Monday December 05, 2016
Latest Updates

ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് നാളെ കിക്കോഫ്

ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് നാളെ കിക്കോഫ്

സാവോ പോളോ: ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് നാളെ കിക്കോഫ്. 64 വര്‍ഷത്തിന് ശേഷം ബ്രസീല്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. സാവോ പോളോയിലെ അരീനയില്‍ ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാത്രി 12.30നാണ് കിക്കോഫ്. ആദ്യ മത്സരത്തില്‍ ആതിഥേയരായ ബ്രസീലും ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടും. തുടര്‍ന്ന് 30 ദിവസം ലോക ഫുട്‌ബോള്‍ രാജാക്കന്മാരെ കണ്ടെത്തുന്നതിനുള്ള പോരാട്ടം ബ്രസീലില്‍ നടക്കും.

ഇന്ത്യ കളിക്കുന്നില്ലെങ്കിലും കേരളവും കാല്‍പ്പന്ത് കളിയുടെ ആവേശത്തിലാണ്. ബ്രസീലിനും അര്‍ജന്റീനയ്ക്കും തന്നെയാണ് കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ളത്. മലബാര്‍ മേഖലയിലാണ് അര്‍ജന്റീന, ബ്രസീല്‍ ആരാധകരില്‍ ഭൂരിപക്ഷവും. സൂപ്പര്‍ താരം മെസിയോടുള്ള ആരാധനയാണ് പലരെയും അര്‍ജന്റീന പക്ഷത്ത് ഉറപ്പിച്ച് നിര്‍ത്തുന്നത്. സ്‌പെയിന്‍, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ തുടങ്ങിയ ടീമുകള്‍ക്കും കേരളത്തില്‍ ആരാധകര്‍ കുറവല്ല.

ജൂലൈ 13 ന് മാരക്കാനയിലാണ് ഫൈനല്‍ നടക്കുന്നത്. 1950ലാണ് ബ്രസീല്‍ ഇതിന് മുമ്പ് ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിച്ചത്. അന്ന് ഫൈനലില്‍ ഉറുഗ്വേയോട് പരാജയപ്പെട്ട ബ്രസീല്‍ സ്വന്തം നാട്ടില്‍ വീണ്ടും വിരുന്നെത്തിയ ലോകകപ്പിലൂടെ കിരീടം തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ്. കിരീടം നിലനിര്‍ത്താനുള്ള പരിശ്രമത്തില്‍ കഴിഞ്ഞ തവണത്തെ ജേതാക്കളായ സ്‌പെയിനും കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ പോരാട്ടം തീ പാറുമെന്ന് ഉറപ്പാണ്.

ബദ്ധവൈരികളായ ബ്രസീലും അര്‍ജന്റീനയും തമ്മില്‍  ഫൈനലില്‍ ഏറ്റുമുട്ടുമെന്നാണ് മിക്ക കളിവിദഗ്ദരും പ്രതീക്ഷിക്കുന്നത്. കളിവിദഗ്ദരുടെ പ്രവചനം ശരിയായാല്‍ അര്‍ജന്റീനയ്ക്ക് വേണ്ടി മെസിയും ബ്രസീലിനും വേണ്ടി നെയ്മറും ഏറ്റുമുട്ടുന്ന ക്ലാസിക് ഫൈനലിന് ബ്രസീല്‍ ലോകകപ്പ് വേദിയാകും.

Scroll To Top