Tuesday December 06, 2016
Latest Updates

റീട്ടെന്‍ഷന്‍ ഫീസ്: വര്‍ധിപ്പിച്ച തുക അടയ്ക്കരുതെന്ന് നഴ്‌സസ് യൂണിയന്‍ ,അടച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് നഴ്‌സസ് ബോര്‍ഡ് 

റീട്ടെന്‍ഷന്‍ ഫീസ്: വര്‍ധിപ്പിച്ച തുക അടയ്ക്കരുതെന്ന് നഴ്‌സസ് യൂണിയന്‍ ,അടച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് നഴ്‌സസ് ബോര്‍ഡ് 

ഡബ്ലിന്‍: റീട്ടെന്‍ഷന്‍ ഫീസ് വര്‍ധിപ്പിച്ച നടപടിക്കെതിരെ ട്രേഡ് യൂണിയനുകള്‍ രംഗത്ത്. നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് ബോര്‍ഡ് ഓഫ് അയര്‍ലണ്ട് വര്‍ധിപ്പിച്ച റീട്ടെന്‍ഷന്‍ ഫീസ് അടയ്ക്കരുതെന്ന് സിപ്ടു യൂണിയന്‍ തങ്ങളുടെ അംഗങ്ങളോട് ആവശ്യപ്പെട്ടു. റീട്ടെന്‍ഷന്‍ ഫീസില്‍ 50 ശതമാനമാണ് വര്‍ധന വരുത്തിയത്. നിരക്ക് വര്‍ധനയെ തുടര്‍ന്ന് അടുത്ത വര്‍ഷം രജിസ്റ്റര്‍ ചെയ്യാന്‍ നഴ്‌സുമാരും മിഡ്‌വൈഫ് ജീവനക്കാരും 150 യൂറോ അടയ്‌ക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം വരെ ഇത് 100 യൂറോ ആയിരുന്നു. സിപ്ടു യൂണിയന്റെ ഹെല്‍ത്ത് ഡിവിഷന്‍ ഓഫീസര്‍ പോള്‍ ബെല്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് വര്‍ധിപ്പിച്ച റീട്ടെന്‍ഷന്‍ ഫീസ് അടയ്ക്കരുതെന്ന് യൂണിയന്‍ അംഗങ്ങളോട് ആവശ്യപ്പെട്ടത്.

ശമ്പളം വെട്ടിക്കുറയ്ക്കല്‍, അനാവശ്യ നികുതികള്‍, യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് തുടങ്ങിയ നിരവധി സാമ്പത്തിക പരിഷ്‌ക്കരണ നടപടികളിലൂടെ നഴ്‌സുമാരെയും മിഡ്‌വൈഫ് ജീവനക്കാരെയും സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയിലാക്കി യിരിക്കുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി. ഇത്തരം നടപടികള്‍ക്ക് പുറമേ റീട്ടെന്‍ഷന്‍ ഫീസ് 50 ശതമാനം വര്‍ധിപ്പിച്ചത് അംഗീകരിക്കാനാകില്ലെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഫീസ് നിരക്കായ 100 യൂറോ മാത്രമേ അടയ്ക്കാവൂ എന്ന് യൂണിയന്‍ അംഗങ്ങള്‍ക്ക് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കി. റീട്ടെന്‍ഷന്‍ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ ഓരോ അംഗവും നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് ബോര്‍ഡ് ഓഫ് അയര്‍ലണ്ടിന് വ്യക്തിഗത പരാതികള്‍ അയയ്ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 

അതേസമയം റീട്ടെന്‍ഷന്‍ ഫീസ് അടയ്ക്കാതെ പ്രതിഷേധിക്കാനുള്ള നീക്കം നിരാശാജനകമാണെന്ന് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് ബോര്‍ഡ് ഓഫ് അയര്‍ലണ്ട് പ്രതികരിച്ചു. ഫീസ് അടയ്ക്കാതിരിക്കുന്നവര്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസന്‌സ് നഷ്ടപ്പെടുമെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. ബോര്‍ഡിന് സര്‍ക്കാര്‍ ഫണ്ട് ലഭിക്കുന്നില്ലെന്നും റീട്ടെന്‍ഷന്‍ ഫീസ് ഇനത്തില്‍ ലഭിക്കുന്ന തുക ബോര്‍ഡിന്റെ ഉന്നമനത്തിനു വേണ്ടി തന്നെയാണ് വിനിയോഗിക്കുനതെന്നും ബോര്‍ഡ് അധികൃതര്‍ പ്രതികരിച്ചു.

Scroll To Top