Sunday December 04, 2016
Latest Updates

ലിമറിക്കിലും ഗാല്‍വെയിലൂം പ്രളയക്കെടുതി

ലിമറിക്കിലും ഗാല്‍വെയിലൂം പ്രളയക്കെടുതി

ലിമറിക്ക് :അയര്‍ലണ്ടിലെ മുഴുവന്‍ പ്രദേശങ്ങളിലും ഇന്നലെ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. പല സ്ഥലങ്ങളിലും ശക്തമായ കാറ്റും മഴയും വേലിയേറ്റവും താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം നിറച്ചിരിക്കുകയുമാണ്.എന്നാല്‍ ഡബ്ലിന്‍ നഗരത്തില്‍ സ്ഥിതി മെച്ചമാണ്.പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു ഇന്നലെ ഡബ്ലിനില്‍ .

ശക്തമായ വേലിയേറ്റം ഗാല്‍വേയില്‍ പല പ്രദേശങ്ങളെയും വെള്ളത്തിലാക്കിയിരിക്കുന്നു. വളരെയധികം സ്ഥലങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഗാല്‍വേ സിറ്റി കൗണ്‍സില്‍ സീനിയര്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഗാരി മക്മഹോന്‍ പറഞ്ഞു.

ശക്തമായ വേലിയേറ്റത്തെ തടയാനുള്ള കാര്യങ്ങള്‍ നോക്കുന്നുണ്ടെന്ന് മക്മഹോന്‍ അറിയിച്ചു.

ശക്തമായ ഒഴുക്കില്ലെങ്കിലും സിറ്റിയില്‍ നിന്നും തുറമുഖത്തേക്കും സ്പാനിഷ് ആര്‍ച്ച് മേഖലയിലേക്കുമുള്ള റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയുമാണെന്നും മക്മഹോന്‍ പറഞ്ഞു.

വരും ദിവസങ്ങളിലും ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യത ഉള്ളതിനാല്‍ അവസ്ഥ കൂടുതല്‍ മോശമാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പുകള്‍ സൂചിപ്പിക്കുന്നത്.

ശക്തമായ കാറ്റ് ആയിരക്കണക്കിന് വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി തടസവും ഉണ്ടാക്കിയിരിക്കുകയാണ്. പല സ്ഥലങ്ങളിലും ലൈനുകള്‍ക്ക് തകരാറുകള്‍ സംഭവിച്ചതിനാലാണ് വൈദ്യുതി തടസപ്പെട്ടിരിക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.gal flo

കാറ്റും മഴയും വെള്ളപ്പൊക്കവും കൂടുതലും ബാധിച്ചിരിക്കുന്നത് ലിമറിക്കിനെയാണ്. ലീ നദിക്കരയിലുള്ള എസ്റ്റേറ്റിലെ പ്രായമായവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബോട്ട് ഇറക്കേണ്ടി വന്നിരുന്നു.

6,500റോളം ഉപഭോക്താക്കളുടെ തടസങ്ങള്‍ ഇഎസ്ബി മാറ്റിക്കൊടുത്തു. കഴിഞ്ഞ ദിവസം രാത്രി വീശിയടിച്ച കാറ്റില്‍ പല സ്ഥലങ്ങളിലെയും ലൈനുകളില്‍ തകരാറ് സംഭവിക്കുകയായിരുന്നു. എന്നാല്‍ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ ഇപ്പോഴും ഇരുട്ടില്‍ തന്നെയാണ്.

ക്ലെയറിലും ഗാല്‍വേയിലും വെള്ളപ്പൊക്കവും പ്രശ്‌നകാരണമാവുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

രാജ്യത്ത് പുതുവര്‍ഷ ആരംഭത്തില്‍ വീശിയടിച്ച കാറ്റിന്റെ തുടര്‍ച്ച പോലെയാണ് ഇപ്പോള്‍ വീണ്ടും പലയിടങ്ങളിലും കാറ്റ് താണ്ഡവമാടുന്നത്. പല നദികളും കരകവിഞ്ഞൊഴുകിയത് പല സിറ്റികളിലും തീരപ്രദേശങ്ങളിലും വെള്ളം നിറയാനും കാരണമായിട്ടുണ്ട്.

Scroll To Top