Sunday December 04, 2016
Latest Updates

വംശീയ ആക്രമണങ്ങള്‍ ഗാര്‍ഡ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന ആരോപണവുമായി ഇമിഗ്രന്റ് കൗണ്‍സില്‍

വംശീയ ആക്രമണങ്ങള്‍ ഗാര്‍ഡ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന ആരോപണവുമായി ഇമിഗ്രന്റ് കൗണ്‍സില്‍

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ വംശീയ ആക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയാണ് ഗാര്‍ഡ ചെയ്യുന്നതെന്ന് ഇമിഗ്രന്റ് കൗണ്‍സില്‍ അയര്‍ലണ്ട് ആരോപിച്ചു. വംശീയ ആക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഏതു രീതിയിലാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതെന്നത് സംബന്ധിച്ച വിവരങ്ങള്‍ എത്രയും പെട്ടെന്നു തന്നെ ഐസിഐക്കു മുന്‍പാകെ ഹാജരാക്കാനും കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ഒട്ടേറെ വംശീയ അതിക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാതെ പോവുകയാണെന്നാണ് സംഘടന ആരോപിക്കുന്നത്.നോര്‍ത്തേണ്‍ അയര്‍ലണ്ട് പോലിസ് (പിഎസ്എന്‍ഐ) ഇവിടെയുള്ളതിനേക്കാള്‍ 700ശതമാനത്തോളം അധികം കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്നാല്‍ ഗാര്‍ഡയാകട്ടെ വളരെ കുറഞ്ഞ കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.

ഇത് നോര്‍ത്തേണ്‍ അയര്‍ലണ്ടിലുള്ള വിഭാഗീയ വാദികളുടെ എണ്ണം കൂടുതലാണെന്നല്ല കാണിക്കുന്നത്. എല്ലാ തരം വംശീയ അധിക്ഷേപങ്ങളും അവിടെ പോലീസ് കേസായി പരിഗണിക്കുന്നു. എന്നാല്‍ അയര്‍ലണ്ടില്‍ ഗാര്‍ഡ പല കേസുകളും കാര്യമാക്കാതെ തള്ളിക്കളയുകയാണ് ചെയ്യുന്നതെന്നും ഐസിഐ പറഞ്ഞു.

ഐസിഐ നടത്തിയ റിസര്‍ച്ചുകളും അയര്‍ലണ്ടില്‍ വംശീയ അതിക്രമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടാതെ പോകുന്നുവെന്നതിന് വ്യക്തമായി തെളിയിച്ചിരുന്നുവെന്നും ആക്രമണത്തിന് വിധേയരാകപ്പെട്ടവരില്‍ പലരും തങ്ങള്‍ പ്രശ്‌നക്കാരെന്നു മുദ്രകുത്തപ്പെടുമെന്നുള്ള ഭയം നിമിത്തമാണ് റിപ്പോര്‍ട്ട് ചെയ്യാന്‍ വരാത്തതെന്നും ചീഫ് എക്‌സിക്യുട്ടീവ് ഡെനിസ് ചാള്‍ടണ്‍ പറയുന്നു.
മാത്രമല്ല പരാതിക്കാര്‍ക്ക് ഗാര്‍ഡ തങ്ങളുടെ കേസ് വേണ്ടത്ര കാര്യമായ രീതിയില്‍ പരിഗണിക്കില്ലെന്ന ധാരണയും ഇത്തരക്കാര്‍ക്കിടയില്‍ ഉണ്ടെന്നും ഡെനിസ് കൂട്ടിച്ചേര്‍ത്തു.

ഇത്തരം വംശീയ ആക്രമണങ്ങള്‍ക്കെതിരെയുള്ള അന്വേഷണം സ്വതന്ത്രമാക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഐസിഐ ഇപ്പോള്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്നത്.

ഇത്തരത്തില്‍ ഇരകള്‍ക്ക് പിന്തുണയും നിര്‍ദ്ദേശങ്ങളും സുതാര്യമായ രീതിയില്‍ ലഭിക്കുമെന്ന വിശ്വാസം ജനങ്ങളില്‍ വളര്‍ത്തിയെടുത്ത് അവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാനുള്ള ധൈര്യം ജനങ്ങളിലും ഉണ്ടാക്കിയെടുക്കുക എന്നതു തന്നെയാണ് ഐസിഐ ലക്ഷ്യമിടുന്നത്.
കുടിയേറ്റക്കാരായ പ്രവാസികളുടെ നേരെ വംശീയമായും അല്ലാതെയും നടക്കുന്ന നിരവധി ആക്രമണങ്ങള്‍ക്ക് നേരെ ഗാര്‍ഡ കണ്ണടയ്ക്കുന്നുവെന്ന് നിരവധി പ്രവാസി സംഘടനകള്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു

Scroll To Top