Tuesday December 06, 2016
Latest Updates

രജിസ്റ്റര്‍ ചെയ്യാത്ത ഉപഭോക്താക്കള്‍ക്കും ബില്ലയയ്ക്കാന്‍ ഐറിഷ് വാട്ടര്‍ :ആന്‍ പോസ്റ്റ് വിവരങ്ങള്‍ കൈമാറാണമെന്ന് സര്‍ക്കാര്‍

രജിസ്റ്റര്‍ ചെയ്യാത്ത ഉപഭോക്താക്കള്‍ക്കും ബില്ലയയ്ക്കാന്‍ ഐറിഷ് വാട്ടര്‍ :ആന്‍ പോസ്റ്റ് വിവരങ്ങള്‍ കൈമാറാണമെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍ :ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ബില്‍ അയയ്ക്കാനായി സര്‍ക്കാര്‍ സംവിധാനം ഒരുക്കുന്നു.ഇതനുസരിച്ച് രാജ്യത്തെ എല്ലാ ഭവനങ്ങളുടെയും മേല്‍ വിലാസത്തിലേയ്ക്ക് ബില്‍ അയയ്ക്കാനായി ജനങ്ങളുടെ മേല്‍വിലാസം സര്‍ക്കാര്‍ ഉടന്‍ ശേഖരിക്കും.

അയര്‍ലണ്ടിലെ പോസ്റ്റല്‍ കമ്പനിയായ ആന്‍ പോസ്റ്റ് ഐറിഷ് വാട്ടറിന് വ്യക്തികളുടെ മേല്‍വിലാസങ്ങള്‍ കൈമാറണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഇത് സംബന്ധിച്ചുളള സ്റ്റാറ്റിയൂട്ടറി നിയമം പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി കഴിഞ്ഞ ആഴ്ച്ച ഒപ്പു വെച്ചു. ഐറിഷ് വാട്ടര്‍ മാസാന്തര ബില്ലുകള്‍ യഥാര്‍ത്ഥ ഇടപാടുകാരില്‍ എത്തുന്നതിന് ഈ നിയമം സഹായകരമാകും. അതേ സമയം പൗരന്മാരുടെ വ്യക്തിഗത അവകാശങ്ങളിന്‍മേലുള്ള കടന്നു കയറ്റമാണിതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

ഈ നിയമ പ്രകാരം ഹൗസിംഗ് ബോഡികള്‍ അവിടുത്തെ താമസക്കാരുടെ വിവരങ്ങള്‍ നിര്‍ബന്ധമായും ഐറിഷ് വാട്ടറിന് കൈമാറണം. 27,000 യൂണിറ്റുകളാണ് വിവിധ ഹൗസിംഗ് ബോഡികള്‍ക്ക് കീഴിലുള്ളത്. 

കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിയമ നിര്‍മ്മാണം നടത്തിയത്. 2013 ല്‍നിലവില്‍ വന്ന വാട്ടര്‍ സര്‍വീസ് ആക്റ്റിന്റെ പരിധിയിലാണ് ഈ പുതിയ നിയമവും. ഈ നിയമത്തിന്റെ സെക്ഷന്‍ 26 പ്രകാരം ഐറിഷ് വാട്ടറിന് ഇടപാടുകാരുടെ വിവരങ്ങള്‍ തേര്‍ഡ് പാര്‍ട്ടിയില്‍ നിന്നും സ്വീകരിക്കാന്‍ അധികാരം നല്‍കുന്നുണ്ട്. 

ഐറിഷ് വാട്ടറില്‍നിന്ന് കുടിവെള്ള നെറ്റുവര്‍ക്ക് കണക്ഷന്‍ എടുത്തിട്ടുള്ള ആളുകളുടെ ദേശീയ തലത്തിലുള്ള ഡേറ്റാ ബെയ്‌സ് സ്വരുക്കൂട്ടാനുള്ള ശ്രമത്തിലാണ് കമ്പനി. ബില്ലിംഗ് സിസ്റ്റത്തിലെ പിഴവുകള്‍ പരിഹരിക്കുന്നതിനായിട്ടാണ് ഇത് ചെയ്യുന്നത്. 

അതിനിടെ ഈ ശനിയാഴ്ച്ചയാണ് ഡബ്ലിനില്‍ ജലനിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിനെതിരെയുള്ള ബഹുജന റാലി സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചക്ക് ഒരു മണിയോടെ പ്രതിഷേധം നടക്കുന്ന സ്ഥലത്ത് ആളുകള്‍ എത്തിച്ചേരും പിന്നീട് ഒക്കോണല്‍ സ്ട്രീറ്റിലേക്ക് പ്രതിഷേധ റാലി സംഘടിപ്പിക്കും.

Scroll To Top