Wednesday December 07, 2016
Latest Updates

ലോകകപ്പ്: ഡുമിനിക്ക് ഹാട്രിക്ക്; ശ്രീലങ്കയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിഫൈനലില്‍

ലോകകപ്പ്: ഡുമിനിക്ക് ഹാട്രിക്ക്; ശ്രീലങ്കയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമിഫൈനലില്‍
സിഡ്‌നി: ലോകകപ്പില്‍ ആദ്യ ക്വാര്‍ട്ടറില്‍ ശ്രീലങ്കയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക സെമി ഫൈനലില്‍. ശ്രീലങ്കയെ ഒന്‍പത് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക തകര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. പുറത്താകാതെ 78 റണ്‍സെടുത്ത ഡി കോക്കാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. ഇതോടെ ശ്രീലങ്ക ലോകകപ്പില്‍ നിന്നും പുറത്തായി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഇമ്രാന്‍ താഹിറിന്റെയും ഡുമിനിയുടെയും ബൗളിംഗിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ഇമ്രാന്‍ താഹിര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഡുമിനി ഈ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക്ക് നേടി. മാത്യൂസ്, കുലശേഖര, കൗശിക്ക് എന്നിവരുടെ വിക്കറ്റുകളാണ് ഡുമിനി നേടിയത്.
അതെസമയം തുടര്‍ച്ചയായ അഞ്ചാം സെഞ്ച്വറിയെന്ന സംഗക്കാരയുടെ സ്വപ്‌നവും പൂവണിഞ്ഞില്ല. 45 റണ്‍സെടുത്താണ് സംഗക്കാര പുറത്തായത്. മോര്‍കലിന്റെ പന്തില്‍ മില്ലറിന് ക്യാച്ച് സമ്മാനിച്ചാണ് സംഗക്കാരയുടെ പുറത്താകല്‍. ഇതോടെ സംഗക്കാര ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. അവസാന മത്സരത്തിലും ടീമിന്റെ ടോപ്‌സ്‌കോററായാണ് സംഗക്കാരയുടെ വിടവാങ്ങല്‍. ആറ് മത്സരങ്ങളില്‍ നിന്ന് 541 റണ്‍സുമായി ഈ ലോകകപ്പില്‍ റണ്‍വേട്ടയില്‍ ഒന്നാമതാണ് സംഗക്കാര. 404 ഏകദിനങ്ങളില്‍ നിന്ന് 41.97 ശരാശരിയില്‍ 14230 റണ്‍സാണ് സംഗയുടെ സമ്പാദ്യം. ഏകദിന റണ്‍സില്‍ സച്ചിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ശ്രീലങ്കന്‍ താരം. 130 ടെസ്റ്റില്‍ 58.66 ശരാശരിയില്‍ 12203 റണ്‍സും സംഗക്കാര നേടിയിട്ടുണ്ട്  സംഗക്കാരക്ക് പുറമെ മഹേല ജയവര്‍ധനയുടെയും അവസാന മത്സരമാണ് ഇന്ന് നടന്നത്. ജയവര്‍ധന ഇനി ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും ഉണ്ടാകില്ല.
ശ്രീലങ്കയുടെ നാല് വിക്കറ്റ് വീഴ്ത്തിയ ഇമ്രാന്‍ താഹിറാണ് കളിയിലെ കേമന്‍.ഇത് നാലാം തവണയാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ സെമിയില്‍ എത്തുന്നത്. ശനിഴായിച്ച നടക്കുന്ന വെസ്റ്റിന്‍ഡീസ് ന്യൂസിലന്‍ഡ് മത്സര വിജയികളെയാണ് സെമിയല്‍ ദക്ഷിണാഫ്രിക്ക നേരിടുക
Scroll To Top