Thursday December 08, 2016
Latest Updates

വാട്ടര്‍ഫോര്‍ഡില്‍ റോമ വിരുദ്ധ സംഘര്‍ഷം തുടരുന്നു; ഇന്ന് വംശീയ വിരുദ്ധ റാലി 

വാട്ടര്‍ഫോര്‍ഡില്‍ റോമ വിരുദ്ധ സംഘര്‍ഷം തുടരുന്നു; ഇന്ന് വംശീയ വിരുദ്ധ റാലി 

ഡബ്ലിന്‍: വാട്ടര്‍ഫോര്‍ഡില്‍ റോമ വിരുദ്ധ സംഘര്‍ഷം തുടരുന്നു. റോമന്‍ വംശജര്‍ക്കെതിരായ സംഘടിത ആക്രമണം മുന്‍ധാരണയോട് കൂടിയതും വംശവെറി മൂലമാണെന്നും ഇക്വാളിറ്റി മന്ത്രി റിഥന്‍ പറഞ്ഞു. ശനിയാഴ്ച തുടങ്ങിയ സംഘര്‍ഷത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി റോമന്‍ വംശജരെ അവരുടെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായി. മനോര്‍ സ്ട്രീറ്റില്‍ പ്രകടനമായി എത്തിയ അറുപതോളം പേര്‍ റോമന്‍ വംശജര്‍ പുറത്ത് പോകണമെന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. റോമന്‍ വംശജരുടെ വീടിന് നേരെ കല്ലെറിയുകയും ജനല്‍ പാളികള്‍ തകര്‍ക്കുകയും ചെയ്തു. 

ഇന്നലെ വൈകുന്നേരവും റോമന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ച് ഒരു സംഘം ആളുകള്‍ റോമാക്കാരുടെ വീടിന് മുന്‍പില്‍ എത്തി മുദ്രാവാക്യം വിളിച്ചു. ഇന്നലെ റോമന്‍ വിരുദ്ധ പ്രകടനത്തില്‍ നൂറോളം പേര്‍ ഉണ്ടായിരുന്നതായി ഗാര്‍ഡ സ്ഥിരീകരിച്ചു. വാട്ടര്‍ഫോര്‍ഡില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് പിന്നില്‍ റോമന്‍ വംശജരാണെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകള്‍ റോമന്‍ വംശജര്‍ക്കെതിരെ രംഗത്ത് വന്നത്. റോമാക്കാര്‍ക്കെതിരെ വംശവെറി നിറഞ്ഞ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്ത ഒരു ഫെയ്‌സ്ബുക്ക് പേജും പ്രതിഷേധക്കാര്‍ തുടങ്ങിയിരുന്നു. വിവാദമായപ്പോള്‍ ഈ പേജ് പിന്‍വലിച്ചു. ഇപ്പോള്‍ വാട്ടര്‍ഫോര്‍ഡില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്ന പേരില്‍ ഒരു പേജ് തുടങ്ങിയിട്ടുണ്ട്. 

അതേസമയം റോമന്‍ വംശജരില്‍ ആരെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ ഒരു കമ്മ്യൂണിറ്റിയെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. നിലവിലെ സ്ഥിഗതികളില്‍ ആശങ്കയുണ്ടെന്ന് റോമ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് വര്‍ക്കര്‍ ഗാബി മുന്റീന്‍ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം 5.30 ന് വംശീയ വിരുദ്ധ റാലി സംഘടിപ്പിക്കുമെന്നും ഗാബി പറഞ്ഞു. റെയില്‍വേ സ്‌ക്വയറിലാണ് വംശീയ വിരുദ്ധ റാലി.

Scroll To Top