Monday December 05, 2016
Latest Updates

രോഗികളെ മരണത്തിലേക്ക് തള്ളി വിടരുതെന്ന് ഐറിഷ് ഡോക്ടര്‍മാരുടെ സംഘടന 

രോഗികളെ മരണത്തിലേക്ക് തള്ളി വിടരുതെന്ന്  ഐറിഷ്  ഡോക്ടര്‍മാരുടെ സംഘടന 

ഡബ്ലിന്‍: ആശുപത്രി വരാന്തയില്‍ ചികിത്സയ്ക്കായി ട്രോളിയില്‍ കാത്തിരിക്കുന്ന രോഗികളെ മരണത്തിന് വിട്ടുകൊടുക്കരുതെന്ന് ഡോക്ടര്‍മാരുടെ സംഘടന. ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്‍്‌റ്‌സ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. ട്രോളികളില്‍ കാത്തിരുന്നു ചികിത്സ വൈകുന്നതിനെ തുടര്‍ന്നാണ് ആശുപത്രികളിലെ മരണ നിരക്ക് 30 ശതമാനം അധികം വര്‍ധിക്കാന്‍ കാരണമെന്ന് സംഘടനയുടെ പ്രസിഡന്റ് ഡോ. ജെറാര്‍ഡ് ക്രോട്ടി പറഞ്ഞു. ട്രോളികള്‍ കാത്തിരുന്ന് ചികിത്സ വൈകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങളില്‍ ഭൂരിപക്ഷവും ഒഴിവാക്കാനാകുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും വര്‍ഷങ്ങളായുള്ള ചെലവു ചുരുക്കല്‍ നടപടികളെ തുടര്‍ന്ന് ഐറിഷ് ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണെന്നും ക്രോട്ടി പറഞ്ഞു. യുക്തിരഹിതമായ ചെലവ് ചുരുക്കലിലൂടെ ഫ്രണ്ട് ലൈന്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ എണ്ണം കുറഞ്ഞു. ഇത് രോഗികളുടെ സ്ഥിതി വഷളാക്കി. നിലവില്‍ നല്‍കുന്നതിലും ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സ ലഭിക്കാന്‍ രോഗികള്‍ക്ക് അര്‍ഹതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള ബജറ്റ് അവതരിപ്പിക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു. 

2015 ലെ ബജറ്റില്‍ ആരോഗ്യ മേഖലയ്ക്കുള്ള ഫണ്ടിംഗ് വര്‍ധിപ്പിക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന ഡോക്ടര്‍മാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറച്ച നടപടി തെറ്റായിരുന്നെന്ന് ഗവണ്‍മെന്റ് സമ്മതിച്ചത് സ്വാഗതം ചെയ്യുന്നതായും ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞു. വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 

Scroll To Top