Friday December 09, 2016
Latest Updates

ലോക്കല്‍ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് പെനാല്‍റ്റി പോയിന്റ് ചുമത്താനാകില്ല; ഗാര്‍ഡ നിയമങ്ങള്‍ പരിഷ്‌ക്കരിച്ചു

ലോക്കല്‍ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് പെനാല്‍റ്റി പോയിന്റ് ചുമത്താനാകില്ല; ഗാര്‍ഡ നിയമങ്ങള്‍ പരിഷ്‌ക്കരിച്ചു

ഡബ്ലിന്‍: ഇനി ലോക്കല്‍ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് പെനാല്‍റ്റി പോയിന്റ് ചുമത്താനാകില്ല. ഗാര്‍ഡ ഉദ്യോഗസ്ഥരുടെ അധികാര പരിധി സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗാര്‍ഡ വെബ്‌സൈറ്റില്‍ ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. ഗാര്‍ഡ കമ്മീഷണര്‍ നൂറിന്‍ ഓ സുല്ലിവനാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചത്. പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഫിക്‌സഡ് ചാര്‍ജ് നോട്ടീസ് ലഭിക്കുന്നവര്‍ക്ക് ഇനി മുതല്‍ അത് റദ്ദാക്കുന്നതിന് അപേക്ഷ നല്‍കാനാകും. 

ക്യാന്‍സലേഷന്‍ ഫോം ഗാര്‍ഡയുടെ വെബ്‌സൈറ്റിലും തല്‍സിലെ ഫിക്‌സഡ് ചാര്‍ജ് പ്രോസസിംഗ് ഓഫീസിലും ലഭ്യമാകും. ക്യാന്‍സല്‍ അപേക്ഷകളില്‍ നടപടി സ്വീകരിക്കാനുള്ള അധികാരം ലോക്കല്‍ ഗാര്‍ഡയില്‍ നിന്ന് എടുത്ത് മാറ്റിയതോടെ അവര്‍ക്ക് ക്യാന്‍സലേഷന്‍ അപേക്ഷകള്‍ പരിഗണിയ്ക്കാന്‍ അധികാരമുണ്ടാകില്ല. ഫിക്‌സഡ് ചാര്‍ജ് പ്രോസസിംഗ് ഓഫീസില്‍ ഇനി മുതല്‍ കൃത്യമായ ഓഡിറ്റിംഗ് നടത്തും. പെനാല്‍റ്റി പോയിന്റ് സംവിധാനത്തില്‍ സുതാര്യത ഉറപ്പാക്കാനാണ് പുതിയ പരിഷ്‌ക്കാരങ്ങളെന്ന് സുല്ലിവന്‍ പറഞ്ഞു. 

യാത്രാ സുരക്ഷിതത്വം ഉറപ്പാക്കുന്നതും റോഡപകടങ്ങള്‍ കുറയ്ക്കുന്നതും ഗാര്‍ഡയുടെ ലക്ഷ്യങ്ങളാണെന്ന് ഗാര്‍ഡ കമ്മീഷണര്‍ പറഞ്ഞു. ഗാര്‍ഡയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ക്ക് കഴിയുമെന്ന് ജസ്റ്റിസ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ് ജെറാള്‍ഡ് പറഞ്ഞു. 

ഗാര്‍ഡ പെനാലിറ്റി പോയിന്റ് ക്യാന്‍സല്‍ ചെയ്യിക്കാന്‍ വേണ്ടി പൊതുജനങ്ങളില്‍ നിന്നും കൈക്കൂലി വാങ്ങിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നടപടി.ഗാര്‍ഡാ വിസല്‍ ബ്ലോവറുടെ കണ്ടെത്തല്‍ അലന്‍ ഷാറ്ററുടെ രാജിയില്‍ വരെ എത്തുകയുണ്ടായി.

Scroll To Top