Thursday December 08, 2016
Latest Updates

വാഗ്ദാനപെരുമഴയുമായി എഎപി പ്രകടന പത്രിക

വാഗ്ദാനപെരുമഴയുമായി എഎപി പ്രകടന പത്രിക

ന്യൂഡല്‍ഹി: മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ അപ്രതീക്ഷിതമായി അധികാരത്തില്‍ വരികയും വാഗ്ദാനം പാലിക്കാനാകാതെ വന്നപ്പോള്‍ അധികാരം വലിച്ചെറിയുകയും ചെയ്ത എഎപി സാധാരണക്കാരായ വോട്ടര്‍മാരുടെ പ്രതീക്ഷയാണ്. അതുകൊണ്ട് തന്നെ ആം ആദ്മി പാര്‍ട്ടിയെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ജനത ഉറ്റുനോക്കുന്നത്. എഎപി അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യുമെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആകാംഷയുണ്ട്. തങ്ങള്‍ക്ക് അധികാരം ലഭിച്ചാല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വിശദമാക്കി ആം ആദ്മി പാര്‍ട്ടി പ്രകടന പത്രിക പുറത്തിറക്കി.

ജന്‍ ലോക്പാല്‍ ബില്ലിന്റെ പേരില്‍ ഡല്‍ഹിയില്‍ അധികാരം ഒഴിയേണ്ട വന്ന ആം ആദ്മി പാര്‍ട്ടി തങ്ങള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ ജന്‍ ലോക്പാല്‍ ബില് പാസാക്കും എന്നതാണ് ആദ്യത്തെ വാഗ്ദാനം. ജന്‍ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ സര്‍ക്കാര്‍ ഓഫീസിലെ പ്യൂണ്‍ മുതല്‍ പ്രധാനമന്ത്രി വരെ എല്ലാവരെയും ഉള്‍പ്പെടുത്തും. ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായ പരിധി കുറയ്ക്കുമെന്നതാണ് മറ്റൊരു സുപ്രധാന വാഗ്ദാനം. നിലവില്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായം 25 വയസാണ്.

എഎപി അധികാരത്തില്‍ എത്തിയാല്‍ ഈ പ്രായപരിധി 21 വയസായി കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കുറ്റവാളികളുടെ കൂടി മനുഷ്യാവകാശം ഉറപ്പാക്കുന്നതിന് എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രതികളെ ചോദ്യം ചെയ്യുന്ന മുറിയില്‍ ക്യാമറ സ്ഥാപിക്കും. സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ നടപടി റദ്ദാക്കും എന്നതാണ് മറ്റൊരു സുപ്രധാന വാഗ്ദാനം.

ഡല്‍ഹി പോലീസിനെ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ കൊണ്ടുവരും. നിലവില്‍ ഡല്‍ഹി പോലീസ് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണ്. ഡല്‍ഹിയില്‍ പോലീസ് സംവിധാനം സംസ്ഥാന സര്‍ക്കാരിന് കീഴിലാക്കണമെന്ന് ആവശ്യപ്പെട്ടു കേജ്രിവാള്‍ നേരത്തെ സമരം ചെയ്തിരുന്നു. കേജ്രിവാള്‍ മുഖ്യമന്ത്രിയായിരിക്കെ ഡല്‍ഹി പോലീസിന്റെ അധികാരത്തെച്ചൊല്ലിയാണ് കേന്ദ്രസര്ക്കാരുമായി ആദ്യം ഭിന്നത രൂപപ്പെട്ടത്.

പൌരന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. അഴിമതി രഹിത ഭരണം കാഴ്ചവെക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് മാത്രമേ സാധിക്കൂ എന്നും പ്രകടന പത്രിക അവകാശപ്പെടുന്നു. ആം ആദ്മി പാര്‍ട്ടി തങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ജനങ്ങളുടെ മുന്നില്‍ വച്ചുകഴിഞ്ഞു. ഇനി ഭരണമാറ്റം ആഗ്രഹിക്കുന്ന വോട്ടര്‍മാര്‍ എഎപിയെ പിന്തുണയ്ക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

Scroll To Top