹരായ കുട്ടികളെയും ഈ വര്‍ഷത്തെ ചടങ്ങില്‍ വെച്ച് മെമന്റോ നല്‍കി അനുമോദിക്കുന്നതുകൊണ്ട് ആ കുട്ടികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു. ആദ്യാക്ഷരം കുറിക്കാനാഗ്രഹിക്കുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ അവരുടെ പേരു വിവരങ്ങള്‍ സംഘാടകരെ അറിയിക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
സിനോ തുരുത്തേല്‍ 0894569000, ജോബി സ്‌ക്കറിയ 0857184293, കിരണ്‍ ബാബു 0872160733, വി.ഡി. രാജന്‍ 0870573885, പ്രദീപ് ചന്ദ്രന്‍ 0871390007 എന്നിവരുമായി ബന്ധപ്പെടുക


Scroll To Top