Friday December 09, 2016
Latest Updates

ലോകം സോഷ്യല്‍ മീഡിയയിലേക്ക് ചുരുങ്ങുമ്പോള്‍…..

ലോകം സോഷ്യല്‍ മീഡിയയിലേക്ക് ചുരുങ്ങുമ്പോള്‍…..

ഇന്ന് ലോകം കറങ്ങുന്നത് സോഷ്യല്‍ മീഡിയയുടെ ചുറ്റുമാണെന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയല്ല. ഫെയ്‌സ്ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള അസംഖ്യം സോഷ്യല്‍ മീഡിയ മാധ്യമങ്ങള്‍ ലോകക്രമത്തെ മാറ്റി മറിച്ചു എന്ന് തന്നെ പറയാം. സോഷ്യല്‍ മീഡിയകള്‍ക്ക് അത്രയേറെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് നാം ഇന്ന് സോഷ്യല്‍ മീഡിയ ദിനം ആചരിക്കുന്നത്.

2010 മുതലാണ് ലോകം സോഷ്യല്‍ മീഡിയ ദിനം ആചരിക്കാന്‍ തുടങ്ങിയത്. മാഷബില്‍ എന്ന ടെക്‌നോളജി വെബ്‌സൈറ്റാണ് സോഷ്യല്‍ മീഡിയ ദിനം ആചരിച്ച് തുടങ്ങിയത്. സോഷ്യല്‍ മീഡിയ നേടിയ വളര്‍ച്ചയെ ആദരിക്കുന്നതിനു വേണ്ടിയാണ് ദിനം ആചരിച്ച് തുടങ്ങിയത്. ഇന്ന് സോഷ്യല്‍ മീഡിയ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഫെയ്‌സ്ബുക്ക് ഒരു രാജ്യമായി പരിഗണിച്ചാല്‍ ലോകത്തിലെ എറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായി ഫെയ്‌സ്ബുക്ക് മാറും. 1.28 ബില്യനാണ് ആകെ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണം. 1.36 ബില്യന്‍ ജനസംഖ്യയുള്ള ചൈന മാത്രമാണ് ജനസംഖ്യയുടെ കാര്യത്തില്‍ ഫെയ്ബുക്കിന് മുന്നിലുള്ളത്. സോഷ്യല്‍ മീഡിയയുടെ ശക്തി മനസിലാക്കാന്‍ ഈ കണക്കുകള്‍ തന്നെ ധാരാളം.

ആളുകള്‍ തമ്മിലുള്ള അകലം കുറയ്ക്കുന്നതിനൊപ്പം പഴയ സൌഹൃദങ്ങള്‍ പൊടിതട്ടിയെടുക്കാനും സോഷ്യല്‍ മീഡിയ സഹായിക്കുന്നു. എന്നാല്‍ വെറും സൗഹൃദം പങ്കുവയ്ക്കലും തമാശ പങ്കിടലും മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഭരണകൂടങ്ങളെ മറിച്ചിടാന്‍ പോന്ന വിധം ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് വളരാന്‍ സോഷ്യല്‍ മീഡിയ കൂട്ടായ്മയ്ക്ക് കഴിയും എന്നതിന്റെ തെളിവാണ് ഈജിപ്തില്‍ നടന്ന മുല്ലപ്പൂ വിപ്ലവം. മുഖ്യധാരാ മാധ്യമങ്ങള്‍ തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ മുക്കുമ്പോള്‍ അവയെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പുറംലോകം കാണുന്നു എന്നതാണ് സോഷ്യല്‍ മീഡിയ യുഗത്തിന്റെ മറ്റൊരു ജനാധിപത്യ മുഖം.

Scroll To Top