Sunday December 04, 2016
Latest Updates

ലോക്‌സഭാ തെരഞ്ഞെടുപ്പ് ചെലവുകള്‍ വഹിച്ചത് പാര്‍ട്ടി , മറിച്ചുള്ള ആരോപണങ്ങളെ നിഷേധിച്ച് മോദിയെ കുറിച്ചുള്ള പുതിയ പുസ്തകം

ലോക്‌സഭാ തെരഞ്ഞെടുപ്പ് ചെലവുകള്‍ വഹിച്ചത് പാര്‍ട്ടി , മറിച്ചുള്ള ആരോപണങ്ങളെ നിഷേധിച്ച് മോദിയെ കുറിച്ചുള്ള പുതിയ പുസ്തകം

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രചാരണത്തിന്റെ മുഴുവന്‍ ചെലവും ബിജെപി തന്നെയാണ് വഹിച്ചതെന്ന് നരേന്ദ്ര മോദി പറഞ്ഞതായി വെളിപ്പെടുത്തിക്കൊണ്ടുള്ള പുതിയ പുസ്തകം. മുന്‍ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറിന്റെ മാധ്യമ ഉപദേശകനായിരുന്ന ലാന്‍സ് പ്രൈസിന്റെ മോദിയെക്കുറിച്ചുള്ള ‘ദ മോദി എഫക്ട്: ഭാരതത്തെ മാറ്റിമറിച്ച നരേന്ദ്ര മോദിയുടെ പ്രചാരണങ്ങളുടെ ഉള്ളറകള്‍’ എന്ന പുസ്തകത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ കേന്ദ്രീകരിച്ചാണ് പുസ്തകം തയാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സ്വകാര്യ എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചുവെന്നും അതിനായി പണം ചെലവഴിച്ചത് കോര്‍പ്പറേറ്റ് കമ്പനികളാണെന്നുമുള്ള ആരോപണങ്ങള്‍ ശക്തമായിരുന്നു.  തെരഞ്ഞെടുപ്പ് വേളയില്‍ ഇന്ത്യയിലെ ജനങ്ങള്‍ തന്നെ മാത്രമാണ് പ്രതീക്ഷയോടെ നോക്കി കണ്ടതെന്നും മോദി പറഞ്ഞതായി പുസ്തകത്തില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, സഹപ്രവര്‍ത്തകരായ പീയുഷ് ഗോയല്‍, പ്രകാശ് ജാവദേക്കര്‍, സ്മൃതി ഇറാനി, മോദിയുടെ ഉപദേശക സംഘം എന്നിവരുടെ അഭിമുഖങ്ങളെ ആസ്പദമാക്കിയുള്ളതാണ് പുസ്തകം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം ടെലിവിഷന്‍ പോലും കാണാതെ ഏകനായി ഇരിക്കുകയായിരുന്നെന്ന് മോദി പറയുന്നു. ധ്യാനത്തില്‍ മുഴുകിയിരുന്ന തന്നെ 12 മണിയോടെ പാര്‍ട്ടി അദ്ധ്യക്ഷനായിരുന്ന രാജ്‌നാഥ്‌സിങ്ങാണ് വിളിച്ച് ആദ്യവിവരങ്ങള്‍ നല്‍കിയത്. പാര്‍ട്ടി അക്ഷരാര്‍ത്ഥത്തില്‍ തൂത്തുവാരിയെന്ന് രാജ്‌നാഥ്‌സിങ് ഫോണിലൂടെ അറിയിച്ചു, മോദി പറയുന്നു. നരേന്ദ്രമോദിയെപ്പറ്റി സ്വകാര്യവും രാഷ്ട്രീയവുമായ നിരവധി പുതിയ വിവരങ്ങള്‍ പുസ്തകത്തിലുണ്ട്.

കോര്‍പ്പറേറ്റ് കമ്പനികളുടെ സ്വകാര്യ എയര്‍ക്രാഫ്റ്റുകള്‍ രാജ്യമെങ്ങും പ്രചാരണത്തിനായി സഞ്ചരിക്കാന്‍ ഉപയോഗിച്ചെന്നതു സംബന്ധിച്ച് നിരവധി ലേഖനങ്ങള്‍ വന്നിട്ടുണ്ടെന്ന് പറയുന്ന മോദി ആവശ്യമെങ്കില്‍ സൈക്കിളില്‍ പ്രചാരണം നടത്താനും തയ്യാറാണെന്ന് ലേഖകനോട് വ്യക്തമാക്കുന്നു. ലോക്‌സഭാ പ്രചാരണവേളയില്‍ അരവിന്ദ് കേജ്‌രിവാളിനെ മനപ്പൂര്‍വ്വം അവഗണിക്കുകയായിരുന്നെന്നും കേജ്‌രിവാല്‍നായി സമയം കളയാനില്ലായിരുന്നെന്നും മോദി പറയുന്നുണ്ട്.

2012ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിലെ മൂന്നാം വിജയം നേടിതയോടെ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നവരില്‍ ഒരാള്‍ താനാണെന്ന് ബോധ്യമുണ്ടായിരുന്നെന്നും മോദി പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിനായി പാര്‍ട്ടിക്കുള്ളില്‍ ലോബിയിംഗ് നടത്താന്‍ ഒരിക്കലും തയ്യാറായിട്ടില്ല.

അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസ്റ്റ് നേതാക്കളുമായും മുസ്ലീം സംഘടനകളുമായുമെല്ലാം യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മികച്ച അനുഭവമാണെന്ന് നരേന്ദ്രമോദി പറയുന്നു. അടിയന്തരാവസ്ഥക്കാലഘട്ടമാണ് തന്നെ രൂപപ്പെടുത്തിയത്. ഭരണഘടനയെപ്പറ്റിയും അവകാശങ്ങളെപ്പറ്റിയും എല്ലാം ബോധ്യപ്പെടുത്തിത്തന്ന കാലമാണതെന്നും മോദി പുസ്തകത്തില്‍ വിവരിക്കുന്നു. നാലുതവണയായി പ്രധാനമന്ത്രിയെ സമീപിച്ചാണ് പുസ്തകത്തിനാവശ്യമായ വിവരങ്ങള്‍ ലേഖകന്‍ ലാന്‍സ് പ്രൈസ് ശേഖരിച്ചത്.

Scroll To Top