Sunday December 04, 2016
Latest Updates

ലിഫ്റ്റില്‍ കുടുങ്ങി മൂന്നു വയസ്സുകാരന്റെ മരണം; ഞെട്ടലോടെ അമ്മ,കണ്ണീരോടെ ഗാല്‍വേ

ലിഫ്റ്റില്‍ കുടുങ്ങി മൂന്നു വയസ്സുകാരന്റെ മരണം; ഞെട്ടലോടെ അമ്മ,കണ്ണീരോടെ ഗാല്‍വേ

ഗാല്‍വേ: സിറ്റി സെന്ററിലുള്ള കെട്ടിടത്തിലെ ലിഫ്റ്റില്‍ കുടുങ്ങിമരിച്ച   മൂന്നു വയസ്സുകാരന്‍ സോളമന് ഗാല്‍വെ നഗരം നിറകണ്ണുകളോടെ അന്ത്യാഞ്ജലിയര്‍പ്പിച്ചു.

അമ്മയും മൂന്നു സഹോദരിമാരും നോക്കിനില്‍ക്കേയാണ് കുഞ്ഞിന് ദുരന്തം സംഭവിച്ചത്.
സോളമന്‍ സോര്‍മെകുന്‍ എന്ന നൈജീരിയന്‍ ബാലനാണ് ദുരന്തത്തിനിരയായത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സോളമന്‍ ലിഫ്റ്റില്‍ കുടുങ്ങിയത്.

സോളമന്റെ അമ്മ ഒമൊലാറ അലിബിയുടെ കൂടെ കെട്ടിടത്തിലെത്തിയതായിരുന്നു കുട്ടികള്‍. സെന്റ് അഗസ്റ്റിന്‍ സ്ട്രീറ്റിലുള്ള ഹൈനസ് കെട്ടിടത്തില്‍ വച്ചാണ് സോളമന്‍ അപകടത്തില്‍ പെട്ടത്.

ഒമൊലാറ അലിബിയുടെ വക്കീല്‍ കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു വിവരിച്ചു. കുഞ്ഞിന്റെ അവസാന നിമിഷങ്ങള്‍ നേരിട്ട് കാണേണ്ടി വന്നതിന്റെ ഞെട്ടലില്‍ നിന്നും ഒമൊലാറ ഇതുവരെ മുക്തയായിട്ടില്ല. എന്നിരുന്നാലും അവരുടെ നിയമ ഉപദേഷ്ടാവിനോട് അപകടത്തെക്കുറിച്ച് അല്‍പം കാര്യങ്ങള്‍ സംസാരിക്കാന്‍ ഒമൊലാറ ശ്രമിച്ചു.
ലിഫ്റ്റിലേക്ക് സോളമനാണ് ആദ്യം കയറിയത്. അവന്റെ സഹോദരി അവനെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ലിഫ്റ്റിന്റെ വാതില്‍ അടയുകയായിരുന്നു. പരിഭ്രമിച്ച സോളമന്‍ രക്ഷിക്കാനായി അമ്മയെ വിളിച്ചു കരയുകയും ചെയ്തു.
പെട്ടെന്നു തന്നെ സെക്യൂരിറ്റി ജോലിക്കാര്‍ ഇവരുടെ സഹായത്തിനെത്തിയെങ്കിലും കുട്ടിക്ക് ലിഫ്റ്റിന്റെ വാതിലിനുള്ളില്‍ കുടുങ്ങി പരിക്കേറ്റിരുന്നു. കുട്ടിക്ക് ശരീരത്തിലേറ്റ പരിക്കുകളാണ് മരണകാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
താന്‍ തന്റെ നാലു കുട്ടികളോടൊപ്പമാണ് കെട്ടിടത്തിലേക്ക് പോയതെന്നും പിന്നെങ്ങിനെയാണ് കെട്ടിടത്തില്‍ നിന്നും മൂന്നു കുട്ടികളുമായി മാത്രം പുറത്തേക്കുവന്നതെന്നും ഒമൊലാറ കണ്ണീരോടെ ചോദിക്കുന്നു.
കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ പ്രൊട്ടക്ഷന്‍ ഓഫീസിലേക്കാണ് ഒമൊലാറ കുട്ടികളുമായി എത്തിയത്. ചില രേഖാ സംബന്ധമായ കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനായിരുന്നു ഒമൊലാറ ഓഫീസിലെത്തിയത്. എന്നാല്‍ അത് തന്റെ മകന്റെ മരണത്തിന് കാരണമാവുകയായിരുന്നുവെന്ന് ഒമൊലാറ അലിബി പറഞ്ഞു.

ഗാല്‍വേ സിറ്റിയിലെ പുതിയ സെമിത്തേരിയില്‍ കുഞ്ഞ് സോളമന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തപ്പെട്ടു. അമ്മ ഒമൊലാറ അബിലിക്കും അച്ഛന്‍ അഡേ സൊര്‍മോകുനിനും സഹോദരിമാരായ പ്രിന്‍സസ്, എസ്തര്‍, സിയോണ്‍ എന്നിവര്‍ക്കുമൊപ്പമായിരുന്നു സോളമന്റെ താമസം. നൈജീരിയന്‍ കമ്മ്യൂണിറ്റിയില്‍പ്പെട്ട കുടുംബമാണ് ഇവരുടേത്.

Scroll To Top