Tuesday December 06, 2016
Latest Updates

രണ്ടായിരം യൂറോ ശമ്പള വര്‍ദ്ധനവ് കൊണ്ട് ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ തീരില്ല,നഴ്‌സുമാരുടെയും,ഡോക്റ്റര്‍മാരുടെയും സംഘടനകള്‍ പുതിയ കരാറില്‍ പ്രതിഷേധവുമായി രംഗത്ത് 

രണ്ടായിരം യൂറോ ശമ്പള വര്‍ദ്ധനവ് കൊണ്ട് ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ തീരില്ല,നഴ്‌സുമാരുടെയും,ഡോക്റ്റര്‍മാരുടെയും സംഘടനകള്‍ പുതിയ കരാറില്‍ പ്രതിഷേധവുമായി രംഗത്ത് 

ഡബ്ലിന്‍:ആരോഗ്യ രംഗത്തെ തൊഴിലാളിക്ഷാമം പരിഹരിക്കാനുതകുന്നതല്ല ഹഡ്‌ഡിങ്ങ്ടണ്‍ റോഡ് എഗ്രിമെന്റില്‍ വരുത്തിയ ഭേദഗതിയെന്ന് യൂണിയനുകള്‍. നഴ്‌സുമാരുടെയും, ഡോക്ടര്‍മാരുടേയും അപര്യാപ്തത മൂലം രോഗികളുടെ കാത്തിരിപ്പു സമയം കൂടുകയാണെന്നും, കൂടുതല്‍ ആളുകള്‍ വെയ്റ്റിങ്ങ് ലിസ്റ്റിലേക്ക് തള്ളപ്പെടുകയാണെന്നും യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു.

ആരോഗ്യ രംഗത്തെ ജീവനക്കാര്‍ക്ക് മാന്യമായ വേതനം ലഭിച്ചില്ലെങ്കില്‍ അവര്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി തീരുമെന്ന് ഐ എന്‍ എം ഒ സെക്രട്ടറി ലിയാം ഡോറന്‍ വ്യക്തമാക്കി .ലാന്‍ഡ്‌സ്ടൗണ്‍ റോഡ് എഗ്രിമെന്റിലെ ഭേദഗതികള്‍ ഇന്നലെ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലണ് പരാമര്‍ശം.

2016 ജനുവരി മുതല്‍ 2017 സെപ്റ്റംബര്‍ വരെ മൂന്നു ഘട്ടങ്ങളിലായി തൊഴിലാളികളുടെ വേതനത്തില്‍ 2,000 യുറോയുടെ വര്‍ദ്ധനവ് കൊണ്ടുവരിക എന്നതാണ് പ്രധാന ഭേദഗതി. വിഷയത്തില്‍ വരുന്ന ആഴ്ച്ച തന്നെ ഐ എന്‍ എം ഓ ജീവനക്കാര്‍ക്കിടയില്‍ അഭിപ്രായ
വോട്ടെടുപ്പ് നടത്തി സംഘടനയുടെ ഈ വിഷയത്തിലുള്ള നിലപാട് സ്വരൂപിക്കും.

തൊഴിലാളികളുടെ വിയര്‍പ്പിന്റെ ഫലമായി ഭീമമായ ലാഭം അനുഭവിക്കുമ്പോഴും മിനിമം വേതനത്തില്‍ കുറവ് വരുത്തണമെന്നാണ് പല വ്യവസായികളും ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മികച്ച വേതനം നല്‍കാത്തതു മൂലം നഴ്‌സുമാരടങ്ങുന്ന
ആരോഗ്യ രംഗത്തെ ജീവനക്കാര്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായാല്‍ എങ്ങനെ ആരോഗ്യപരിപാലനം ഫലപ്രദമാവുമെന്നും അദ്ദേഹം ചോദിക്കുന്നു.

വിദേശത്ത് ജോലിയെടുക്കുന്ന നഴ്‌സുമാരെയും മറ്റും രാജ്യത്തേക്ക് തിരികെ ആകര്‍ഷിക്കാന്‍ ഇരു ഘട്ടങ്ങളിലയി നല്‍കുന്ന 2,000 യൂറോയുടെ ശമ്പളവര്‍ദ്ധനയ്ക്കാവില്ലെന്ന് സൈക്കാട്രിക് നഴ്‌സസ് അസോസിയേഷന്‍ നേതാവ് പീറ്റര്‍ ഹ്യൂഗ്‌സ് അഭിപ്രായപ്പെട്ടു. 39 മണിക്കൂര്‍ ജോലിസമയമുള്‍പ്പടെ കരാറിലെ ഹിതകരമല്ലാത്ത വ്യവസ്ഥകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും അദ്ദേഹം
ചൂണ്ടിക്കാട്ടി.

ചര്‍ച്ചകളുടെ ഫലത്തില്‍ തങ്ങളും ഏറെ ആശങ്കാകുലരാണെന്ന് ഐറിഷ് മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. ആരോഗ്യ രംഗത്തെ പ്രഥമപരിഗണനയര്‍ഹിക്കുന്ന പ്രശ്‌നമായ യോഗ്യരായ ഡോക്ടര്‍മാരുടെ അപര്യാപ്തത പരിഹരിക്കുന്നതിന് കരാര്‍ ശ്രദ്ധനല്‍കിയില്ലെന്ന് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഓഫീസര്‍ സ്റ്റീവ് റ്റ്വീഡ് പറഞ്ഞു.

അടുത്തിടെ കുട്ടികളുടെ ഡോക്ടര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ചതിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല. പല മേഖലയിലും മതിയായ പരിചയ സമ്പത്തും, യോഗ്യതയുമില്ലാത്ത ഡോക്ടര്‍മാരാണ് സേവനം ലഭ്യമാക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് അവരുടെ സേവനത്തിന് അര്‍ഹമായ പ്രതിഫലം നല്‍കാനുള്ള അവസരമാണ് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്. കൂടുതല്‍ ഡോക്ടര്‍മാര്‍ വിദേശത്ത് ചേക്കേറുമെന്നതാണ് ഇതിന്റെ തിക്തഫലമെന്നും റ്റ്വീഡ് കൂട്ടിച്ചേര്‍ത്തു.

Scroll To Top