Tuesday December 06, 2016
Latest Updates

രണ്ടാമത്തെ അത്ഭുതവും സ്ഥിരീകരിച്ചു :ചാവറയച്ചന്‍ വിശുദ്ധ പദവിയിലേയ്ക്ക്

രണ്ടാമത്തെ അത്ഭുതവും സ്ഥിരീകരിച്ചു :ചാവറയച്ചന്‍ വിശുദ്ധ പദവിയിലേയ്ക്ക്

റോം: വാഴ്ത്തപ്പെട്ട ചാവറയച്ചനെ വിശുദ്ധനായി ഉയര്‍ത്തുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി. ഇനി ദിവസം കൂടി പ്രഖ്യാപിക്കേണ്ടതുള്ളൂ. 1986 ഫെബ്രുവരി എട്ടിനാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അല്‍ഫോന്‍സാമ്മയോടൊപ്പം ചാവറയച്ചനെയും വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. തുടര്‍ന്ന് ചാവറയച്ചന്റെ മധ്യസ്ഥതയിലുള്ള ഒരു അത്ഭുതം കൂടി ആവശ്യമായിരുന്നു വിശുദ്ധനായി നാമകരണം ചെയ്യാന്‍. സഭ മുഴുവന്‍ ഇതിനായുള്ള പ്രാര്‍ത്ഥനയിലായിരുന്നു ഈ നാളുകളില്‍.

ഇന്നിതാ രണ്ടാമത് ഒരു അത്ഭുതം കൂടി റോം സ്ഥിരീകരിച്ചൂ. ഒരു മെഡിക്കല്‍ ഡോക്ടര്‍ പഠനവിഷയമാക്കി കേസ് അംഗീകരിച്ചിരുന്നെങ്കിലും മറ്റൊരാളുകൂടി രോഗശാന്തി സ്ഥിരീകരിക്കേണ്ടിയിരുന്നു. നാമകരണ നടപടികള്‍ക്കായുള്ള കോണ്‍ഗ്രിഗേഷന്റെ പ്രീഫെക്ട് കാര്‍ഡിനല്‍ ആഞ്ജലോ അമാത്തോയാണ് സി.എം. ഐ സഭയുടെ പൊതുകാര്യാലയത്തില്‍ ഇക്കാര്യം അറിയിച്ചത്. പാലായില്‍ നിന്നുള്ള ഒരു കുട്ടിയുടെ രൂപരഹിതമായ കണ്ണുകള്‍ സൗഖ്യമായതാണ് നാമകരണ നടപടികളുടെ ദ്രുതഗതിയിലുള്ള നടത്തിപ്പിന് നിദാനമായത്.

1805 ഫെബ്രുവരി പത്തിന് കുര്യാക്കോസ് മറിയം ദമ്പതികളുടെ ആറു മക്കളില്‍ ഇളയവനായി കുര്യാക്കോസ് കൈനകരിയിലെ ചാവറയില്‍ ജനിച്ചു. 24ാം വയസില്‍ 1829 നവംബര്‍ 29ന് വൈദികപട്ടം സ്വീകരിച്ചു. അന്ന് ഇടവക വൈദികനായിരുന്ന പാലയ്ക്കലച്ചന്‍, പോരൂക്കരയച്ചന്‍ എന്നിവരോട് ചേര്‍ന്ന് വാഴ്ത്തപ്പെട്ട ചാവറയച്ചന്‍ മാന്നാനംകുന്നില്‍ ഭാരതത്തിലെ ആദ്യ ഏതദ്ദേശീയ സന്യാസ സഭയായ സി.എം.ഐ സഭയ്ക്ക് തുടക്കമിട്ടു. 1831 മെയ് 11ന്.

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള സഭയ്ക്ക് ആത്മീയവും ബൗദ്ധികവും സാമൂഹികവുമായ മേഖലകളില്‍ ചാവറയച്ചന്‍ വഹിച്ച പങ്ക് അവിസ്മരണീയമാണ്. സീറോ മലബാര്‍ സഭയിലെ ആദ്യ മേജര്‍ സെമിനാരിയുടെ സ്ഥാപനം മുതല്‍ വാഴ്ത്തപ്പെട്ട ചാവറയച്ചനിലൂടെ കേരള സഭയ്ക്ക് ലഭിച്ച സേവനങ്ങള്‍ക്കു കണക്കില്ല.

1871 ജനുവരി മൂന്നിന് ഭാഗ്യമരണം പ്രാപിക്കും വരെ ദൈവതിരുമുമ്പില്‍ വിശ്വസ്തനായ ഈ പുണ്യപുരുഷനെ ആഗോള സഭ പൊതുവണക്കത്തിനായി ഉയര്‍ത്തുകയാണ്.

കേരള സഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലുകൂടിയാകും ഈ വിശുദ്ധ പദവി പ്രഖ്യാപനം. 2014 അവസാനത്തിന്മുമ്പ് പ്രഖ്യാപനം നടന്നേക്കും എന്നാണ് ചില അനൗദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

 

വാര്‍ത്ത:  ഫാ. റോയി പാലാട്ടി

Scroll To Top