Sunday December 04, 2016
Latest Updates

വിജയത്തിളക്കത്തില്‍ നരേന്ദ്ര മോഡി ഡല്‍ഹിയില്‍ എത്തി; മോഡിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ചൊവ്വാഴ്ച തെരഞ്ഞെടുക്കും

വിജയത്തിളക്കത്തില്‍ നരേന്ദ്ര മോഡി ഡല്‍ഹിയില്‍ എത്തി; മോഡിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ചൊവ്വാഴ്ച തെരഞ്ഞെടുക്കും

ന്യൂഡല്‍ഹി: പതിനാറാം ലോകസഭ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയ എന്‍ഡിഎ മന്ത്രിസഭാ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ചൊവ്വാഴ്ച ഔദ്യോഗികമായി തെരഞ്ഞെടുക്കും. ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് അറിയിച്ചതാണ് ഇക്കാര്യം.

ചൊവ്വാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കുകയും ബുധനാഴ്ച മോഡി സത്യപ്രതിജ്ഞ ചെയ്യാനുമായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ ബുധനാഴ്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ വാര്‍ഷിക ദിനമാണ് . ഇത് കണക്കിലെടുത്ത് ബുധനാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയെക്കില്ലെന്നാണ് സൂചന.

ഈ മാസം 20 ന് എന്‍ഡിഎ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ മാത്രമേ സത്യപ്രതിജ്ഞ തീയതി തീരുമാനിക്കൂ എന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് അറിയിച്ചു. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ വച്ചാകും സത്യപ്രതിജ്ഞ. ആര്‍എസ്എസിന്റെ കൂടി നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്താണ് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

കേന്ദ്രമന്ത്രി സഭാംഗങ്ങളെ തീരുമാനിക്കുന്നത് കൂടാതെ ഗുജറാത്തില്‍ മോഡിയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രി ആകേണ്ടത് ആരെന്നത് സംബന്ധിച്ചും ബിജെപിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വരെ ഗുജറാത്തിലായിരുന്ന മോഡി ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ എത്തിയത്. ഡല്‍ഹിയില്‍ എത്തിയ മോഡിയെ രാജ്‌നാഥ് സിംഗ് വിമാനത്താവളത്തില്‍ സ്വീകരിച്ചു.

തുടര്‍ന്ന് നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് മോഡിയെ പാര്‍ട്ടി ആസ്ഥാനത്തേക്ക് നയിച്ചത്. പ്രധാനമന്ത്രി സ്ഥാനം സംബന്ധിച്ച് തര്‍ക്കമില്ലാത്തതിനാല്‍ മന്ത്രിമാര്‍ ആരൊക്കെ ആയിരിക്കണമെന്നാണ് ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അമിത് ഷാ ഉള്‍പ്പെടെ മോഡിയുടെ വിശ്വസ്തര്‍ എല്ലാവരും മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി സ്ഥാനമാകും അമിത് ഷായ്ക്ക് നല്കുകയെന്നും സൂചനയുണ്ട്.

Scroll To Top