Tuesday December 06, 2016
Latest Updates

ലൈംഗീക വ്യാപാരത്തിന് അയര്‍ലണ്ടിലേക്ക് മനുഷ്യക്കടത്ത് പെരുകുന്നത് അയര്‍ലണ്ടിന് നാണക്കേട്

ലൈംഗീക വ്യാപാരത്തിന് അയര്‍ലണ്ടിലേക്ക് മനുഷ്യക്കടത്ത് പെരുകുന്നത് അയര്‍ലണ്ടിന് നാണക്കേട്

ഡബ്ലിന്‍ ; ലൈംഗീക വ്യാപാരം ,കൊള്ള ,മോഷണം തുടങ്ങിയവക്കായി അയര്‍ലണ്ടിലേയ്ക്ക് മനുഷ്യക്കടത്ത് നടത്തുന്നത് വ്യാപകമാവുന്നു.ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും യൂറോപ്പിലെ തന്നെ ചില രാജ്യങ്ങളില്‍ നിന്നുമാണ് ഇവരെ തൊഴിലിനായി കൊണ്ടുവരുന്നത്.

മനുഷ്യക്കടത്തില്‍ അകപ്പെട്ടു പോകുന്നവരെ രക്ഷിക്കാന്‍ അയര്‍ലണ്ട് കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന യൂറോപ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ഈയിടെ വെളിയിലായിരുന്നു .യൂറോപ് കൗണ്‍സില്‍ നടത്തിയ മനുഷ്യക്കടത്തിനെതിരായുള്ള കണ്‍വെന്‍ഷനിലാണ് അയര്‍ലണ്ടിലേക്കുള്ള മനുഷ്യക്കടത്തിനെക്കുറിച്ച് പരാമര്‍ശമുണ്ടായത്. മനുഷ്യക്കടത്തു കണ്ടെത്തുന്ന കാര്യത്തിലും ഇതിനെതിരെ നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തിലും അയര്‍ലണ്ട് പിറകിലാണെന്നാണ് റിപ്പോര്‍ട്ട് തെളിയിക്കുന്നത്.

മനുഷ്യക്കടത്തിന് വിധേയമാക്കപ്പെട്ട 57 കേസുകളാണ് 2011ല്‍ ഗാര്‍ഡ സ്‌റ്റേഷനില്‍ എത്തിയത്. 2010ല്‍ ഇത് 78ഉം 2009ല്‍ 66ഉം ആയിരുന്നു. കൂടുതലായും ആഫ്രിക്കക്കാരാണ് മനുഷ്യക്കടത്തിന് ഇരയാവുന്നത്. ഇത്തരം ആളുകളെ ലൈംഗിക വ്യാപാരത്തിനായാണ് ഇറക്കുമതി ചെയ്യുന്നത്.

സ്റ്റ്രാസ്‌ബോര്‍ഗുമായി ബന്ധപ്പെടുന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ അയര്‍ലണ്ടില്‍ മനുഷ്യക്കടത്തിനെതിരെ കാര്യമായ നടപടികളും അന്വേഷണങ്ങളും നടക്കാറില്ലെന്നാണ് തെളിഞ്ഞത്. കര്‍ശനമായ നിയമങ്ങള്‍ ഉണ്ടായിട്ടുപോലും മനുഷ്യക്കടത്തു വളരെ കൂടുതലായ രീതിയില്‍ ഇവിടെ നടന്നുവരുന്നതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

അയര്‍ലണ്ടില്‍ പിടിക്കപ്പെട്ടാല്‍ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് മനുഷ്യക്കടത്ത്. മറ്റു പലരാജ്യങ്ങളിലും ഇത് നാലോ അഞ്ചോ വര്‍ഷത്തെ തടവുശിക്ഷ മാത്രം ലഭിക്കാവുന്ന കുറ്റമാണ്.

2012നു മുന്‍പ് ഓരേയൊരു വിധിപ്രസ്ഥാപന മാത്രമേ അയര്‍ലണ്ടിന്റെ മനുഷ്യക്കടത്തു നിയമവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ളു. എന്നാല്‍ ഇത് കഴിഞ്ഞ വര്‍ഷം എട്ടായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാത്തതാവാം കുറഞ്ഞ പ്രോസിക്യൂഷനു കാരണം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മനുഷ്യക്കടത്തിനെതിരെ അയര്‍ലണ്ട് വളരെ ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. ആന്റിട്രാഫിക്കിംഗ് ലജിസ്ലേഷന്‍ കടംകൊണ്ടത് മുതല്‍ പോലീസുകാര്‍ അല്ലാതെയും സിവില്‍ സൊസൈറ്റിയെ കൂടി ഇത്തരത്തില്‍ അയര്‍ലണ്ടിലെത്തപ്പെട്ടവരെ കണ്ടുപിടിക്കാനുള്ള ജോലി ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ എത്തക്കപ്പെട്ട ഇരകളെ സംരക്ഷിക്കാനും മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. ഇരകള്‍ക്ക് ജീവിക്കാനുള്ള മാര്‍ഗവും നഷ്ടപരിഹാരവും സര്‍ക്കാര്‍ തന്നെ ഒരുക്കിക്കൊടുത്തിരുന്നെന്നും റിപ്പോര്‍ട്ട് പറഞ്ഞു. ഇത്തരത്തില്‍ കുട്ടികളെപ്പോലും കടത്താറുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
മനുഷ്യക്കടത്തിനെപ്പറ്റി അന്വേഷിക്കാന്‍ യൂറോപ് കൗണ്‍സിലിന്റെ വിദഗ്ദ്ധ സമിതി ഗ്രേറ്റ കഴിഞ്ഞ വര്‍ഷം അയര്‍ലണ്ട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
40 രാജ്യങ്ങള്‍ ഒപ്പുവച്ച കണ്‍വെന്‍ഷന്റെ തീരുമാനങ്ങളില്‍ പലതും അയര്‍ലണ്ടും സ്വീകരിച്ചിരുന്നു. 47 രാജ്യങ്ങള്‍ അംഗങ്ങളായുള്ള കൗണ്‍സില്‍ യൂറോപ്പിലെ പ്രധാന മനുഷ്യാവകാശ സംഘടനയാണ്.

Scroll To Top