Saturday December 03, 2016
Latest Updates

ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവിനെ ഇന്ന് പ്രഖ്യാപിക്കും;  കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികള്‍

ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവിനെ ഇന്ന് പ്രഖ്യാപിക്കും;  കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികള്‍

ഡബ്ലിന്‍: ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവിനെ ഇന്ന് പ്രഖ്യാപിക്കും. സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ട്ടന്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് വരുമെന്നാണ് സൂചന. എന്നാല്‍ ബര്‍ട്ടന് കനത്ത് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് അലക്‌സ് വൈറ്റും മത്സര രംഗത്തുണ്ട്. അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ബര്‍ട്ടന്‍ തന്നെ തെരഞ്ഞെടുക്കപ്പെടും. ഇന്ന് വൈകുന്നേരമാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എമോണ്‍ ഗില്‍മോര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജി വച്ച സാഹചര്യത്തിലാണ് ലേബര്‍ പാര്‍ട്ടിക്ക് പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. 

ബര്‍ട്ടനോ അലക്‌സ് വൈറ്റോ ആര് തന്നെ തെരഞ്ഞെടുക്കപ്പെട്ടാലും ശക്തമായ വെല്ലുവിളികളാണ് ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവിനെ കാത്തിരിക്കുന്നത്. ലോക്കല്‍, യൂറോപ്യന്‍ തെരഞ്ഞെടുപ്പുകളില്‍ കനത്ത പരാജയം നേരിട്ട പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരിക എന്നതാണ് പുതിയ നേതാവിനെ കാത്തിരിക്കുന്ന ഏറ്റവും പ്രധാന വെല്ലുവിളി. എമോണ്‍ ഗില്‍മോര്‍ മെയ് അവസാനമാണ് രാജി പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഒരു മാസം നീണ്ട വോട്ടെടുപ്പിലൂടെയാണ് പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചത്. 

പുതിയ നേതൃത്വം പാര്‍ട്ടിക്ക് ഉണര്‍വാകുമെന്ന് ഭൂരിപക്ഷം ടിഡിമാരും അഭിപ്രായപ്പെട്ടു. മുഖഛായ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മന്ത്രിസഭയിലും പാര്‍ട്ടി അഴിച്ചുപണി നടത്തുന്നുണ്ട്. ഈ നടപടിയില്‍ പ്രമുഖ നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായ നയങ്ങള്‍ കണ്ടെത്തി തിരുത്തുക എന്നതാണ് പുതിയ നേതാവിനെ കാത്തിരിക്കുന്ന വെല്ലുവിളി.

Scroll To Top