Friday December 09, 2016
Latest Updates

രോഗിയുടെ വായ് മൂടിക്കെട്ടി സര്‍ജിക്കല്‍ ടേപ്പ് ഒട്ടിച്ച ഫിലിപ്പിനോ നഴ്‌സിന് പ്രൊബേഷന്‍ ആക്റ്റ് ശിക്ഷ 

രോഗിയുടെ വായ് മൂടിക്കെട്ടി സര്‍ജിക്കല്‍ ടേപ്പ് ഒട്ടിച്ച ഫിലിപ്പിനോ നഴ്‌സിന് പ്രൊബേഷന്‍ ആക്റ്റ് ശിക്ഷ 

സ്ലൈഗോ: രോഗിയുടെ വായ് മൂടിക്കെട്ടി സര്‍ജിക്കല്‍ ടേപ്പ് ഒട്ടിച്ച മെയ്ല്‍ നഴ്‌സിന് കോടതി പ്രൊബേഷന്‍ ആക്റ്റ് വിധിച്ചു. സ്ലൈഗോയിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നഴ്‌സായ ഫിലിപ്പൈന്‍സ്  പൌരന്‍ ബിമ്പോ പാഡെനാണ് ശിക്ഷ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി 26 നാണ് സംഭവം നടന്നത്. തലച്ചോറിലെ രക്തസ്രാവത്തിന് ചികിത്സ തേടി എത്തിയ കെവിന്‍ ക്വിന്‍ എന്ന 49 കാരന്റെ വായ് മൂടിക്കെട്ടി സര്‍ജിക്കല്‍ ടേപ്പ് ഒട്ടിച്ചു എന്നാണു കേസ്. കേസില്‍ ഇയാള്‍ക്ക് പ്രൊബേഷന്‍ ആക്റ്റ് വിധിച്ചു എങ്കിലും നഴ്‌സുമാരുടെ രജിസ്റ്ററില്‍ നിന്ന് ഇയാളുടെ പേര് നീക്കം ചെയ്യേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.

ജോലിയുടെ മാനസിക സമ്മര്‍ദ്ദം സഹിക്കാനാകാതെയാണ് പാഡെന്‍ രോഗിയുടെ മുഖത്ത് ടേപ്പ് ഒട്ടിച്ചതെന്ന് കോടതി കണ്ടെത്തി. ഇക്കാര്യം പരിഗണിച്ചാണ് നഴ്‌സസ് രജിസ്റ്ററില്‍ നിന്ന് ഇയാളുടെ പേര് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കോടതി ഒഴിവാക്കിയത്. നഴ്‌സസ് രജിസ്റ്ററില്‍ നിന്ന് പേര് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പാഡെന് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം നല്‍കുമെന്ന് കോടതി നിരീക്ഷിച്ചു. ഫിലിപ്പൈന്‍സില്‍ നിന്ന് അയര്‍ലണ്ടില്‍ കുടിയേറിയ ബിമ്പോ പാഡെന്‍ 12 വര്‍ഷത്തോളം സെന്റ് ജോണ്‍സ് ആശുപത്രിയില്‍ മെയ്ല്‍ നഴ്‌സ് ആയി ജോലി നോക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ ഇയാള്‍ക്കെതിരെ മറ്റ് പരാതികള്‍ ഒന്നുമുണ്ടായിട്ടില്ല. 

കൂടാതെ നേരത്തെ എച്ച്എസ്ഇ നടത്തിയ അന്വേഷണത്തിലും ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. ഒപ്പം ചെയ്ത തെറ്റിന് പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തു. ഇത് കൂടി പരിഗണിച്ചാണ് പാഡെനെ കടുത്ത ശിക്ഷകളില്‍ നിന്ന് ഒഴിവാക്കിയത്. മറ്റൊരു രോഗിയെ നോക്കുന്നതിനിടെ ക്വിന്‍ ഒച്ചയിട്ടതിനെ തുടര്‍ന്നാണ് വായ് മൂടിക്കെട്ടി ടേപ്പ് ഒട്ടിച്ചത്. എന്നാല്‍ ആ സമയത്തെ ജോലി സമ്മര്‍ദ്ദം മൂലമാണ് ബിമ്പോ പാഡെന്‍ ഇങ്ങനെ ചെയ്തതെന്ന വാദം കോടതി ശരിവച്ചു

Scroll To Top