Wednesday December 07, 2016
Latest Updates

രോഗിയുടെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ഫിലിപ്പീനോ നഴ്‌സ് കുറ്റം സമ്മതിച്ചു

രോഗിയുടെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ഫിലിപ്പീനോ നഴ്‌സ് കുറ്റം സമ്മതിച്ചു

ബ്ലാക്ക് റോക്ക് (ഡബ്ലിന്‍ ): രോഗിയുടെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ഫിലിപ്പീനോ നഴ്‌സ് കുറ്റം സമ്മതിച്ചു. സ്ലൈഗോയിലെ സെന്റ് ജോണ്‍സ് കമ്മ്യൂണിറ്റി ആശുപത്രിയിലെ നഴ്‌സായിരുന്ന ബിമ്പോ പാഡനാണ് കുറ്റം സമ്മതിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 26 നാണ് സംഭവം നടന്നത്. നഴ്‌സിംഗ് ജീവനക്കാരുടെ ഫിറ്റ്‌നസ് ടു പ്രാക്ടീസ് അഥവാ തുടര്‍ന്ന് ജോലി ചെയ്യാന്‍ അര്‍ഹതയുണ്ടോ എന്ന് നിര്‍ണ്ണയിക്കപ്പെടുന്ന ആദ്യത്തെ കേസാണിത്. 

ബ്ലാക്ക്‌റോക്കിലെ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫ് ബോര്‍ഡിലാണ് വിചാരണ നടക്കുന്നത്. ഇന്നലെ തുടങ്ങിയ വിചാരണ ഇന്ന് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്ലാസ്റ്റര്‍ ഒട്ടിച്ചത് ഉള്‍പ്പെടെ മൂന്ന് ചാര്‍ജുകളാണ് ബിമ്പോ പാഡനെതിരെ ചുമത്തിയിരിക്കുന്നത്. എട്ടോളം സാക്ഷികളില്‍ നിന്ന് മൊഴിയെടുക്കും. ബിമ്പോ പാഡന്‍ പരിചരിച്ചുകൊണ്ടിരുന്ന ഒരു രോഗി ഒച്ചയുണ്ടാക്കിയതില്‍ പ്രകോപിതനായാണ് ഇയാള്‍ രോഗിയുടെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചത്. 

സംഭവത്തില്‍ ഇയാള്‍ക്കെതിരെ ക്രിമിനല്‍ ചാര്‍ജുകള്‍ ചുമത്തിയിരുന്നെങ്കിലും കഴിഞ്ഞ ഏപ്രിലില്‍ സ്ലൈഗോ ജില്ലാ കോടതി ഇയാള്‍ക്ക് പ്രൊബേഷന്‍ ആക്ടിന്റെ ഇളവുകള്‍ നല്‍കിയിരുന്നു. രോഗിയുടെ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചത് ശരിയായ നടപടിയല്ലെന്ന് ബിമ്പോ പാഡന്‍ സമ്മതിച്ചതായി ഇയാളുടെ അഭിഭാഷകന്‍ നോയല്‍ വെലന്‍ സമ്മതിച്ചു. എന്നാല്‍ പ്രൊഫണല്‍ മിസ്‌കണ്ടക്റ്റ് എന്ന ചാര്‍ജിന്റെ പരിധിയില്‍ തന്റെ മോശം പെരുമാറ്റം വരില്ലെന്ന വാദത്തിലാണ് ഇയാള്‍. 

2000ത്തില്‍ അയര്‍ലണ്ടില്‍ കുടിയേറിയ ബിമ്പോ പാഡന്‍ ഏതാനും വര്‍ഷങ്ങളായിസ്ലൈഗോ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

Scroll To Top