Sunday December 04, 2016
Latest Updates

ലൈക്കും കമന്റും ഇടാന്‍ മാത്രമല്ല ഫെയ്‌സ്ബുക്ക്; ഇനി ഓണ്‍ലൈന്‍ പണമിടപാടും

ലൈക്കും കമന്റും ഇടാന്‍ മാത്രമല്ല ഫെയ്‌സ്ബുക്ക്; ഇനി  ഓണ്‍ലൈന്‍ പണമിടപാടും

ഡബ്ലിന്‍: ലൈക്കും കമന്റും ചെയ്തു സമയം കളയാന്‍ മാത്രമല്ല ഫെയ്‌സ്ബുക്കിലൂടെ പണം കൈമാറ്റത്തിനുള്ള സൌകര്യവും വരുന്നു. ഇ പെയ്‌മെന്റുകളും മറ്റ് പണകൈമാറ്റങ്ങളും ഫെയ്‌സ്ബുക്ക് മുഖേന നടത്താനാകുമോ എന്നാണ് അധികൃതര്‍
ആലോചിക്കുന്നത്. അയര്‍ലണ്ടിലെ ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന റെഗുലേറ്ററി അതോറിറ്റിയുമായി ഫെയ്‌സ്ബുക്ക് അധികൃതര്‍ ഇക്കാര്യം ചര്‍ച്ചചെയ്തു വരുന്നു.

ഗവണ്‍മെന്റ് അംഗീകാരം ലഭിച്ചാല്‍ ഉടന്‍ ഫെയ്‌സ്ബുക്കിലൂടെ പണം കൈമാറ്റം സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. അംഗീകാരം ലഭിച്ചാല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്കില്‍ പണം സംഭരിക്കാനും ഓണ്‍ലൈന്‍ പെയ്‌മെന്റുകള്‍ക്കും മറ്റ് വ്യക്തികള്‍ക്കും പേപാല്‍ മാതൃകയില്‍ പണം കൈമാറാനും ഫെയ്‌സ്ബുക്ക് ഉപയോഗിക്കാനാകും.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് സംബന്ധിച്ച അംഗീകാരം ഫെയ്‌സ്ബുക്കിന് ലഭിക്കുമെന്നാണ് സൂചന. സെന്‍ട്രല്‍ ബാങ്ക് അധികൃതരുമായാണ് ഫെയ്‌സ്ബുക്ക് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നത്. സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ ഈ പദ്ധതിക്ക്അംഗീകാരം നല്‍കിയാല്‍ ഒരു മണി ഇന്‍സ്റ്റിട്യൂഷന്‍ എന്ന പദവിയില്‍ പ്രവര്‍ത്തിക്കാന്‍ ഫെയ്‌സ്ബുക്കിന് സാധിക്കും. ഇത്തരത്തില്‍ ഫെയ്‌സ്ബുക്കിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പണത്തിന് യൂറോപ്പില്‍ ആകമാനം മൂല്യം ലഭിക്കും.

ഫെയ്‌സ്ബുക്കിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന പണം ഉപയോഗിച്ച് യൂറോപ്പില്‍ മുഴുവന്‍ പണമിടപാട് നടത്താനും സാധിക്കും. അംഗീകാരം ലഭിച്ച് പണമിടപാട് തുടങ്ങാന്‍ ഫെയ്‌സ്ബുക്കിന് 350,000 യൂറോയുടെ നിക്ഷേപം വേണ്ടി വരും.

അയര്‍ലണ്ട് ഗവണ്‍മെന്റുമായി സഹകരിച്ച് ചുരുങ്ങിയ ചിലവില്‍ മണി ട്രാന്‍സഫര്‍ ഇടപാടുകള്‍ തുടങ്ങുന്നതിന് പുറമേ യൂറോപ്പില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് അന്താരാഷ്ട്രമണി ട്രാന്‍സ്ഫര്‍ ഓണ്‍ലൈന്‍ സര്‍വീസുകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനും ഫെയ്ബുക്ക് ആലോചന തുടങ്ങിയിട്ടുണ്ട്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളായ ട്രാന്‍സ്ഫര്‍വൈസ്, മണി ടെക്‌നോളജീസ്, അസിമോ എന്നീ കമ്പനികളുമായാണ് ഫെയ്‌സ്ബുക്ക് സഹകരണ സാധ്യത തേടുന്നത്.

കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ ഫേസ്ബുക്കിന് 100 മില്യന്‍ ഉപഭോക്താക്കള്‍ കവിഞ്ഞിരുന്നു.വികസ്വര രാജ്യങ്ങളില്‍ ഫേസ്ബുക്ക് നടത്തുന്ന ജൈത്രയാത്രയാണ് അന്താരാഷ്ട്ര കമ്പനികള്‍ പണം ഇടപാട് നടത്താനുള്ള മാധ്യമമായി അവരെ തിരഞ്ഞെടുക്കാന്‍ കാരണമാകുന്നത്.

അമേരിക്ക ഉള്‍പ്പെടെ ചില രാജ്യങ്ങളില്‍ ഫെയ്‌സ്ബുക്ക് മുഖേന പണമിടപാട് നടത്തുന്നതിന് അനുമതിയുണ്ട്. ഇന്റര്‍നെറ്റ് ആപ്‌സ് വാങ്ങുന്ന ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ അമേരിക്കയിലെ ഡവലപ്പര്‍മാര്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നുണ്ട്. 2013ല്‍ മാത്രം അമേരിക്കയില്‍ 2.1 ബില്യന്‍ ഡോളറിന്റെ പണമിടപാട് നടന്നിട്ടുണ്ട്.

ഫെയ്‌സ്ബുക്കിലൂടെയുള്ള സാമ്പത്തിക ഇടപാടുകളുടെ 30 ശതമാനം തുകയാണ് കമ്മീഷനായി ഫെയ്‌സ്ബുക്ക് ഫീസ് ഈടാക്കുന്നത്. അമേരിക്കയില്‍ ഫെയ്‌സ്ബുക്കിന്റെ ആകെ വരുമാനത്തിന്റെ പത്ത് ശതമാനം ലഭിക്കുന്നത് ഫെയ്‌സ്ബുക്ക് മുഖേനയുള്ള സാമ്പത്തിക ഇടപാടിലൂടെയാണ്.

Scroll To Top