Monday December 05, 2016
Latest Updates

വാഹനാപകടം ഉണ്ടാക്കിയ ശേഷം വിട്ടു പോകരുതേ ! 10 വര്‍ഷം വരെ ജയില്‍ ശിക്ഷ നിങ്ങളെ തേടി വന്നേക്കാം

വാഹനാപകടം ഉണ്ടാക്കിയ ശേഷം വിട്ടു പോകരുതേ ! 10 വര്‍ഷം വരെ ജയില്‍ ശിക്ഷ നിങ്ങളെ തേടി വന്നേക്കാം

ഡബ്ലിന്‍:വാഹനാപകടം ഉണ്ടാക്കി നിര്‍ത്താതെ ഓടിച്ചുപോകുന്ന െ്രെഡവര്‍മാര്‍ക്ക് ഇനി മുതല്‍ കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്ന് ഗതാഗത മന്ത്രി ലിയോ വരേദ്കര്‍ മുന്നറിയിപ്പു നല്‍കി.
ഏറ്റവും കുറഞ്ഞത് ഇത്തരക്കാര്‍ക്ക് 10വര്‍ഷത്തെ ജയില്‍ ശിക്ഷയെങ്കിലും നല്‍കണമെന്നാണ് വരേദ്കര്‍ നിര്‍ദേശിച്ചിട്ടുള്ളത്.. പിഴയായി ഏര്‍പ്പെടുത്തിയിരിക്കുന്ന 2000യൂറോ വര്‍ദ്ധിപ്പിച്ച് 5000യൂറോയോളം പിഴയടക്കാനുള്ള സാധ്യത തുറന്നുവെക്കണമെന്നും വരേദ്കര്‍ അഭിപ്രായപ്പെട്ടു.
ഫിന്‍ഗീലിന്റെ ഗതാഗത വകുപ്പ് വക്താവ് ടിമ്മി ഡൂലി അവതരിപ്പിച്ച റോഡ് ട്രാഫിക് ബില്ലിനെ പിന്തുണച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു വരേദ്കര്‍.
സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ ഗാര്‍ഡ പ്രതി മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ബില്ലിന്റെ രണ്ടാം ഭാഗം മന്ത്രി തള്ളിക്കളയുകയാണ് ചെയ്തത്.
സര്‍ക്കാര്‍ തന്റെ ബില്ല് അംഗീകരിച്ചതിനെ ടിമ്മി ഡൂലി സ്വാഗതം ചെയ്തു.
റോഡ് ട്രാഫിക് അമെന്റ്‌മെന്റ് ബില്ലിലാണ് ഈ ഭാഗം കൂടി കൂട്ടിച്ചേര്‍ക്കാന്‍ പോകുന്നത്. 2011ല്‍ ഇത്തരത്തില്‍ ഒരു റോഡ് ആക്‌സിഡന്റില്‍ കൊല്ലപ്പെട്ട ഷെയിന്‍ ഒ’ഫാരല്‍ എന്ന 23കാരന്റെ സ്മരണാര്‍ത്ഥം ഷെയിന്‍സ് ലോ എന്നാണ് പുതിയ ഭേദഗതിക്കു പേരു നല്‍കിയിരിക്കുന്നത്. ഷെയിനിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ വാഹന ഉടമയായ സിഗിമാന്റിസ് ഗ്രിഡ്‌സുയിസ്‌കയ്ക്ക് 8മാസത്തെ തടവുശിക്ഷയോ അതല്ലെങ്കില്‍ അയാളുടെ മാതൃരാജ്യമായ ലിത്വാനിയയിലേക്ക് മടക്കമോ ആയിരുന്നു ശിക്ഷയായി വിധിച്ചത്. തിരികെ ലിത്വാനിയയിലേക്ക് മടങ്ങുകയാണ് പ്രതി ചെയ്തത്.
ഷെയിനിന്റെ കുടുംബമാണ് ഈ നിയമ വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നത്. ഇത്തരം അപകടത്തില്‍ പെട്ട് ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നീതിയുക്തമായി എന്തെങ്കിലും ചെയ്തുകൊടുക്കേണ്ടത് അത്യാവശ്യമാണെന്ന് ടിമ്മി ഡൂലി പറഞ്ഞു.
ഒരു കുടുംബത്തെ തകര്‍ക്കാനുതകുന്ന സംഗതിയായിരുന്നു റോഡപകടത്തിലൂടെ ഷെയിനിനും കുടുംബത്തിനും സംഭവിച്ചതെന്ന് സ്വതന്ത്ര റ്റിഡി ആയ ഫിനിയന്‍ മക്ഗ്രാത്ത് പറഞ്ഞു.
കഴിഞ്ഞ തവണത്തേതിനേക്കാള്‍ കുറഞ്ഞ തോതിലാണ് ഇത്തവണ റോഡ്‌സൈഡ് ബ്രത്ത് ടെസ്റ്റ് നടത്തിയതെന്ന് സിന്‍ ഫിന്‍ പരിസ്ഥിതി വക്താവ് ബ്രിയാന്‍ സ്റ്റാന്‍ലി പറഞ്ഞു.

Scroll To Top