Thursday December 08, 2016
Latest Updates

വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി 

വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി 

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ മരിക്കവരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം വരുന്നു. വിദേശരാജ്യങ്ങളില്‍ വെച്ചു മരിക്കുന്നവരുടെ നാട്ടിലെ ബന്ധുക്കളെ സഹായിക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. 

ഇതിനായി എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള 17 രാജ്യങ്ങളില്‍ ഈ സഹായം ഒരുക്കും. മലേഷ്യ, ജോര്‍ദാന്‍, യു.എ.ഇ, യമന്‍, ലബനന്‍, ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ഇറാഖ്, ബഹറിന്‍, സൌദി, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യ, ലിബിയ, സുഡാന്‍, സിറിയ, തായ് ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ആദ്യ ഘട്ടത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.മറ്റു രാജ്യങ്ങളിലും ഇത് താമസിയാതെ വ്യാപിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.

സാധാരണ മരണത്തില്‍ ഉള്‍പ്പെടുന്നവരുടെ ശരീരങ്ങള്‍ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലെത്തിക്കും.എന്നാല്‍ അസ്വാഭാവിക മരണമാണെങ്കില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും വരെ കാത്തിരിക്കേണ്ടി വന്നേക്കും.മൃതദേഹം എത്തിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ ലഭിക്കുന്ന ട്രാക്ക് നമ്പര്‍ ഉപയോഗിച്ചു ഇത് സംബന്ധിച്ച നടപടികളുടെ പുരോഗതി ബന്ധുക്കള്‍ക്ക് അറിയാനാവും.നാട്ടില്‍ മൃതദേഹം എത്തുന്നത് വരെ ഈ ട്രാക്കിംഗ് സൗകര്യം തുടരാം.

വിദേശത്തു വെച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ജന്മനാട്ടിലെത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നാണ് തന്റെ നിലപാട് എന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.വിദേശത്ത് വെച്ചു മരിക്കുന്ന സ്വന്തപ്പെട്ടവരുടെ ഭൌതിക ശരീരത്തെകുറിച്ചുള്ള ആശങ്കയും ,ബന്ധുക്കളുടെ ക്ലേശവും കുറയ്ക്കാന്‍ സര്‍ക്കാരിന്റെ പുതിയ നടപടിക്കു കഴിയുമെന്ന് മന്ത്രി പറഞ്ഞു.ഇതിനുള്ള സൗകര്യങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി സുഷമാ സ്വരാജ് അറിയിച്ചു.

ഇതിനായി ഒരു പ്രത്യേക സോഫ്റ്റ് വെയര്‍ ആണ് ഉപയോഗിക്കുക. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുകിട്ടാനായി ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. ഒരു പ്രത്യേക നമ്പറില്‍ വിവരങ്ങള്‍ അപ്പപ്പോള്‍ ഇ.മെയിലിലും എസ്.എം.എസ് ആയും ലഭ്യമാകും.

വിദേശ ഇന്ത്യാക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചിലവുകളെ കുറിച്ചു പ്രത്യേക പരാമര്‍ശം മന്ത്രി നടത്തിയില്ല.ചില രാജ്യങ്ങളില്‍ ഇത് എംബസി മുഖാന്തിരം വഹിക്കുന്നുണ്ട്.സര്‍ക്കാരിന്റെ ഒരു ഇന്‍ഷറന്‍സ് പദ്ധതിയുടെ ഭാഗമായും ഇതിനുള്ള ചിലവുകള്‍ നല്‍കപ്പെടുന്നുണ്ട്.മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന് എം പി മാരുടെ യോഗം ഈയിടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.ഇത് താമസംവിനാ നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍ 

25 മില്യന്‍ ഇന്ത്യാക്കാരാണ് വിദേശങ്ങളില്‍ ജോലി ചെയ്യുന്നത്.കഴിഞ്ഞ വര്‍ഷം 4000 പേരാണ് വിദേശത്ത് വെച്ചു മരണപ്പെട്ടത്.ഇതില്‍ 1500 പേരും സൗദി അറേബ്യയില്‍ നിന്നുള്ളവര്‍ ആയിരുന്നു 

Scroll To Top