Monday December 05, 2016
Latest Updates

ലോകകപ്പില്‍ ആദ്യ ജയം ബ്രസീലിന്

ലോകകപ്പില്‍ ആദ്യ ജയം ബ്രസീലിന്

സാവോ പോളോ:ലോകകപ്പ് ഫുട്‌ബോളിന് തുടക്കമായി ആദ്യ മത്സരത്തില്‍ ആതിഥേയരായ ബ്രസീലിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാന് ബ്രസീല്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം നെയ്മര്‍ ബ്രസീലിന് വേണ്ടി രണ്ട് ഗോളുകള്‍ നേടി. ഓസ്‌കാര്‍ ഒരു ഗോളും നേടി.

പതിനൊന്നാം മിനിറ്റില്‍ ബ്രസീലിന്റെ മാഴ്സെലോയുടെ ബൂട്ടില്‍ നിന്ന് പിറന്ന സെല്‍ഫ് ഗോളിലൂടെ ക്രൊയേഷ്യയാണ് മുന്നിലെത്തിയത്. ഇരുപതാം ലോകകപ്പിന്റെ തുടക്കം സെല്‍ഫ്‌ഗോളിലൂടെയായത് കൗതുകമായി. ആദ്യ പത്ത് മിനിറ്റില്‍ തന്നെ സ്വന്തം താരത്തിന്റെ ബൂട്ടില്‍ നിന്ന് സെല്‍ഫ് ഗോള്‍ വീണതോടെ  ബ്രസീല്‍ ഉണര്‍ന്ന് കളിച്ചു. ഇരുപത്തിയൊന്‍പതാം മിനിറ്റില്‍ നെയ്മറുടെ ബൂട്ടില്‍ നിന്നാണ് ആതിഥേയരുടെ ആദ്യ ഗോള്‍ വീണത്. മിഡ് ഫീല്‍ഡില്‍നിന്ന് ഓസ്‌കാര്‍ പാസ് ചെയ്ത പന്ത് ക്രോസ് പോസ്റ്റിന് 20 വാര അകലെനിന്ന് ഒരു ഇടംകാലന്‍ ഗ്രൗണ്ട് ഷോട്ടിലൂടെയാണ് നെയ്മര്‍ ഗോള്‍ വലയില്‍ എത്തിച്ചത്.

നെയ്മറുടെ ആദ്യ ലോകകപ്പ് ഗോളാണിത്. എഴുപത്തിയൊന്നാം മിനിറ്റില്‍ ലഭിച്ച ഒരു പെനാല്‍റ്റി ഗോള്‍ പോസ്റ്റില്‍ എത്തിച്ച് നെയ്മര്‍ ബ്രസീലിന്റെ ലീഡ് ഉയര്‍ത്തി. കളിയുടെ അവസാന മിനിറ്റില്‍ ഓസ്‌കാര്‍ ബ്രസീലിന്റെ മൂന്നാം ഗോളും നേടി. ഇന്ന് 2010 ലെ ചാമ്പ്യന്മാരായ സ്‌പെയിനും റണ്ണേഴ്‌സ് അപ്പ് ടീമായ ഹോളണ്ടും ഏറ്റുമുട്ടും. 2010 ഫൈനലിന്റെ ആവര്‍ത്തനമാകും സ്‌പെയിന്‍ ഹോളണ്ട് മത്സരം.

Scroll To Top