Saturday December 03, 2016
Latest Updates

രാജീവ് ഗാന്ധി വധത്തിന് പിന്നില്‍ കോണ്‍ഗ്രസെന്ന് മേജര്‍ രവി

രാജീവ് ഗാന്ധി വധത്തിന് പിന്നില്‍ കോണ്‍ഗ്രസെന്ന് മേജര്‍ രവി

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധത്തിന് പിന്നില്‍ കോണ്‍ഗ്രസെന്ന് മേജര്‍ രവി. രാജീവ് വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെങ്കില്‍ അന്വേഷണം കോണ്‍ഗ്രസ് നേതാക്കളിലേക്ക് തിരിച്ച് വിടണമെന്ന് മേജര്‍ രവി ആവശ്യപ്പെട്ടു. ലോക ഹിന്ദു കോണ്‍ഗ്രസിനോട് അനുബന്ധിച്ചു നടന്ന ഹിന്ദു മീഡിയ ഫോറത്തില്‍ നടന്ന ചര്‍ച്ചയിലാണു മേജര്‍ രവിയുടെ പരാമര്‍ശം. മരണത്തിന് തൊട്ടു മുമ്പ് ഇന്ദിരാ ഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുമ്പോള്‍ രാജീവ് ഗാന്ധിയുടെ ചുറ്റും നിരവധി കോണ്‍ഗ്രസ് നേതാക്കളുണ്ടായിരുന്നു. എന്നാല്‍ അവിടെ നിന്ന് വേദിയിലേക്ക് പോകുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാറിക്കളഞ്ഞു.

അന്ന് പിന്മാറിയ കോണ്‍ഗ്രസ് നേതാക്കളെ ചോദ്യം ചെയ്താല്‍ യഥാര്‍ത്ഥ ഘാതകരെ കണ്ടെത്താനാകുമെന്ന് മേജര്‍ രവി പറഞ്ഞു. സുബ്രമണ്യന്‍ സ്വാമി ഏറെക്കാലമായി ഇത് പറയുന്നുണ്ട്. എന്നാല്‍ സോണിയ ഗാന്ധി പറയുന്നതാണ് എല്ലാവര്‍ക്കും വിശ്വാസമെന്നും മേജര്‍ രവി പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ പിടികൂടുന്നതിനുള്ള കമാന്‍ഡോ ഓപ്പറേഷന് നേതൃത്വം കൊടുത്തവരില്‍ ഒരാളാണ് മേജര്‍ രവി. പിന്നീട് സിനിമ സംവിധായകനായ മേജര്‍ രവി രാജീവ് വധവും അനുബന്ധ വിഷയങ്ങളും പ്രമേയമാക്കിയാണ് മിഷന്‍ 90 ഡെയ്‌സ് എന്ന സിനിമ എടുത്തത്. മിഷന്‍ 90 ഡെയ്‌സിന് അനുമതി നിഷേധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ശ്രമിച്ചെന്നും മേജര്‍ രവി ആരോപിച്ചു.
കഴിഞ്ഞ 10 വര്‍ഷം രാജ്യത്ത് റിമോട്ട് കണ്‍ട്രോളില്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു യന്ത്രമായിരുന്നു പ്രധാനമന്ത്രി. എന്നാല്‍ ഇപ്പോള്‍ ശക്തനായ ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കുന്നുവെന്നും മേജര്‍ രവി പറഞ്ഞു. ഭാരത സംസ്‌കാരത്തിന് യോജിച്ച സിനിമകള്‍ മാത്രമേ താന്‍ എടുത്തിട്ടുള്ളൂ എന്നും മേജര്‍ രവി പറഞ്ഞു.

Scroll To Top