Saturday December 10, 2016
Latest Updates

ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ യുവതിയെ തൂക്കി കൊന്നു

ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ യുവതിയെ തൂക്കി കൊന്നു

ടെഹ്‌റാന്‍: ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ യുവതിയെ തൂക്കി കൊന്നു.ഇറാനിലാണ് സംഭവം. റെയ്ഹാന ജബ്ബാരി(26)യെയാണ് ഇറാനില്‍ വധശിക്ഷയ്ക്ക് വിധേയയാക്കിയത്. റെയ്ഹാനയുടെ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധമുയരുന്നതിനിടയിലാണ് വധശിക്ഷ നടപ്പാക്കിയത്. 2007 ലാണ് കേസിനാസ്പതമായ സംഭവം നടന്നത്. 

ഇറാനിലെ രഹസ്യാന്വേഷണ വകുപ്പ് മുന്‍ ഉദ്യോഗസ്ഥനായ മുര്‍ത്താസ അബ്ദുലലി ശര്‍ബന്ദിയെയാണ് റെയ്ഹാന കൊലപ്പെടുത്തിയത്. തുടര്‍ന്നാണ് റെയ്ഹാനയെ അറസ്റ്റ് ചെയ്യുന്നത്. 2009 ലാണ് റെയ്ഹാനയെ ടെഹ്‌റാന്‍ ക്രിമിനല്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ആത്മരക്ഷാര്‍ത്ഥമായാണ് താന്‍ കൊലപാതകം നടത്തിയതെന്ന റെയ്ഹാനയുടെ വാദം കോടതി തള്ളുകയായിരുന്നു. റെയ്ഹാനയുടെ വധശിക്ഷയ്‌ക്കെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. 

ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ റെയ്ഹാനയുടെ വധശിക്ഷയ്‌ക്കെതിരെ ക്യാമ്പെയ്‌നുകളുമുണ്ടായിരുന്നു. വധശിക്ഷയ്‌ക്കെതിരെ പ്രതിഷേധം ശകതമായ സാഹചര്യത്തില്‍ പത്ത് ദിവസത്തേക്ക് വധശിക്ഷ താത്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. സെപ്റ്റംബര്‍ 30 ന് വധശിക്ഷ നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.ഇന്ന് രാവിലെയാണ് റെയ്ഹാനയുടെ വധശിക്ഷ നടപ്പാക്കിയതെന്ന് ഇറാനിലെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായി തസ്‌നീം വ്യക്തമാക്കുന്നു. അതേസമയം, റെയ്ഹാനയെ തൂക്കിലേറ്റുമെന്ന യാതൊരു സൂചനയും അധികൃതര്‍ നല്‍കിയിരുന്നില്ലെന്ന് മാതാവ് അറിയിച്ചു. വധശിക്ഷ നടപ്പാക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് റെയ്ഹാനയെ മാതാവ് സന്ദര്‍ശിച്ചിരുന്നു.ഈ വര്‍ഷം മാത്രം ഇറാനില്‍ 250 പേരെ തൂക്കിലേറ്റിയെന്നാണ് യുഎന്നിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

Scroll To Top