Saturday December 03, 2016
Latest Updates

രോഹിത്തിനെ ഔട്ട് വിളിക്കാത്തതില്‍ പ്രതിഷേധിച്ച് ഐസിസി പ്രസിഡന്റ് രാജിക്കൊരുങ്ങുന്നു

രോഹിത്തിനെ ഔട്ട് വിളിക്കാത്തതില്‍ പ്രതിഷേധിച്ച് ഐസിസി പ്രസിഡന്റ് രാജിക്കൊരുങ്ങുന്നു

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലെ മോശം അമ്പയറിംഗില്‍ പ്രതിഷേധിച്ച് ഇന്റെനാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് രാജിക്കൊരുങ്ങുന്നു. ഐസിസിയുടെ ബംഗ്ലദേശുകാരനായ പ്രസിഡന്റ് മുസ്തഫ കമാലാണ് രാജിവെക്കുമെന്ന് സൂചന നല്‍കിയത്. മത്സര ശേഷം മെല്‍ബണിലെ ഒരു ബംഗ്ലാദേശി മാധ്യമ പ്രവര്‍ത്തകനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഐസിസിയുടെ അടുത്ത യോഗത്തില്‍ തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും ഇതില്‍ നടപടി ഒന്നും ഉണ്ടായില്ലെങ്കില്‍ ചിലപ്പോള്‍ രാജിവെക്കുമെന്നും ഐസിസി പ്രസിഡന്റ് പറഞ്ഞു. മത്സരത്തില്‍ അമ്പയറിംഗ് തീരെ നിലവാരം പുലര്‍ത്തിയില്ലെന്നും രോഹിത്ത് അനുകൂലമായി എടുത്ത തീരുമാനം മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടത് പോലെയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ അംപയര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് ഐസിസി സിഇഒ വ്യക്തമാക്കി. അധ്യക്ഷന്റെ അഭിപ്രായത്തോട് മറ്റ് അംഗങ്ങളും വിയോജിപ്പ് രേഖപ്പെടുത്തി.

വ്യക്തിഗത സ്‌കോര്‍ 90ല്‍ നില്‍ക്കെ രോഹിത്ത് ക്യാച്ച് നല്‍കി പുറത്തായെങ്കിലും പാക് അമ്പയര്‍ അലീംദാര്‍ നോബോള്‍ വിളിക്കുകയായിരുന്നു. എന്നാല്‍ ഇത് നോബോളല്ലെന്ന് പിന്നീട് ടിവി റിപ്ലെകളിള്‍ തെളിഞ്ഞു. റുബല്‍ ഹുസൈന്‍ എറിഞ്ഞ നാല്‍പ്പതാമത്തെ ഓവറിലെ നാലാം പന്തിലാണ് സംഭവം. ഇതാണ് ഐസിസി പ്രസിഡന്റിനെ ചൊടിപ്പിച്ചത്.

Scroll To Top