Wednesday December 07, 2016
Latest Updates

വാരണാസിയില്‍ എഎപി തരംഗം; കേജരിവാള്‍ അട്ടിമറി ജയം നേടിയേക്കുമെന്ന് റിപ്പോര്‍ട്ട്

വാരണാസിയില്‍ എഎപി തരംഗം; കേജരിവാള്‍ അട്ടിമറി ജയം നേടിയേക്കുമെന്ന് റിപ്പോര്‍ട്ട്

വാരണാസി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി മത്സരിക്കുന്ന രണ്ടാം മണ്ഡലമായ വാരണാസിയില്‍ ആം ആദ്മി തരംഗമെന്ന് റിപ്പോര്‍ട്ട്. പുലിമടയില്‍ ചെന്ന് പുലിയെ നേരിടുന്ന കേജ്രിവാളിന്റെ ശൈലിയാണ് വാരണാസിയിലെ വോട്ടര്‍മാരെ ആകര്‍ഷിച്ചത്. വാരണാസിയിലെ വോട്ടര്‍മാര്‍ക്കിടയില്‍, പ്രത്യേകിച്ച് മുസ്ലീം വോട്ടര്‍മാര്‍ക്കിടയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ദ്ധിച്ചതായി എക്കണോമിക് ടൈംസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോഡിക്കെതിരെ കേജ്രിവാള്‍ നേരിട്ട് നടത്തുന്ന ആക്രമണമാണ് വോട്ടര്‍മാരെ ആകര്‍ഷിച്ചിരിക്കുന്നത്.

വാരണാസിയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ബെനിയാബാഗ് ഉള്‍പ്പെടെ മുസ്ലീം വോട്ടര്‍മാര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളിലാണ് എഎപിക്ക് പിന്തുണ വര്‍ദ്ധിച്ചത്. മോഡിയെ നേരിടാന്‍ കോണ്‍ഗ്രസ് ദുര്‍ബലമാണെന്ന് വാരണാസിയിലെ മുസ്ലീം വോട്ടര്‍മാര്‍ കരുതുന്നു. വോട്ടെടുപ്പ് വരെ ആം ആദ്മി പാര്ട്ടിക്ക് ഈ പ്രതീക്ഷ നിലനിര്‍ത്താനായാല്‍ മോഡിക്കെതിരെ കേജ്രിവാള്‍ അട്ടിമറി വിജയം നേടിയേക്കുമെന്നാണ് ഇപ്പോള്‍ വാരണാസിയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പരമ്പരാഗതമായി കോണ്‍ഗ്രസിനോ സമാജ് വാദി പാര്‍ട്ടിക്കോ വോട്ട് ചെയ്തിരുന്ന വിഭാഗമാണ് വാരണാസിയിലെ മുസ്ലീങ്ങള്‍. എന്നാല്‍ ഇത്തവണ ഒരു മാറ്റത്തിന് വേണ്ടി എഎപിക്ക് വോട്ട് ചെയ്യുമെന്നാണ് മുസ്ലീം സമുദായത്തിലെ ഭൂരിപക്ഷം പേരും പറയുന്നത്.

മതപരമായ വിഷയങ്ങള്‍ പ്രചാരണത്തില്‍ ഉള്‍പ്പെടുത്താതെ സൂക്ഷ്മതയോടെയാണ് ആം ആദ്മി പാര്‍ട്ടി വാരണാസിയില്‍ പ്രചരണം നടത്തുന്നത്. ഈ ശൈലി പാര്‍ട്ടിക്ക് മതേതര മുഖം നല്‍കുന്നതായി വാരണാസിയില്‍ പാര്ട്ടിയുടെ പ്രചാരണ ചുമതലയുള്ള ആദര്‍ശ് ശാസ്ത്രി പറഞ്ഞു.

Scroll To Top