Tuesday December 06, 2016
Latest Updates

രാജിക്കത്തുമായി പി.സി. ജോര്‍ജ് മുഖ്യമന്ത്രിയെ കണ്ടു; പാര്‍ട്ടി വിട്ടാലും മുന്നണിയില്‍ തുടരാന്‍ ജോര്‍ജിന്റെ ശ്രമം

രാജിക്കത്തുമായി പി.സി. ജോര്‍ജ് മുഖ്യമന്ത്രിയെ കണ്ടു; പാര്‍ട്ടി വിട്ടാലും മുന്നണിയില്‍ തുടരാന്‍ ജോര്‍ജിന്റെ ശ്രമം

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷമായി. ചീഫ് വിപ്പ് സ്ഥാനം രാജി വെയ്ക്കാന്‍ തയാറാണെന്ന് ഇന്നലെ മാതൃഭൂമി ചാനലിനോടു പറഞ്ഞ പി.സി. ജോര്‍ജ്ജ് ഇന്ന രാവിലെ തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി രാജി സന്നദ്ധത അറിയിച്ചു. എഴുതി തയാറാക്കിയ രാജിക്കത്തുമായാണ് ജോര്‍ജ് മുഖ്യമന്ത്രിയെ കാണാന്‍ ക്ലിഫ് ഹൗസിലെത്തിയത്. എന്നാല്‍ രാജിക്കത്ത് സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല.

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയശേഷം പുറത്തെത്തിയ പി.സി. ജോര്‍ജ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി തന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യം തന്നോട് നേരിട്ട് ആവശ്യപ്പെട്ടിട്ടില്ല. കെ.എം. മാണി തന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നോടു പറഞ്ഞതായും പി.സി. ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കെ.എം. മാണി തന്നോട് രാജി വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും താന്‍ രാജി സന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്ന് പറഞ്ഞ് രാജി തല്‍ക്കാലം വേണ്ടെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫുമായി താന്‍ സംസാരിച്ചു അദ്ദേഹം തന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ജോസഫ് ഗ്രൂപ്പുകാര്‍ തന്നെ അപമാനിക്കുന്ന രീതിയില്‍ ഒരിക്കലും പെരുമാറിയിട്ടില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ബാര്‍ കോഴയില്‍ കെ.എം. മാണിക്കെതിരെ ഇനിയും മുന്നോട്ടു പോകുമോ എന്ന ചോദ്യത്തിനു കാത്തിരുന്നു കാണാം എന്നായിരുന്നു ജോര്‍ജിന്റെ മറുപടി.

ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ പി.സി. ഔദ്യോഗിക വാഹനം ഒഴിവാക്കിയായിരുന്നു ക്ലിഫ് ഹൗസിലെത്തിയത്. വിഎസ്ഡിപി എന്ന സംഘടനയുടെ വാഹനത്തിലായിരുന്നു പി.സി. എത്തിയത്. ജോര്‍ജുമായി സഹകരിച്ച് അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ നടത്തുന്ന സംഘടനയാണിത്. ചീഫ് വിപ്പ് സ്ഥാനവും കേരളാ കോണ്‍ഗ്രസ് അംഗത്വവും രാജിവെച്ചാലും യുഡിഎഫ് മുന്നണിയില്‍തന്നെ തുടരാനുള്ള ശ്രമങ്ങളാണ് പി.സി. നടത്തുന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്നലെ പി.സി. ജോര്‍ജിനെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം ആലോചിച്ചിട്ടുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ മുന്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനോട് ചോദിച്ചപ്പോള്‍ അത് മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നായിരുന്നു പിണറായിയുടെ പ്രതികരണം. അതിനര്‍ത്ഥം അങ്ങനെയൊരു സാധ്യതയെ പിണറായി പൂര്‍ണമായി തള്ളിക്കളയുന്നില്ല. നേരത്തെ പാര്‍ട്ടി വിരുദ്ധ പ്രവര്‍തത്തനങ്ങളുടെ പേരില്‍ ഇടതുമുന്നണിയില്‍നിന്ന് പി.സി. ജോര്‍ജ്ജിനെ പുറത്താക്കുകയായിരുന്നു.

Scroll To Top