Wednesday December 07, 2016
Latest Updates

വനിതാ പോലീസ് ചമഞ്ഞു ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച യുവതികള്‍ അറസ്റ്റില്‍

വനിതാ പോലീസ് ചമഞ്ഞു ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച യുവതികള്‍ അറസ്റ്റില്‍

കൊച്ചി: വനിതാ പോലീസ് ചമഞ്ഞു ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച യുവതികള്‍ അറസ്റ്റില്‍. എറണാകുളം കുമ്പളങ്ങി സ്വദേശിനി സിനി (39), അങ്കമാലി ദേവഗിരി മേനാച്ചേരി വീട്ടില്‍ വര്‍ഗീസിന്റെ ഭാര്യ ഷൈല വര്‍ഗീസ് (44) എന്നിവരാണ് അറസ്റ്റിലായത്. തേവര ധനലക്ഷ്മി ജൂവലറിയില്‍ നിന്നാണ് ഇവര്‍ ആഭരണങ്ങള്‍ തട്ടിയെടുത്തത്. രണ്ടര ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു.

തേവര പോലീസ് സ്‌റ്റേഷനിലെ പോലീസുകാരാണെന്ന് പരിചയപ്പെടുത്തിയാണ് ഇവര്‍ ജ്വല്ലറിയില്‍ എത്തിയത്. ഇരുവരും ജ്വല്ലറിയില്‍ എത്തിയ ശേഷം പണം പിന്നെ തരാമെന്നു പറഞ്ഞു സ്വര്‍ണ്ണം ആവശ്യപ്പെട്ടു. എന്നാല്‍ ജ്വല്ലറി ഉടമ ഇതിനു തയ്യാറാകാഞ്ഞതോടെ ഇരുവരും എസ്‌ഐയെ കൂട്ടി വരുമെന്ന് ഭീഷണിപ്പെടുത്തി. ജ്വല്ലറി ഉടമയുടെ മുന്നില്‍ നിന്ന് എസ്‌ഐയോട് എന്ന വ്യാജേന സിനി ആര്‍ക്കോ ഫോണ്‍ ചെയ്യുകയും ചെയ്തു. ഇതോടെ ജ്വല്ലറി ഉടമ സ്വര്‍ണ്ണം നല്‍കാന്‍ തയ്യാറാവുകയായിരുന്നു.

എന്നാല്‍ ഏതാനും ദിവസങ്ങള്‍ പണം ലഭിക്കാതെ ആയതോടെ ജ്വല്ലറി ഉടമ സിനിയെ ഫോണ്‍ ചെയ്തു. താന്‍ ട്രെയിനിംഗിന്റെ ഭാഗമായി തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജിലാണെന്നും ഒരു മാസം കഴിഞ്ഞ് വന്നാലുടന്‍ പണം നല്‍കാമെന്നും സിനി പറഞ്ഞു. ഒരു മാസം കഴിഞ്ഞ് വിളിച്ചപ്പോള്‍ ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് മുംബയിലാണെന്നായിരുന്നു മറുപടി. പിന്നീട് വിളിച്ചപ്പോള്‍ ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേതുടര്‍ന്ന് സംശയം തോന്നിയ ജ്വല്ലറി ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തട്ടിയെടുത്ത സ്വര്‍ണം ഷൈലയുടെ മകളുടെ കല്യാണ ആവശ്യങ്ങള്‍ക്കായി വിനിയോഗിച്ചു എന്നാണു സൂചന. ഇരുവരും ചേര്‍ന്ന് നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ സേവ്യര്‍ സെബാസ്റ്റ്യന്‍, സൗത്ത് സ്‌റ്റേഷന്‍ സി.ഐ സിബി ടോം,എസ്.ഐ വി.ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Scroll To Top