Wednesday December 07, 2016
Latest Updates

വാടക കുടിശിഖ :വീടൊഴിഞ്ഞ് കൊടുക്കണമെന്ന് കോടതി ,പറ്റില്ലെന്ന് താമസക്കാരി

വാടക കുടിശിഖ :വീടൊഴിഞ്ഞ് കൊടുക്കണമെന്ന് കോടതി ,പറ്റില്ലെന്ന് താമസക്കാരി

ഡബ്ലിന്‍ :വീട്ടുടമസ്ഥന് വാടക കുടിശ്ശിക വരുത്തിയ സ്ത്രീയോട് വീടൊഴിഞ്ഞുകൊടുക്കാന്‍ കോടതി ആവശ്യപ്പെട്ടു. മൂന്നു കുട്ടികളുടെ അമ്മയായ മൈക്കല ഒ’കോണറിനാണ് ഇപ്പോള്‍ വാടക കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ വീട് നഷ്ടപ്പെടാന്‍ പോകുന്നത്. 42,000യൂറോയോളം ഇവര്‍ ഉടമസ്ഥന് നല്‍കാനുണ്ടെന്നാണ് തെളിഞ്ഞിട്ടുള്ളത്.

സ്ത്രീയുടെ മുന്‍ പങ്കാളിയായിരുന്ന ആള്‍ തന്നെയാണ് വീട്ടുടമസ്ഥന്‍. എന്തൊക്കെ ചെയ്താലും താന്‍ വീട്ടില്‍നിന്നും ഇറങ്ങി ക്കൊടുക്കില്ലെന്നാണ് മൈക്കല ജഡ്ജ് ജാക്വിലിന്‍ ലിന്നേനോട് പറഞ്ഞിരിക്കുന്നത്
.
വീട്ടുടമസ്ഥനായ ടോമി കെന്നഡിയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം ടോമി തന്റെ വീട് മൈക്കലയ്ക്ക് വാടകയക്ക് നല്‍കിയിരിക്കുകയായിരുന്നു. നാലുവര്‍ഷത്തേക്കാണ് വീട് നല്‍കിയത്. വര്‍ഷത്തില്‍ 1,200 യൂറോയോളം വാടകയിനത്തില്‍ അടയ്ക്കാനാണ് നിബന്ധന വച്ചിരുന്നത്. നാലു വര്‍ഷത്തിന് ശേഷം വീട് വില്‍ക്കാമെന്നാണ് ടോമി പറഞ്ഞിരുന്നതെന്നും മൈക്കല പറഞ്ഞു.

പ്രോപര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നീക്കുപോക്കു നടത്താനുള്ള അധികാരം ഉടമസ്ഥനായ ടോമിക്കുതന്നെ നല്‍കാനാണ് പ്രൈവറ്റ് റസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നതെന്നാണ് ബോര്‍ഡ് കൗണ്‍സില്‍ ബാരിസ്റ്റര്‍ യൂനാ കാസിഡി പറഞ്ഞത്.

2011 മുതല്‍ മൈക്കല ടോമിക്ക് വാടക നല്‍കിയിരുന്നില്ലെന്നും വാടക കുടിശ്ശികയായി ഇപ്പോള്‍ 41,809 യൂറോയോളം നല്‍കാനുണ്ടെന്നും ബാരിസ്റ്റര്‍ കാസിഡി കൂട്ടിച്ചേര്‍ത്തു.

2011 മുതല്‍ വാടക നല്‍കുന്നില്ലെന്ന് മൈക്കലയും സമ്മതിച്ചിട്ടുണ്ടെന്ന് ജഡ്ജ് പറഞ്ഞു. പിആര്‍ടിബിയുടെ തീരുമാനത്തിനെതിരായി അവര്‍ ട്രിബ്യൂണല്‍ ടെനന്‍സിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലും അവര്‍ക്ക് എതിരായ വിധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

രോഗിയായ അമ്മയ്ക്കും കുട്ടികള്‍ക്കും വേണ്ടി തനിക്ക് ആ വീട് വേണമെന്നാണ് മൈക്കല കോടതിയോട് പറഞ്ഞത്.
ഏഴു ദിവസത്തിനുള്ളില്‍ തന്നെ മൈക്കല ആ വീട് ഒഴിഞ്ഞുകൊടുക്കണമെന്നാണ് കോടതി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Scroll To Top