Monday December 05, 2016
Latest Updates

ലോകത്തെ സമ്പന്ന കായികതാരങ്ങളില്‍ ധോണിയും

ലോകത്തെ സമ്പന്ന കായികതാരങ്ങളില്‍ ധോണിയും

 

 

ന്യൂഡല്‍ഹി: ടീം ഇന്ത്യയുടെ സൂപ്പര്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി
റാഫേല്‍ നഡാലിനെയും ഉസൈന്‍ ബോള്‍ട്ടിനെയും പിന്തള്ളി മുന്നേറുന്നു.
പക്ഷേ, ടെന്നീസ് കോര്‍ട്ടിലും ട്രാക്കിലുമല്ല. ലോകത്തെ അതിസമ്പന്ന
കായികതാരങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ കൂൾ ക്യാപ്റ്റന്റെ മുന്നേറ്റം.

പ്രമുഖ ബിസിനസ് മാഗസിന്‍ ഫോബ്‌സിന്റെ കണക്കു പ്രകാരം ലോകത്തെ സമ്പന്ന
കായികതാരങ്ങളില്‍ 16-ാം സ്ഥാനത്താണ് ധോണി .180 കോടിയോളം രൂപ ആണ് 2012
ജൂണ്‍ മുതല്‍ 2013 ജൂണ്‍ വരെയുള്ള ധോണിയുടെ വരുമാനം.

പട്ടികയില്‍ സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നഡാല്‍ 30-ാം സ്ഥാനത്തും ലോകത്തെ ഏറ്റവും
വേഗമേറിയ മനുഷ്യനായ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് 40-ാം സ്ഥാനത്തുമാണ്.

125 കോടി രൂപയുടെ പ്രതിവര്‍ഷവരുമാനമുള്ള സച്ചിന്‍ ടെണ്ടുല്‍ക്കറാണ് (31)
പട്ടികയിലുള്ള മറ്റൊരു ഇന്ത്യന്‍ കായികതാരം. കഴിഞ്ഞ വര്‍ഷം 31 -ാം
സ്ഥാനത്തായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ വര്‍ഷം 15 സ്ഥാനങ്ങള്‍
മെച്ചപ്പെടുത്തി ഫോര്‍മുല വണ്‍ കാറോട്ടതാരങ്ങളായ ഫെര്‍ണാണ്ടോ അലോണ്‍സോ
(19) ലൂയി ഹാമില്‍ട്ടണ്‍(26), ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ നൊവാക്
ദ്യോക്കോവിച്ച് (28) എന്നിവരെയും പിന്നിലാക്കി.

പട്ടികയില്‍ ഗോള്‍ഫ് കളിക്കാരന്‍ ടൈഗര്‍വുഡ് ആണ് 7.81 കോടി ഡോളറു(494
കോടി രൂപ) മായി ഒന്നാം സ്ഥാനത്ത്. ടെന്നീസ് താരം റോജര്‍ ഫെഡറര്‍ (455
കോടി രൂപ), ബാസ്‌കറ്റ്‌ബോള്‍താരം കോബ് ബ്രയന്റ് (394 കോടി രൂപ) എന്നിവര്‍
യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്.

Scroll To Top