Thursday December 08, 2016
Latest Updates

ലാല്‍ ജോസ് ചിത്രത്തിലൂടെ ആന്‍ അഗസ്റ്റിന്‍ വീണ്ടും വരുന്നു

ലാല്‍ ജോസ് ചിത്രത്തിലൂടെ ആന്‍ അഗസ്റ്റിന്‍ വീണ്ടും വരുന്നു

neen

വിവാഹ ശേഷം അഭിനയത്തോട് താല്‍ക്കാലികമായി വിട പറഞ്ഞ യുവനടി ആന്‍ അഗസ്റ്റിന്‍ തിരിച്ചു വരുന്നു. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന’ നീനാ’ എന്ന ചിത്രത്തിലൂടെയാണ് ആന്റെ രണ്ടാം വരവ് .ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആന്‍ മലയാള സിനിമയില്‍ എത്തിയത്. തുടര്‍ന്ന് ക്യാമറമാന്‍ ജോമോന്‍ ജോണിനെ വിവാഹം കഴിഞ്ഞ ആന്‍ കുറച്ച് നാളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.

സിനിമയില്‍ നിന്ന് ഇടവേളയെടുത്തുള്ള ലോകസഞ്ചാരത്തിന് ശേഷം സ്ത്രീകേന്ദ്രീകൃത ചിത്രവുമായാണ് ലാല്‍ജോസിന്റെ വരവ് . നീന,നളിനി എന്നീ രണ്ട് പെണ്‍കഥാപാത്രങ്ങളിലൂടെയാണ് ചിത്രമെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍. അവധൂത പാതയില്‍ ജീവിക്കുന്ന സാഹസിക ബൈക്ക് സഞ്ചാരിയാണ് നീന. ആരെയും കൂസാതെ ജീവിക്കുന്ന കഥാപാത്രം. കുടുംബസ്‌നേഹിയായ ബിസിനസുകാരനായി വിജയ് ബാബു കേന്ദ്രകഥാപാത്രമാകുന്നു.

ഏറ്റവും ദുരൂഹവും ദുര്‍ഗ്രഹവുമായ പാതകള്‍ ഭൂമിയില്‍ അല്ല,മനുഷ്യമനസുകളിലാണ് എന്ന മുഖവുരയോടെയാണ് ലാല്‍ ജോസ് പുതിയ ചിത്രം ഫേസ്ബുക്കിലൂടെ അനൗണ്‍സ് ചെയ്തത്. ലാല്‍ ജോസിന്റെ നിര്‍മ്മാണവിതരണകമ്പനിയായ എല്‍ ജെ ഫിലിംസ് വിക്രമാദിത്യന് ശേഷം നിര്‍മ്മിക്കുന്ന സിനിമ കൂടിയാണിത്. പരസ്യചിത്രരംഗത്ത് ശ്രദ്ധേയനായ ആര്‍ വേണുഗോപാലാണ് തിരക്കഥ. സ്പാനിഷ് മസാലാ, 22 ഫിമെയില്‍ കോട്ടയം ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട് വേണുഗോപാല്‍.

ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ആന്‍ അഗസ്റ്റിന്‍ അന്തരിച്ച നടന്‍ അഗസ്റ്റിന്റെ മകളാണ്.

Scroll To Top