Friday December 02, 2016
Latest Updates

രാജ്ഞിയുടെ ഇഷ്ട്ട വിഭവങ്ങളായി നമ്മുടെ മിക്‌സ്ച്ചറും ,കശുവണ്ടിയും … ഇനി രാജയോഗം !

രാജ്ഞിയുടെ ഇഷ്ട്ട വിഭവങ്ങളായി നമ്മുടെ  മിക്‌സ്ച്ചറും ,കശുവണ്ടിയും … ഇനി രാജയോഗം !

ബ്രിട്ടനിലാണ് സംഭവം. നമ്മുടെ എലിസബത്ത് രാജ്ഞിക്ക് ഇന്ത്യന്‍ മിക്‌സ്ച്ചറിനോടും കാഷ്യു നട്ടിനോടും ഒക്കെയുള്ള പ്രത്യേക താല്‍പര്യം കഴിഞ്ഞ ദിവസം നാട്ടില്‍ പാട്ടായത് പെട്ടന്നായിരുന്നു .അമ്മ റാണിയ്ക്ക് ഏറ്റവും ഇഷ്ട്ടപെട്ട വിഭവങ്ങളില്‍ ഈ മിക്‌സ്ച്ചറും ,കശുവണ്ടിയും ഒന്നാം സ്ഥാനത്താണത്രേ . അതുകൊണ്ട് തന്നെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ പലയിടങ്ങളിലായി രാജ്ഞിക്കും അതിഥികള്‍ക്കും കഴിക്കാനായി ഇത്തരം ഭക്ഷണങ്ങള്‍ ഇന്ത്യയില്‍ നിന്നും വരുത്തി വച്ചിരുന്നു. ഏറ്റവും ഇഷ്ടമുള്ളതായതിനാല്‍ തന്നെ അതില്‍ നിന്നും ആരെങ്കിലും എടുത്താലോ എന്നു ഭയന്ന രാജ്ഞി തനിക്കാവശ്യമുള്ള സാധനങ്ങള്‍ എടുത്തശേഷം അടയാളപ്പെടുത്തുന്നതും ശീലമായിരുന്നു !. എന്നാല്‍ ഇതറിയാതെ പട്രോളിംഗിനിറങ്ങുന്ന പാവം പോലീസ്‌കാര്‍ ഈ പാത്രങ്ങളില്‍ നിന്നും രാജ്ഞിയുടെ വിഭവങ്ങളില്‍ പലതും ആരും അറിയാതെ എടുത്തു കഴിക്കുക പതിവായിരുന്നു.
ഇതു മനസിലാക്കിയ രാജ്ഞിക്ക് ദേഷ്യവും വന്നു. എന്തു ചെയ്യാന്‍? ആരാണ് കള്ളന്‍ അല്ലെങ്കില്‍ ആരൊക്കെയാണ് കള്ളന്‍മാര്‍ എന്നറിയാതെ ശിക്ഷ വിധിക്കുന്നതെങ്ങനെ. ആകെ വിഷമത്തിലായ രാജ്ഞി ഒടുവില്‍ എല്ലാ പോലിസ്‌ക്കാര്‍ക്കും മെമോ അയക്കുകയാണ് ചെയ്തത്. ഇനി അത്തരം കള്ളങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കാണിച്ചു കൊണ്ട്.
എന്നാല്‍ പട്ടാളക്കാരില്‍ പലരും തങ്ങളുടെ മോഷണം തുടരുക തന്നെ ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് ഒരു കേസ് കോടതിയുടെ മുന്നിലെത്തിയത്. എന്നാല്‍ കോടതിയില്‍ കൂടിയിരുന്നവരെല്ലാം തന്നെ വിചിത്രമായ മോഷണകഥകേട്ട് ചിരിച്ചു മണ്ണുകപ്പിയതായാണ് റിപ്പോര്‍ട്ട്.
ബ്രിട്ടീഷ് രാജ്ഞിയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട കേസ് വിചാരണയ്‌ക്കെടുത്ത സാഹചര്യത്തിലാണ് കുറ്റവാളികളാക്കപ്പെട്ട ന്യൂസ് ഓഫ് ദ വേള്‍ഡിന്റെ മുന്‍ റോയല്‍ എഡിറ്റര്‍ ക്ലൈവ് ഗുഡ്മാനും എഡിറ്റര്‍ ആന്‍ഡി കൗള്‍സിനും പരസ്പരം അയച്ചിരിക്കുന്ന ഇമെയിലില്‍ രാജ്ഞിയുടെ മിക്‌സ്ച്ചര്‍ സ്‌നേഹവും ദേഷ്യവും ഒക്കെ വിവരിച്ചിരിക്കുന്നത്.
റോയല്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ രാജ്ഞിയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതിനാണ് ഇവര്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നത്. കൊട്ടാരത്തില്‍ നടക്കുന്ന കാര്യങ്ങളും ഇവര്‍ പരസ്പരം മെയിലുകളിലൂടെ കൈമാറിയിരുന്നു. അതില്‍ പ്രിന്‍സ് ചാള്‍സിന്റെ കല്ല്യാണക്കാര്യങ്ങള്‍ വരെ ഉള്‍പ്പെട്ടിരുന്നു.
രണ്ടുപേരും 2002ലും 2003ലും 2005ലും ചില ദിവസങ്ങളില്‍ ഓഫീസ് കാര്യങ്ങള്‍ ദുരുപയോഗപ്പെടുത്തുകയും ചെയ്തതായി തെളിഞ്ഞിരുന്നു. 2000 ഒക്ടോബര്‍ മുതല്‍ 2006 ആഗസ്ത് വരെയുള്ള ഫോണ്‍വിവരങ്ങളാണ് ചോര്‍ത്തിയിട്ടുള്ളത്. പല പ്രമുഖ വ്യക്തികളും കേസിനു പിന്നില്‍ വിചാരണനേരിടുന്നുമുണ്ട്.
ഏതായാലും ബ്രിട്ടീഷ് രാജ്ഞിക്ക് ഇന്ത്യക്കാരുടെ മിക്‌സ്ച്ചറിനോടും കശുവണ്ടിയോടുമുള്ള താല്‍പ്പര്യവും ഇതോടെ വെളിയിലാക്കപ്പെട്ടു .എന്തായാലും നമ്മുടെ മിക്‌സ്ച്ചറിനും കശുവണ്ടിക്കും ഇനി രാജയോഗം വന്നേക്കും .രാജ്ഞിയുടെ ഇഷ്ട്ട വിഭവങ്ങള്‍ക്ക് എന്നും യൂറോപ്പില്‍ വന്‍ ഡിമാന്‍ഡാണ്.അയര്‍ലണ്ടിലെ ചില പ്രധാന ഐറിഷ് കടകളില്‍ പോലും’ ക്യൂന്‍ ഫെവറേറ്റ് ഇന്ത്യന്‍ മിക്‌സ്ചര്‍’ സ്ഥാനം പിടിച്ചു കഴിഞ്ഞു.

Scroll To Top