Wednesday December 07, 2016
Latest Updates

ലോകം കീഴടക്കാന്‍ ‘നാണു’ വരുന്നു

ലോകം കീഴടക്കാന്‍ ‘നാണു’ വരുന്നു

ലോകം കീഴടക്കാന്‍ ‘നാണു’ വരുന്നു. ആരാണ് ഈ നാണു എന്നാവും ചിന്തിക്കുന്നത്. നാണു ഒരു പുതിയ ആപ്ലിക്കേഷനാണ്. സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ വമ്പന്‍മാരെ വെല്ലുവിളിച്ചുകൊണ്ടാണ് നാണു വരുന്നത്. സൗജന്യ കോള്‍ ചെയ്യാനുള്ള ആപ്ലിക്കേഷനാണ് നാണു. ഇവന്‍ രംഗത്ത് വരുന്നതോടെ സ്‌കൈപ്പ് ഉള്‍പ്പെടെയുള്ള വമ്പന്‍മാര്‍ക്ക് വന്‍ തിരിച്ചടിയകുമെന്നാണ് ടെക് ലോകത്ത് നിന്നുള്ള വാര്‍ത്ത. വമ്പന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഈ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഇന്നലെ വിപണിയില്‍ ഇറങ്ങി. മൊബൈല്‍ സാന്ദ്രത കുറഞ്ഞ മേഖലയിലെ ആളുകള്‍ വേണ്ടിയാണ് നാണു വികസിപ്പിച്ചത്. 

മാര്‍ട്ടിന്‍, ദാനിയല്‍ നിഗെറ്റ് എന്നിവരാണ് നാണു വികസിപ്പിച്ചത്. മാരിറ്റൈം ഏജന്‍സികള്‍ക്ക് ആവശ്യമായ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്ന അച്ഛനും മകനുമാണ് ഇവര്‍. താരതമ്യേന സിഗ്‌നല്‍ കുറവായ 2 ജി നെറ്റ് വര്‍ക്കില്‍ നിന്ന് പോലും നാണു ആപ്ലിക്കേഷനിലൂടെ കോള്‍ ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. നാണു ആപ്ലിക്കേഷന്‍ ഇല്ലാത്ത ആളിനെയും ഇതിലൂടെ വിളിക്കാം. ലാന്‍ഡ് ലൈനിലേക്കും മൊബൈല്‍ ഫോണിലേക്കും വിളിക്കാം. കോള്‍ കണക്റ്റ് ചെയ്യുന്നതിന് മുമ്പ് ഉപഭോക്താവിന് ഒരു പരസ്യം ലഭ്യമാകും. ഈ പരസ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് കമ്പനി സൗജന്യ കോളിംഗ് സൗകര്യം ഒരുക്കുന്നത്. 

ഇന്ത്യയും അയര്‍ലണ്ടും ഉള്‍പ്പെടെ തെരഞ്ഞെടുത്ത 41 ഓളം രാജ്യങ്ങളിലെ ലാന്‍ഡ് ലൈനിലേക്ക് നാണു ആപ്ലിക്കേഷന്‍ ഡൌന്‍ലോഡ് ചെയ്തവര്‍ക്ക് സൗജന്യമായി കോള്‍ ചെയ്യാം. അമേരിക്ക, ബ്രിട്ടണ്‍, ഹംഗറി, ജര്‍മനി തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ ഉള്ളത്. നാണു ആപ്ലിക്കേഷന്‍ ഉപയോഗിക്കാത്ത ഉപഭോക്താക്കളെ വിളിക്കാന്‍ ആദ്യ ഘട്ടത്തില്‍ 15 മിനിറ്റ് സൗജന്യ സമയമാണ് അനുവദിച്ചിരിക്കുന്നത്. ആപ്ലിക്കേഷന്‍ ആദ്യം ഡൌന്‍ലോഡ് ചെയ്യുന്ന ഒരു മില്യന്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കും.

Scroll To Top