Tuesday December 06, 2016
Latest Updates

ലോകകപ്പ് ഗോള്‍ വേട്ടയില്‍ ക്ലോസെ റൊണാള്‍ഡോയ്‌ക്കൊപ്പം

ലോകകപ്പ് ഗോള്‍ വേട്ടയില്‍ ക്ലോസെ റൊണാള്‍ഡോയ്‌ക്കൊപ്പം

ലോകകപ്പ് ഫുട്‌ബോളിലെ ഗോള്‍ വേട്ടയില്‍ ജര്‍മ്മനിയുടെ മിറോസ്ലോവ് ക്ലോസെ മുന്‍ ബ്രസീല്‍ താരം റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പം. ലോകകപ്പില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമെന്ന ബഹുമതി നിലവില്‍ റൊണാള്‍ഡോയുടെ പേരിലാണ്. 15 ഗോളുകളാണ് റൊണാള്‍ഡോയുടെ ലോകകപ്പ് സമ്പാദ്യം. കഴിഞ്ഞ എട്ട് വര്‍ഷമായി റൊണാള്‍ഡോയുടെ റെക്കോഡ് മറികടക്കാന്‍ മറ്റ് താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ ക്ലോസെ റൊണാള്‍ഡോയുടെ റെക്കോഡ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കും.

മുപ്പത്തിയാറുകാരനായ ക്ലോസെയുടെ നാലാമത് ലോകകപ്പാണ് ഇത്. പ്രായം വില്ലനായ ക്ലോസെ ഈ ലോകകപ്പില്‍ തിളങ്ങുമെന്ന് ജര്‍മന്‍ ആരാധകര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ പ്രതീക്ഷകളെ തകിടം മറിച്ച് കൊണ്ട് ക്ലോസെ റെക്കോഡ് നേട്ടത്തിനൊപ്പം എത്തിയിരിക്കുകയാണ്. 2002 ല്‍ കൊറിയയിലും ജപ്പാനിലുമായി നടന്ന ലോകകപ്പിലാണ് ക്ലോസെ ആദ്യമായി ലോകകപ്പ് കളിക്കുന്നത്. തുടര്‍ന്ന് ജര്‍മന്‍ ലോകകപ്പിലും ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലും ക്ലോസെ ഗോള്‍ വേട്ട തുടര്‍ന്നു.

ജര്‍മന്‍ ലോകകപ്പില്‍ ക്ലോസെയുടെ മികവിലാണ് ജര്‍മനി മൂന്നാം സ്ഥാനത്ത് എത്തിയത്. ജര്‍മന്‍ ലോകകപ്പില്‍ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ടും ക്ലോസെ സ്വന്തമാക്കി. അടുത്ത ലോകകപ്പിന് മുമ്പ് വിരമിക്കാനിരിക്കുന്ന ക്ലോസെ റൊണാള്‍ഡോയുടെ നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ വച്ച് തന്നെ അദ്ദേഹത്തിന്റെ റെക്കോഡ് മറികടക്കാനുള്ള ശ്രമത്തിലാണ്.

Scroll To Top