Friday December 09, 2016
Latest Updates

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിനും ബെല്‍ഫാസ്റ്റും

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിനും ബെല്‍ഫാസ്റ്റും

ഡബ്ലിന്‍: ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിനും ബെല്‍ഫാസ്റ്റും. യൂറോ ഉള്‍പ്പെടെയുള്ള കറന്‍സികള്‍ ഡോളറിനെതിരെ നില മെച്ചപ്പെടുത്തിയതിനാലാണ് ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ചെലവ്
വര്‍ദ്ധിച്ചത്. പ്രമുഖ മാനവ വിഭവശേഷി സ്‌പെഷ്യലിസ്റ്റ് ആയ മെര്‍സെര്‍ ആണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡോളറിന്റെ വാങ്ങല്‍ ശേഷിക്ക് അനുസൃതമായി ബഹുരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പളം
വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പഠനം നടത്തുന്നത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിന്‍ 10 സ്ഥാനങ്ങള്‍ വര്‍ദ്ധിപ്പിച്ച് അമ്പത്തിയൊന്നാം സ്ഥാനത്തായി. ബെല്‍ഫാസ്റ്റ്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 38 സ്ഥാനങ്ങള്‍ വര്‍ദ്ധിപ്പിച്ച് നൂറ്റി ഇരുപതാം സ്ഥാനത്തായി. യൂറോ കൂടാതെ യൂറോപ്യന്‍ കറന്‍സികള്‍ എല്ലാം തന്നെ ഡോളറിനെതിരെ നില
മെച്ചപ്പെടുത്തി. ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ മറ്റ് ജീവിത ചെലവുകള്‍ക്കൊപ്പം വാടക നിരക്കിലും ക്രമാതീതമായ വര്‍ദ്ധന ഉണ്ടായി. ഇതും ഈ നഗരങ്ങള്‍ ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ വരുന്നതിനു കാരണമായി.

യൂറോപ്യന്‍ നഗരങ്ങളില്‍ ഏറ്റവും ചെലവേറിയ നഗരമായി സൂറിച്ച് തെരഞ്ഞെടുക്കപ്പെട്ടു, തൊട്ട് പിന്നിലായി ജനീവയും ബേണുമുണ്ട്. ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ലണ്ടനും സ്ഥാനം നേടിയിട്ടുണ്ട്. ജീവിക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ നഗരം പാകിസ്ഥാനിലെ കറാച്ചിയാണ്. ഈ നഗരങ്ങളിലെ പ്രവാസികളുടെ ജീവിത ചെലവ് അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്. മ്യൂണിച്ച്, ഫ്രാങ്ക്ഫര്‍ട്ട്, ബെര്‍ലിന്‍ തുടങ്ങിയ നഗരങ്ങളും പട്ടികയില്‍ ഇടം നേടി. മിഡില്‍ ഈസ്റ്റില്‍ ഇസ്രായേലിലെ ടെല്‍ അവിവ് ഏറ്റവും ചെലവേറിയ നഗരമായി. ഏഷ്യയില്‍ ഏറ്റവും ചെലവേറിയ നഗരങ്ങള്‍ ചൈനയിലാണ്.

Scroll To Top