Sunday December 04, 2016
Latest Updates

വിദ്യാഭ്യാസമന്ത്രിക്കെതിരെ ഐറിഷ് നാഷണല്‍ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍;ആത്മ വിശ്വാസം നശിപ്പിച്ചെന്ന് പരാതി

വിദ്യാഭ്യാസമന്ത്രിക്കെതിരെ ഐറിഷ് നാഷണല്‍ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍;ആത്മ വിശ്വാസം നശിപ്പിച്ചെന്ന് പരാതി

ഡബ്ലിന്‍: ഐറിഷ് വിദ്യാഭ്യാസ മന്ത്രിക്കെതിരെ അധ്യാപക സംഘടന. അയര്‍ലണ്ടിലെ അധ്യാപകരുടെ അധ്യാപനത്തിന്റെ ഗുണനിലവാരത്തെ മന്ത്രി വില കുറച്ചു കാണുകയാണെന്ന് ഐറിഷ് നാഷണല്‍ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ബ്രെണ്ടന്‍ ഓ സുള്ളിവന്‍. സംഘടനയുടെ നൂറ്റി നാല്പത്തിയാറാമത് വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയര്‍ലണ്ടിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകരുടെ സംഘടനയാണ് ഐറിഷ് നാഷണല്‍ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍. കില്‍ക്കെനിയിലാണ് സംഘടനയുടെ സമ്മേളനം നടക്കുന്നത്. 800 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടുകള്‍ മൂലം അധ്യാപകരുടെ ആത്മവീര്യം നശിച്ചെന്നും സുള്ളിവന്‍ കുറ്റപ്പെടുത്തി. തന്റെ 40 വര്‍ഷത്തെ അധ്യാപകജീവിതത്തിനിടെ ഇത്രയും ആത്മവീര്യം നശിച്ച അധ്യാപകരെ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അധ്യാപകരുടെ ആത്മവീര്യം കെടുത്തുന്ന നടപടികളാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്നും മന്ത്രിയുടെ ഭാഗത്ത് നിന്നും
ഉണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അധ്യാപകരുടെ ശമ്പളം വെട്ടിച്ചുരുക്കുകയും സ്‌കൂളുകള്‍ക്കുള്ള മറ്റ് ധനസഹായങ്ങള്‍ വെട്ടിച്ചുരുക്കുകയും ചെയ്യുന്നതിലൂടെയും വിദ്യാഭ്യാസമന്ത്രി ഐറിഷ് വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നു.

അധ്യാപകരെ അനാവശ്യമായി നിരീക്ഷിക്കുന്നതിനെതിരെയും സംഘടന വിമര്‍ശനം ഉന്നയിച്ചു. അധ്യാപകരെ എല്‍പ്പിച്ച ജോലി ചെയ്യാന്‍ അവരെ അനുവദിക്കണമെന്നും അധ്യാപകരില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ക്ലാസുകളുടെ
വലുപ്പം വര്‍ധിച്ചിട്ടില്ലെന്ന ഗവണ്‍മെന്റ് വാദത്തെയും അധ്യാപക സംഘടന തള്ളിക്കളഞ്ഞു. 1 മുതല്‍ 4 വരെ അധ്യാപകറുള്ള സ്‌കൂളുകളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ക്ലാസുകളുടെ വലുപ്പം വര്‍ദ്ധിച്ചതായി സംഘടന പ്രതിനിധികള്‍
പറയുന്നു.

അധ്യാപകരുടെ ശമ്പളം 20 ശതമാനം വരെ വെട്ടിക്കുറച്ചതായും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുകയും ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായുള്ള ഫണ്ട് വെട്ടിച്ചുരുക്കല്‍ ഒഴിവാക്കുകയും ചെയ്യണമെന്ന് സംഘടന അവശ്യപ്പെട്ടു. മന്ത്രി ഇന്ന് സമ്മേളനത്തില്‍ സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന്
സംഘടന പ്രതിനിധികള്‍ പറഞ്ഞു.

Scroll To Top