Wednesday December 07, 2016
Latest Updates

റിപബ്ലിക് ദിനാഘോഷ ചടങ്ങില്‍ ബരാക്ക് ഒബാമ മുഖ്യാതിഥിയാകും

റിപബ്ലിക് ദിനാഘോഷ ചടങ്ങില്‍ ബരാക്ക് ഒബാമ മുഖ്യാതിഥിയാകും

ന്യൂഡല്‍ഹി: ഇത്തവണത്തെ റിപബ്ലിക് ദിനാഘോഷ ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം. മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ മോഡി ക്ഷണിച്ചത് അനുസരിച്ചാണ് ഒബാമ എത്തുന്നത്.

ഇത് ആദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യയുടെ റിപബ്ലിക് ദിന ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. മോഡിയുടെ ക്ഷണം സ്വീകരിച്ചതായി വൈറ്റ് ഹൌസ് പുറത്തിറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കി.മോഡിയുടെ ക്ഷണം ഇന്ത്യ യുഎസ് ബന്ധം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പത്രക്കുറിപ്പ് വ്യക്തമാക്കി.

റിപബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഒബാമയെ ക്ഷണിച്ചിട്ടുണ്ടെന്ന് ഇന്നലെയാണ് മോഡി വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. ഈ റിപബ്ലിക് ദിനത്തില്‍ നമുക്കൊരു സുഹൃത്ത് കൂടി ഉണ്ടായേക്കുമെന്നായിരുന്നു മോഡിയുടെ ട്വീറ്റ്.

2010 ലാണ് ഒബാമ അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. സെപ്റ്റംബറില്‍ 5 ദിവസത്തെ അമേരിക്ക സന്ദര്‍ശനത്തിന് എത്തിയ മോഡിക്ക് വന്‍ സ്വീകരണമാണ് അമേരിക്കയില്‍ ലഭിച്ചത്.

Scroll To Top