Saturday December 03, 2016
Latest Updates

ലോകകപ്പ്: യുഎഇയെ തകര്‍ത്ത് വിന്‍ഡീസ് ക്വാര്‍ട്ടറില്‍

ലോകകപ്പ്: യുഎഇയെ തകര്‍ത്ത് വിന്‍ഡീസ് ക്വാര്‍ട്ടറില്‍

നേപ്പിയര്‍: ലോകകപ്പ് മത്സരത്തില്‍ യുഎഇക്കെതിരെ വെസ്റ്റിന്‍ഡീസിന് ആറു വിക്കറ്റ് ജയം. യു.എ.ഇ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് 30.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ വെസ്റ്റിന്‍ഡീസ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പൂള്‍ ബിയില്‍ അയര്‍ണ്ടിനെ പിന്തളളിയാണ് വിന്‍ഡീസിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. ക്വാര്‍ട്ടറില്‍ വിന്‍ഡീസ് ന്യൂസിലാന്‍ഡിനെ നേരിടും.

അര്‍ധസെഞ്ച്വറി നേടിയ ജോണ്‍സണ്‍ ചാള്‍സും (55) ജോനാഥന്‍ കാര്‍ട്ടറുമാണ് (50*) വിന്‍ഡീസിന് അനായാസ ജയം സമ്മാനിച്ചത്. സ്‌കോര്‍: യു.എ.ഇ 175 (47.4); വിന്‍ഡീസ് 176/4 (30.3).

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎഇ 47.4 ഓവറില്‍ 175ന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ച്വറി നേടിയ അജ്മദ് ജാവേദും നസീര്‍ അസീസും മാത്രമാണ് യുഎഇ നിരയില്‍ തിളങ്ങിയത്. യുഎഇയുടെ ആദ്യ ആറ് ബാറ്റ്‌സ്മാന്‍മാര്‍ ഒറ്റ അക്കത്തില്‍ പുറത്തായി.

ഒരു ഘട്ടത്തില്‍ 6ന് 46 എന്ന നിലയിലായിരുന്നു യുഎഇ. അര്‍ധസെഞ്ച്വറിയെടുത്ത് പുറത്തായ ജാവേദിന്റേയും അസീസിന്റേയും 107 റണ്‍സെടുത്ത ഏട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് യുഎഇ സ്‌കോര്‍ 100 കടത്തിയത്. നാല് വിക്കറ്റെടുത്ത ഹോള്‍ഡറും മൂന്നു വിക്കറ്റെടുത്ത ടെയ്‌ലറുമാണ് യുഎഇ ബാറ്റിങ്ങ് നിരയെ തകര്‍ത്തത്.

വിന്‍ഡീസിന് ഇപ്പോള്‍ ആറ് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റാണുള്ളത്. യു.എ.ഇയെ 30.3 ഓവറില്‍ തോല്‍പിച്ച അവര്‍ ഇപ്പോള്‍ റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.

Scroll To Top